തൃശ്ശൂർ നഗരം വിറപ്പിച്ച് കലിപൂണ്ട കൊമ്പൻ; ഇടഞ്ഞത് തെക്കേഗോപുരനടയിൽവെച്ച് ഫോട്ടോ എടുക്കുമ്പോൾ

ഇടഞ്ഞോടിയെത്തി കണ്ണിൽക്കണ്ടതെല്ലാം തകർത്തെറിഞ്ഞ് നാടിനെ വിറപ്പിച്ച ആനയെക്കണ്ട് വിരണ്ടവരുടെ വിട്ടുമാറാത്തഭീതിയാണ് ഗാന്ധിനഗറിൽ. ചുറ്റും തകർന്ന മതിലുകളും വാഹനങ്ങളും... ആനക്കലിയുടെ ബാക്കിപത്രമായി വേറെയുമുണ്ട്…
ആനക്കൊമ്പിൽ കോർത്ത സംഗീതയുടെ കാറിനു മുന്നിലാണ് ഗാന്ധിനഗറിൽ താമസിക്കുന്ന ഉനൈസിന്റെ കാർ ഉണ്ടായിരുന്നത്. സംഗീതയുടെ കാർ കൊമ്പിൽക്കോർത്തതുപോലെ ഇതും കോർക്കേണ്ടതായിരുന്നു. പക്ഷേ, തലനാരിഴിടയ്ക്ക് രക്ഷപ്പെടാനായെന്ന് ഉനൈസ് പറയുന്നു. ഒരു വളവുകഴിഞ്ഞ ഉടനെയാണ് ഉനൈസ് ആന ഓടിവരുന്നത് കാണുന്നത്. ഓൺലൈൻ ടാക്‌സിഡ്രൈവറായ ഇദ്ദേഹം ജോലിക്കായി പുറപ്പെടുകയായിരുന്നു. കാർ വളവു കഴിഞ്ഞിരുന്നതിനാൽ ദൂരേനിന്നുതന്നെ ആന വരുന്നത് കണ്ടു. പിന്നിൽ സംഗീതയുടെ കാർ ആണ്. ഇവരോട് പിന്നിലേക്ക് എടുക്കാൻ ആവശ്യപ്പെട്ടു. സംഗീത അവർ വന്ന വഴിയിലേക്കുതന്നെ പോയപ്പോൾ തൊട്ടടുത്ത വഴിയിലൂടെ പിന്നിലേക്കെടുത്താണ് ഉനൈസ് രക്ഷപ്പെട്ടത്. സംഗീത വണ്ടി പിന്നിലേക്ക് വേഗം എടുത്തതിനാൽ മാത്രമാണ് താൻ രക്ഷപ്പെട്ടതെന്ന് ഉനൈസ് പറയുന്നു. അതുകൊണ്ടാണ് വഴിമാറിപ്പോകാൻ സാധിച്ചത്. അല്ലെങ്കിൽ ആദ്യം തകർക്കുന്നത് തന്റെ കാറായിരിക്കുമെന്ന് ഉനൈസ് ചങ്കിടിപ്പോടെ ഓർക്കുന്നു.
തരിപ്പണമായി ബൈക്കുകൾ
ബി.ജെ.പി.സംസ്ഥാന ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണന്റെ വീടിന്റെ മുൻവശം ഇടഞ്ഞ കൊമ്പൻ ഇരുചക്രവാഹനങ്ങളുടെ ആക്രിയാക്കി. സ്‌കൂട്ടിയും ബുള്ളറ്റും ഉൾപ്പെടെ അഞ്ച് ഇരുചക്രവാഹനങ്ങളാണ് തകർത്തത്. പെയിന്റിങ്ങിനും പോളിഷിങ്ങിനുമായി 11 ജോലിക്കാരാണ് ഈ വീട്ടിലുണ്ടായിരുന്നത്. ഇവർ വന്ന ഇരുചക്രവാഹനങ്ങളാണ് ആന നശിപ്പിച്ചത്. ഇതിൽ ഒരു വാഹനം ആന പൊക്കിയെറിയുകയായിരുന്നുവെന്ന് പണിക്കാരിൽ ഒരാളായ വെട്ടുകാട് സ്വദേശി അജി പറഞ്ഞു. തുടർന്ന് മറ്റ് ഇരുചക്രവാഹനങ്ങളെല്ലാം ചവിട്ടിയും കുത്തിയും നശിപ്പിച്ചു. ഒൻപതേകാലോടുകൂടിയാണ് വാഹനങ്ങൾ വീടിനുമുന്നിൽവെച്ച് പണി തുടങ്ങിയതെന്ന് അജി പറഞ്ഞു. ഒൻപതരയോടെയാണ് ആന അതിക്രമങ്ങൾ കാണിക്കുന്നത്. ആന വരുന്നതിന് മിനിറ്റുകൾക്കുമുൻപ് തൊട്ടടുത്ത ട്യൂഷൻസെന്ററിൽനിന്നുള്ള കുട്ടികൾ റോഡിലുണ്ടായിരുന്നുവെന്ന് ഇദ്ദേഹം പറഞ്ഞു. ഈ സമയത്താണ് ആന വന്നിരുന്നതെങ്കിൽ സ്ഥിതി കൂടുതൽ മോശമായേനേ.
