തൃശ്ശൂര്‍ ജില്ലയില്‍ 2016-നുശേഷം 420 കുഷ്ഠരോഗ ബാധിതര്‍; 28 പേര്‍ കുട്ടികള്‍

തൃശ്ശൂര്‍: ജില്ലയില്‍ ഒന്‍പതു വര്‍ഷത്തിനുള്ളില്‍ പുതുതായി കുഷ്ഠരോഗം സ്ഥിരീകരിച്ചത് 420 പേരില്‍. ഇതില്‍ 28 പേര്‍ കുട്ടികളാണ്. 2018-19 വര്‍ഷത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 10 കുട്ടികളടക്കം 83 പേര്‍. ഇതിനുപുറമേ, കുഷ്ഠരോഗംമൂലം അംഗവൈകല്യമുണ്ടായശേഷം രോഗം നിര്‍ണയിക്കപ്പെടുന്ന സാഹചര്യവുമുണ്ട്.
രോഗനിര്‍ണയത്തിനായുള്ള അശ്വമേധം ഭവനസന്ദര്‍ശനപരിപാടിയുടെ ആറാംഘട്ടം വ്യാഴാഴ്ച തുടങ്ങി. പരിശീലനം ലഭിച്ച വൊളന്റിയര്‍മാരാണ് വീടുകളിലെത്തി പരിശോധന നടത്തുക.
- കുഷ്ഠരോഗം ബാക്ടീരിയ മൂലമുണ്ടാകുന്ന രോഗമാണ്. വായുവിലൂടെയാണ് രോഗം പകരുന്നത്.
- തൊലിപ്പുറത്തു കാണുന്ന സ്പര്‍ശനശേഷി കുറഞ്ഞ, നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകള്‍, തടിപ്പുകള്‍, തടിച്ചതും തിളക്കമുള്ളതുമായ ചര്‍മം, വേദനയില്ലാത്ത വ്രണം, ഉണങ്ങാത്ത വ്രണം, കൈകാലുകളിലെ മരവിപ്പ്, വൈകല്യം, കണ്ണടയ്ക്കാനുള്ള പ്രയാസം എന്നിവ ലക്ഷണങ്ങളാകാം.
- പൂര്‍ണമായും ചികിത്സിച്ചു ഭേദമാക്കാന്‍ സാധിക്കും.
- എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും കുഷ്ഠരോഗത്തിന് സൗജന്യചികിത്സ ലഭിക്കും.
- ആരംഭത്തിലേ ചികിത്സിച്ചാല്‍ അംഗവൈകല്യങ്ങള്‍ തടയാം.
Content Highlights: 420 new leprosy cases reported in Thrissur district since 2016, including 28 children