2024-ല്‍ വോട്ടര്‍മാര്‍ ഏറ്റവുംകൂടിയത് തൃശ്ശൂരില്‍; വര്‍ധിച്ചത് 1,46,673 വോട്ട്

തൃശ്ശൂര്‍: 2024-ലെ ലോക്സഭാതിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍ പുതിയ വോട്ടര്‍മാര്‍ പട്ടികയില്‍ ഇടംപിടിച്ചത് തൃശ്ശൂരില്‍. 2019-നെക്കാള്‍ സംസ്ഥാനത്ത് ആകെകൂടിയത് 16,02,172 വോട്ടുകളാണ്. ഇതില്‍ തൃശ്ശൂരില്‍ കൂടിയത് 1,46,673 വോട്ട്. തൃശ്ശൂരിനുപുറമേ, വടകര (1,35,866), വയനാട് (1,04,793), കോഴിക്കോട് (1,14,484), മലപ്പുറം ( 1,10,170), പൊന്നാനി (1,14,457) മണ്ഡലങ്ങളിലാണ് ഒരുലക്ഷത്തിനുമേല്‍ വോട്ടുകൂടിയത്.
ജനുവരി 22-ന് അന്തിമ വോട്ടര്‍പട്ടിക പുറത്തുവന്നതിനുശേഷവും പേരുചേര്‍ക്കാന്‍ അവസരം നല്‍കിയിരുന്നു. ഈ ഘട്ടത്തില്‍ സംസ്ഥാനത്ത് ഏറ്റവുംകൂടുതല്‍പേര്‍ വോട്ടര്‍പട്ടികയില്‍ ഇടംപിടിച്ചതും തൃശ്ശൂരിലാണ്. മാര്‍ച്ച് 25 വരെയുള്ള ചെറിയ കാലയളവില്‍ മുപ്പതിനായിരത്തോളം പേരാണ് പട്ടികയിലുള്‍പ്പെട്ടത്.
വോട്ടര്‍പട്ടിക പരിശോധനവാരം നടത്തും- വി.ഡി. സതീശന്‍
വരാന്‍പോകുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുന്നോടിയായി വാര്‍ഡുകള്‍ തോറും കോണ്‍ഗ്രസ് വോട്ടര്‍പട്ടിക പരിശോധനവാരം നടത്തുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഉത്തരേന്ത്യന്‍ മാതൃകയിലുള്ള വോട്ടുതട്ടിപ്പാണ് കേരളത്തിലേക്കുമെത്തുന്നത്. തൃശ്ശൂരില്‍ വ്യാപകമായി വ്യാജവോട്ടുകള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്.
ഇതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുകൊണ്ടുവരും. വരുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മാത്രമല്ല, മറ്റു മുഖ്യധാരാ രാഷ്ട്രീയപാര്‍ട്ടികളും ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ്.
ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും സംരക്ഷിക്കുന്നതിനായി വലിയ പോരാട്ടത്തിലാണ് രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും. ലോകചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന സമരമാണിതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ജനവിധി അട്ടിമറിച്ചു- കെ. മുരളീധരന്‍
ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് ചേര്‍ത്ത വോട്ടുകള്‍ തൃശ്ശൂരിലെ ജനവിധി അട്ടിമറിച്ചതായി കോണ്‍ഗ്രസ് നേതാവും തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയുമായിരുന്ന കെ. മുരളീധരന്‍ പറഞ്ഞു.
തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ കളക്ടറെ അറിയിച്ചിരുന്നു. എന്നാല്‍, പരാതി അവഗണിച്ച് നിഷേധാത്മകസമീപനം സ്വീകരിച്ചു. മോദിയുടെ തൃശ്ശൂര്‍ സന്ദര്‍ശനം മുതല്‍ ഗൂഢാലോചനകള്‍ നടന്നു. തൃശ്ശൂരിലെ വോട്ടുക്രമക്കേട് ആരോപണത്തില്‍ സമഗ്രാന്വേഷണം വേണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.
ഇരട്ടവോട്ടുകള്‍ വ്യാപകം-ജോസ് വള്ളൂര്‍
ലോക്സഭാ മണ്ഡലത്തിലെ 1,275 ബൂത്തുകളില്‍ പരിശോധന നടത്തിയപ്പോള്‍ 642 ബൂത്തുകളിലും ഫ്‌ലാറ്റുകള്‍, വീടുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് കള്ള വോട്ടുകള്‍ ചേര്‍ത്തതായി കണ്ടെത്തിയെന്ന് ഡിസിസി മുന്‍ പ്രസിഡന്റ് ജോസ് വള്ളൂര്‍ പറഞ്ഞു.
