വി.ബി.ജി. റാം ജി: തൃശ്ശൂരിൽ 7.59 ലക്ഷം തൊഴിൽദിനങ്ങൾ കുറഞ്ഞു; വേതനത്തിൽ 30.45 കോടിയുടെ ഇടിവ്

#ഹിരൺ എസ്. കുമാർ
പ്രതീകാത്മക ചിത്രം | Photo: AFP
പ്രതീകാത്മക ചിത്രം | Photo: AFP

തൃശ്ശൂർ: തൊഴിലുറപ്പുപദ്ധതിയിൽ തൊഴിൽദിനങ്ങൾ കുറഞ്ഞതോടെ ഗ്രാമീണമേഖലയിലെ വേതനവിതരണത്തിലും വലിയ ഇടിവ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ജില്ലയിൽ 7.59 ലക്ഷം തൊഴിൽദിനങ്ങളാണു കുറഞ്ഞത്. നിലവിലെ 401 രൂപ ദിവസവേതനം അടിസ്ഥാനമാക്കിയാൽ 30.45 കോടി രൂപയുടെ വ്യത്യാസമാണുണ്ടായത്. തൊഴിൽദിനങ്ങളിലെ കുറവ് നികത്താൻ പുതിയ പ്രവൃത്തികളേറ്റെടുത്ത് നടപ്പാക്കാനുള്ള പദ്ധതിയിലാണ് വി.ബി.ജി. റാംജി ജില്ലാ മിഷനും തദ്ദേശസ്ഥാപനങ്ങളും.

കാരണങ്ങൾ പലത്...

: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് വി.ബി.ജി. റാംജി പദ്ധതിയിലേക്ക് മാറിയതിനു പിന്നാലെയാണ് തൊഴിൽദിനങ്ങളിൽ ഇടിവുണ്ടായത്. 2025 നവംബർ 20 വരെ 27,30,438 തൊഴിൽദിനങ്ങൾ സൃഷ്ടിച്ചപ്പോൾ ഈ വർഷം ഇതേ കാലയളവിൽ 19,70,848 തൊഴിൽദിനങ്ങൾ മാത്രമാണുണ്ടായത്. 27.82 ശതമാനമാണു കുറവ്.

തൊഴിൽ ലഭിച്ച കുടുംബങ്ങളുടെ എണ്ണം 63,083-ൽനിന്ന് 45,203 ആയി കുറഞ്ഞു. മുൻപ് ജില്ലയിലെ തൊഴിലുറപ്പ് തൊഴിൽദിനങ്ങളുടെ വലിയൊരു പങ്കും തരിശുഭൂമിവികസനം, മൺകൈയാലനിർമാണം തുടങ്ങിയ ഭൂവികസനപ്രവൃത്തികളിലൂടെയായിരുന്നു. എന്നാൽ, പുതിയ പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഇത്തരം പ്രവൃത്തികൾ അനുവദനീയ തൊഴിലുകളുടെ പട്ടികയിൽ ഉൾപ്പെടാതിരുന്നത് തൊഴിൽദിനങ്ങളെ ബാധിച്ചെന്നാണ് വിലയിരുത്തൽ.

കുറവ്‌ നികത്താൻ പുതിയ പ്രവൃത്തികൾ

: വനംവകുപ്പുമായി സഹകരിച്ച് ജില്ലയിലെ അഞ്ച് ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള പഞ്ചായത്തുകളിൽ കാട്ടുതീപ്രതിരോധത്തിനായുള്ള ഫയർലൈൻ നിർമാണം ഈ മാസം ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതിനൊപ്പം മണ്ണ്-ജലസംരക്ഷണപ്രവൃത്തികളും വ്യാപകമാകുന്നതോടെ കൂടുതൽ തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജില്ലാ മിഷൻ.

തൊഴിൽദിനങ്ങളിലുണ്ടായ കുറവ് പരിഹരിക്കാൻ ഈയിടെ അനുവദനീയപ്രവൃത്തികളുടെ പട്ടിക 318-ൽ നിന്ന് 375 ആയി ഉയർത്തിയിട്ടുണ്ട്. ഇതിൽ തെങ്ങിൻതോപ്പുകളിലും മറ്റ് കൃഷിയിടങ്ങളിലും മണ്ണിലെ ഈർപ്പത്തെ സംരക്ഷിക്കാനുള്ള ട്രെഞ്ച് നിർമാണം മുതലായവ ഉൾപ്പെടുത്തുകയും ചെയ്തു. ഇത്തരം പ്രവൃത്തികളേറ്റെടുക്കാൻ ഭൂവുടമകളും കർഷകരും താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

വലിയ മുന്നേറ്റം സാധ്യമാക്കും

‘‘ഗ്രാമീണ അടിസ്ഥാനസൗകര്യവികസനം, ഉപജീവനോപാധികൾ, ജലസംരക്ഷണം, ദുരന്തലഘൂകരണം എന്നീ നാല് പ്രധാനവിഭാഗങ്ങളിലായി ഏറ്റെടുക്കാവുന്ന 375 ഇനം പ്രവൃത്തികൾ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത് ജില്ലയിലെ തൊഴിൽലഭ്യത ഗണ്യമായി വർധിപ്പിക്കുന്നതിനൊപ്പം ഗ്രാമീണമേഖലയിൽ വലിയ വികസനമുന്നേറ്റവും സാധ്യമാക്കും.’’

- ബിനു ജോൺ, ജോയിന്റ് പ്രോഗ്രാം കോഡിനേറ്റർ, വി.ബി. ജി. റാംജി പദ്ധതി, തൃശ്ശൂർ

Content Highlights: Thrissur district experienced a reduction of 7.59 lakh job days compared to the previous year., The transition to the VBG Ramji scheme and initial exclusion of land development works contributed to the drop., Authorities have increased allowed works from 318 to 375 to boost employment., New initiatives like fireline construction and soil-water conservation are being rolled out.