തൃശ്ശൂരിൽ രാത്രി വൈകിയും നഴ്‌സുമാരുടെ സമരം തുടരുന്നു; ആവശ്യം വേതനവർധനവ്

#സ്വന്തം ലേഖകൻ
നഴ്‌സുമാരുടെ സമരം
നഴ്‌സുമാരുടെ സമരം

തൃശ്ശൂർ: നഴ്‌സുമാരുടെ വേതനവർധനവ് ഉന്നയിച്ച് ജൂബിലി മിഷൻ, അമല ആശുപത്രികളിൽ നടക്കുന്ന സമരവുമായി ബന്ധപ്പെട്ട് തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയം. തുടർന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ നഴ്‌സുമാർ ബിഷപ്പ് ഹൗസിന് മുന്നിലെ റോഡ് ഉപരോധിച്ചു. വൈകീട്ട് ആറിനാരംഭിച്ച ഉപരോധസമരം രാത്രി വൈകിയും തുടരുകയാണ്.

ജൂബിലി മിഷന് ആശുപത്രിയിൽ നിന്ന് ബിഷപ്പ് ഹൗസിന് സമീപത്തെ റോഡിലേക്ക് നഴ്‌സുമാർ പ്രകടനം നടത്തി. ബിഷപ്പ് ഹൗസ് എത്തുംമുൻപേ സമരക്കാരെ പോലീസ് തടഞ്ഞു. തുടർന്ന് അഞ്ഞൂറോളം വരുന്ന നഴ്‌സുമാർ റോഡിൽ മണിക്കൂറുകളോളം കുത്തിയിരിപ്പുസമരം നടത്തി. സമരം 105 ദിവസം പിന്നിടുമ്പോൾ നടത്തിയ ചർച്ചയാണ് പരാജയപ്പെട്ടത്.

ഉപരോധസമരത്തിൽ പങ്കെടുത്ത ഭൂരിഭാഗവും സ്ത്രീകളായിരുന്നു. കൈക്കുഞ്ഞുങ്ങളുമായാണ് പലരും സമരത്തിനെത്തയത്. ആറുമണിക്കുശേഷം സ്ത്രീകളെ അറസ്റ്റുചെയ്യാൻ മജിസ്‌ട്രേറ്റിന്റെ അനുമതി വേണമെന്നത് പോലീസിനെ കുഴക്കി. എട്ടുമണിയോടെയാണ് പോലീസിന് അനുമതി നേടാനായത്. എന്നിട്ടും പോലീസ് അറസ്റ്റിന് മുതിർന്നില്ല.

മിനിമം വേതനം സംബന്ധിച്ച് സർക്കാർ വിജ്ഞാപനം വരുന്നതുവരെ കാത്തിരിക്കാമെന്ന മാർ താഴത്തിന്റെ നിലപാട് ചർച്ചയിൽ സമരക്കാർ അംഗീകരിച്ചില്ല. ഇടക്കാല അലവൻസെങ്കിലും വേണമെന്ന നിലപാടാണ് യു.എൻ.എ. എടുത്തത്. ഇതോടെയാണ് ചർച്ച പരാജയപ്പെട്ടത്.

Content Highlights: Negotiations between Archbishop Mar Andrews Thazhath and nurses failed., The protest has reached its 105th day., Nurses demand an interim allowance pending government notification., Protesters blocked the road in front of the Bishop's House., Majority of the protesters were women, some accompanied by infants.