ഓരോ ബൂത്തിലും 50 മുതല്‍ 100 വരെ വ്യാജ വോട്ടുകളാണ് ചേര്‍ത്തത്. ഇങ്ങനെ വോട്ടു ചേര്‍ത്തവര്‍ക്ക് ഇരട്ടവോട്ട് ഉണ്ടെന്ന് ഉറപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും ജോസ് വള്ളൂര്‍ പറഞ്ഞു.
പ്രസ്താവന കൊണ്ട് ക്രമക്കേടുകളെ ന്യായീകരിക്കരുത് -ജോസഫ് ടാജറ്റ്
തൃശ്ശൂര്‍: ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ നടന്ന വോട്ടര്‍പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആരും പരാതി നല്‍കിയില്ലെന്നു പറഞ്ഞതുകൊണ്ട് ക്രമക്കേടുകളെ ന്യായീകരിക്കാനാകില്ലെന്ന് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പറഞ്ഞു. തിരഞ്ഞെടുപ്പുവേളയില്‍ത്തന്നെ വ്യാജ വോട്ടര്‍മാരെക്കുറിച്ച് വിശദവിവരങ്ങള്‍ സഹിതം പരാതികള്‍ നല്‍കിയിരുന്നു.
പരാതി പരിഗണിക്കുമ്പോള്‍ കൊടുത്തയാളെയും പരാമര്‍ശിക്കപ്പെടുന്ന വ്യക്തിയെയും വിളിച്ചുവരുത്തിയാണ് ഹിയറിങ് നടത്തേണ്ടത്. ഏറെ സാങ്കേതികവും അപ്രായോഗികവുമായ ഒന്നായതിനാല്‍ തിരഞ്ഞെടുപ്പുകമ്മിഷന്‍ ഇത്തരത്തിലുള്ള പരാതികള്‍ ബിഎല്‍ഒമാര്‍ വഴി മരിച്ചവരെ നീക്കംചെയ്യുന്നതുപോലെ നീക്കംചെയ്യേണ്ടതാണ്. പക്ഷേ, ഇലക്ഷന്‍ കമ്മിഷനും ബിജെപിക്കാരും അട്ടിമറിയെ ദുര്‍ബലമായ വാദങ്ങള്‍ നിരത്തി ന്യായീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
'ഞങ്ങള്‍ ചേര്‍ത്തതുപോലെ നിങ്ങള്‍ക്കും ചേര്‍ക്കാമായിരുന്നില്ലേ' എന്നായിരുന്നു ഒരു ബിജെപി നേതാവിന്റെ ചോദ്യം. അധാര്‍മ്മികമായ മാര്‍ഗങ്ങള്‍ കോണ്‍ഗ്രസ് സ്വീകരിക്കില്ല എന്നാണ് അതിന് നല്‍കാനുള്ള മറുപടി. ഇത്രയേറെ ക്രമക്കേടുകളുണ്ടെന്ന് ബോധ്യമായിട്ടും ഇലക്ഷന്‍ കമ്മിഷന്‍ ഒരു നടപടിയും സ്വീകരിക്കാത്തത് തെറ്റിനെ അംഗീകരിക്കുന്നതിന് തുല്യമാണ്. തുടര്‍ദിവസങ്ങളില്‍ വ്യാജവോട്ടുകള്‍ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ തെളിവുസഹിതം കോണ്‍ഗ്രസ് പുറത്തുവിടുമെന്നും സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.
തൃശ്ശൂരിലെ കള്ളവോട്ട് ആരോപണം അന്വേഷിക്കണം -മന്ത്രി
കണ്ണൂര്‍: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വ്യാപകമായി കള്ളവോട്ട് ചേര്‍ത്തുവെന്ന ആരോപണം സമഗ്രമായി അന്വേഷിക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. തൃശ്ശൂരിലടക്കം നടന്നത് ജനവിധി അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്രസര്‍ക്കാരിന്റെ വാലായാണ് പ്രവര്‍ത്തിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പ് അട്ടിമറികളെക്കുറിച്ച് സമഗ്രാന്വേഷണം വേണമെന്ന പ്രതിപക്ഷകക്ഷികളുടെ ആവശ്യത്തോട് മുഖംതിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍.
അഞ്ച് എംപിമാരടക്കം 160 യാത്രക്കാരുണ്ടായിരുന്ന തിരുവനന്തപുരം -ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വന്‍ ദുരന്തത്തില്‍നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഇക്കാര്യത്തില്‍ സമഗ്രമായ അന്വേഷണത്തിന് കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണം. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണമെന്താണെന്ന് കണ്ടുപിടിക്കാന്‍ ഇത്രയും വൈകുന്നത് എന്തുകൊണ്ടെന്നും മന്ത്രി ചോദിച്ചു.
Content Highlights: Thrissur has recorded the highest increase in new voters in Kerala for the 2024 Lok Sabha election