അഞ്ചുപേർ ലോറികയറി മരിച്ചിട്ട് മൂന്നുമാസം; എവിടെ പ്രഖ്യാപിച്ച സഹായം....

#ആർ. അജേഷ്
കനിവുതേടി.... തൃശ്ശൂർ നാട്ടികയിൽ റോഡരികിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ചിത്ര ചെമ്മണാംതോട്ടിലെ ഒറ്റമുറി വീട്ടിൽ. ചിത്രയുടെ മകൻ ജീവ ഉൾപ്പെടെ അഞ്ചുപേർ അപകടത്തിൽ മരിച്ചു
കനിവുതേടി.... തൃശ്ശൂർ നാട്ടികയിൽ റോഡരികിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന ചിത്ര ചെമ്മണാംതോട്ടിലെ ഒറ്റമുറി വീട്ടിൽ. ചിത്രയുടെ മകൻ ജീവ ഉൾപ്പെടെ അഞ്ചുപേർ അപകടത്തിൽ മരിച്ചു

പാലക്കാട്: മദ്യപിച്ച്‌ ലക്കുകെട്ട ക്ലീനർ ഓടിച്ച ലോറികയറി അഞ്ച്‌ ജീവനുകൾ പൊലിഞ്ഞിട്ട് ബുധനാഴ്ചയ്‌ക്ക്‌ മൂന്നുമാസം തികയുന്നു. പാലക്കാട് മീങ്കരഡാം ചെമ്മണാംതോട് കോളനി നിവാസികളായ, ആക്രി പെറുക്കിവിറ്റ് ജീവിക്കുന്ന ഇവരുടെ കുടുംബങ്ങൾക്ക് അന്ന് സർക്കാർ പ്രഖ്യാപിച്ച സഹായധനം ഇതുവരെയും ലഭിച്ചിട്ടില്ല. മരുന്നിനുമാത്രമല്ല ഭക്ഷണത്തിനുപോലും ഗതിയില്ലാത്ത നിലയിലാണ് അന്ന് പരിക്കുകളോടെ രക്ഷപ്പെട്ടവർ.

‘എന്റെ മകനടക്കം ഉറ്റവരിൽ അഞ്ചുപേരും പോയി. എനിക്കും വയ്യ. ടയർ കയറിയിറങ്ങിയ വലതുകൈപ്പത്തി മടക്കാനാവില്ല. നട്ടെല്ലിനും കഴുത്തിന് പുറകിലും പരിക്കുണ്ട്. ഏറെനേരം എഴുന്നേറ്റ് നിൽക്കാനോ പണിചെയ്യാനോ പറ്റില്ല. നല്ല വേദനയാണ്. നാലുതരം മരുന്നുണ്ട്. പണിക്കൊന്നും പോകാൻവയ്യ. മാവിൻതോട്ടത്തിൽ പണിക്കുപോകുന്ന ഭർത്താവിന്റെ വരുമാനംകൊണ്ടാണ് ജീവിക്കുന്നത്’ -അപകടത്തിൽ മകനെയും ബന്ധുക്കളെയും നഷ്ടപ്പെട്ട, ചിത്രയുടെ വാക്കുകളിൽ നിസ്സഹായത.

‘‘പരിക്കുകളോടെ രക്ഷപ്പെട്ടവർക്ക് അടിയന്തര സഹായമായി 2,000 രൂപ വീതം കിട്ടി. മരിച്ച കുട്ടികളുടെ പേരിൽ 5,000 രൂപയും മുതിർന്നവർക്ക് 10,000 രൂപയും തന്നു. പക്ഷേ, മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നൽകാമെന്നുപറഞ്ഞ പണം ഇതുവരെ കിട്ടിയിട്ടില്ല’’ -ചിത്ര പറഞ്ഞു.

2024 നവംബർ 26-നായിരുന്നു തൃശ്ശൂരിലെ നാട്ടികയിൽ അപകടം. ഗതാഗതം നിരോധിച്ച റോഡരികിൽ കിടന്നുറങ്ങുകയായിരുന്ന പാലക്കാട് മീങ്കരഡാം ചെമ്മണാംതോട് കോളനിയിലെ ചിത്രയുടെ മകൻ ജീവ (നാല്), ചിത്രയുടെ സഹോദരൻ കാളിയപ്പൻ, കാളിയപ്പന്റെ ഭാര്യ നാഗമ്മ, ഇവരുടെ മകനായ വിജയ്‌യുടെ ഭാര്യ രാജേശ്വരി (20), മകൻ വിശ്വ (ഒന്ന്) എന്നിവരാണ് മരിച്ചത്. ചിത്രയ്ക്കും ഭർത്താവ് രമേശിനുമടക്കം അഞ്ചുപേർക്ക് പരിക്കും ഏറ്റിരുന്നു. വിജയ് ഇപ്പോഴും തൃശ്ശൂരിലാണുള്ളത്.

ഷീറ്റിട്ട രണ്ട് ചെറിയ ഒറ്റമുറി വീടുകളിലായാണ് ഈ കുടുംബങ്ങളുടെ താമസം. ബന്ധുക്കളടക്കം 15 ലധികം പേരുണ്ടിവിടെ. ശൗചാലയമോ കുളിമുറിയോ ഇല്ല. ഇവർക്ക് ജാതിസർട്ടിഫിക്കറ്റിനായി ഏറെക്കാലമായി നടക്കുന്നുണ്ടെങ്കിലും ലഭിക്കുന്നില്ലെന്ന് പൊതുപ്രവർത്തകയും അയൽവാസിയുമായ ബീനഷാജി പറയുന്നു. വരുമാനം കുറവായതിനാൽ ഭക്ഷണത്തിനുൾപ്പെടെ കഷ്ടപ്പെടുന്നുണ്ട്. സുമനസ്സുകളുടെ സഹായത്തോടെ പലപ്പോഴും ഭക്ഷണസാധനങ്ങൾ എത്തിച്ചുനൽകുന്നുണ്ടെന്നും ഇവർ പറഞ്ഞു.

ഫണ്ട് വന്നിട്ടുണ്ട്; ഉടൻ കൈമാറും

മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകാനായി സർക്കാരിൽനിന്ന് ഫണ്ട് വന്നിട്ടുണ്ട്. രണ്ട് ലക്ഷംരൂപ വീതമാണ് സഹായം. ആശ്രിതരെ കണ്ടെത്തി അവരുടെ അക്കൗണ്ടുകളിലേക്ക് തുക നൽകും. ഇതിനായി ചിറ്റൂർ തഹസിൽദാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്

- കെ. മണികണ്ഠൻ (അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, പാലക്കാട്).

വേഗം ഇടപെട്ടു

കുടുംബങ്ങൾക്ക് സഹായം ഉറപ്പാക്കാൻ മുഖ്യമന്ത്രിക്ക് കത്തുനൽകിയിരുന്നു. സർക്കാർ വേഗം ഇടപെട്ട് ഓരോരുത്തർക്കും രണ്ടുലക്ഷംരൂപവീതം അനുവദിച്ചു. നടപടി പൂർത്തിയാക്കി ഉടൻ തുക കൈമാറും. വീടുനിർമിച്ച്‌ നൽകുന്നതിന് അർഹരാണോയെന്ന് പരിശോധിച്ച്, ഭൂമിസംബന്ധമായ രേഖകൾ ഉറപ്പാക്കും. അക്കാര്യം താലൂക്ക് സഭയിലും ചർച്ചചെയ്യും.

- കെ. ബാബു എം.എൽ.എ.

Content Highlights: thrissur lorry accident death-three months-no compensation