വഴിയിലും കലിപ്പ്
തെക്കേഗോപുരനടക്കരികിൽനിന്ന് പൂരംപ്രദർശന നഗരിക്കുമുന്നിലൂടെ ആന റൗണ്ടിലേക്കിറങ്ങുകയായിരുന്നു. നാലു ബസുകൾക്കിടയിലൂടെയാണ് ഇത് റൗണ്ട് മുറിച്ചുകടന്നത്. പക്ഷേ, അക്രമമൊന്നും ഉണ്ടാക്കിയില്ല. ബസിലുള്ളവരുൾപ്പെടെ ഭയന്നുവിറച്ചു. പിന്നീട് നേരേ പാലസ് റോഡിലേക്കു കയറി. ഇവിടെ ഇതായിരുന്നില്ല സ്ഥിതി. മിനിസിവിൽസ്റ്റേഷനു സമീപത്തെ പോസ്റ്റ്ഓഫീസിനുമുന്നിലെ ഇരുമ്പുഷീറ്റ് ഇളക്കിയെറിഞ്ഞു. ടൗൺഹാളിനുമുന്നിൽ വെച്ച് ആന അക്രമാസക്തനായി. അവിടെയുണ്ടായിരുന്ന കാർ തകർത്ത് മതിലിനുമുകളിൽ കയറ്റിവെച്ചു. മതിലും തകർത്തു. അവിടെയുണ്ടായിരുന്ന ഓട്ടോയും തകർത്തു. തുടർന്ന് വിയ്യൂർറോഡിലൂടെ ഗാന്ധിനഗറിലേക്കു നീങ്ങി. പിന്നീടാണ് കൂടുതൽ ആക്രമണങ്ങൾ നടത്തിയത്.
'നഷ്ടപരിഹാരം ഉറപ്പിച്ചിട്ട് കൊണ്ടുപോയാൽമതി'
വൻതോതിൽ നാശനഷ്ടമുണ്ടാക്കിയ ആനയെ തളച്ചതിനുശേഷം കൊണ്ടുപോകാനൊരുങ്ങിയപ്പോൾ ''നഷ്ടപരിഹാരം ഉറപ്പിച്ചിട്ട് കൊണ്ടുപോയാൽമതി'' എന്ന ആവശ്യം ഉയർന്നു. സ്ഥലവാസിയും ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനുമായ അഡ്വ.ബി. ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് ഈ ആവശ്യമുയർത്തിയത്. ആനയെ കൊണ്ടുപോയാൽപ്പിന്നെ നഷ്ടപരിഹാരത്തെക്കുറിച്ചു പറയാൻ ആരുമുണ്ടാകില്ലെന്നായിരുന്നു ഇവരുടെ പരാതി. ഇതുസംബന്ധിച്ച് ജനപ്രതിനിധികളിലാരെങ്കിലും ഉറപ്പുനൽകണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് ആവശ്യപ്പെടാമെന്ന മന്ത്രി ഒ.ജെ. ജനീഷ്, രാജൻ പല്ലൻ എം.എൽ.എ., മേയർ ഡോ.നിജി ജസ്റ്റിൻ എന്നിവരുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്.
വഴിപാടിനെത്തി, അക്രമാസക്തനായി
ശിവം ലക്ഷ്മി അയ്യപ്പൻ തൃശ്ശൂരിലെത്തുന്നത് വഴിപാടുകൾക്കും ക്ഷേത്രദർശനത്തിനുമായിട്ടായിരുന്നു. പക്ഷേ, പാതിവഴിയിൽ ആന കൈവിട്ടതോടെ അന്തരീക്ഷം രൗദ്രതയിലേക്കുമാറി. വ്യാഴാഴ്ച ഈ ആനയെ തൃപ്രയാർക്ഷേത്രത്തിൽ വഴിപാടായി ശീവേലിക്ക് എഴുന്നള്ളിച്ചിരുന്നു. വെള്ളിയാഴ്ച തിരുവമ്പാടിക്ഷേത്രത്തിലും ഇത്തരത്തിൽ ഉഷഃശീവേലിക്ക് എഴുന്നള്ളിച്ചു. ശനിയാഴ്ച രാവിലെ പാറമേക്കാവിൽ തൊഴീക്കുകയും ചെയ്തു. വടക്കുന്നാഥക്ഷേത്രത്തിൽ ദർശനം നടത്താനും പദ്ധതിയുണ്ടായിരുന്നു.
പാറമേക്കാവിൽ തൊഴുതശേഷം തേക്കിൻകാട് മൈതാനിയിലൂടെ തെക്കേഗോപുര നടയിലെത്തിയപ്പോഴാണ് പ്രശ്‌നത്തിന്റെ തുടക്കം. തെക്കേഗോപുരനടയിൽവെച്ച് ഫോട്ടോ എടുക്കുമ്പോഴാണ് ഇടഞ്ഞത്. അതുവരെ യാതൊരു പ്രശ്‌നവും കാണിക്കാത്ത ആന പെട്ടെന്ന് ഇടയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആനയെ വടക്കുന്നാഥക്ഷേത്രത്തിൽക്കൂടി തൊഴീക്കാനായാണ് തേക്കിൻകാട് മൈതാനിയിലേക്കു വന്നത്. എന്നാൽ, വടക്കുന്നാഥക്ഷേത്രത്തിലെത്തുംമുൻപേ ആന ഇടഞ്ഞു.
റൗണ്ടിലേക്കായിരുന്നെങ്കിലോ...
രാവിലെ നല്ലതിരക്കുള്ള സമയത്ത് റൗണ്ട് മുറിച്ചുകടന്നാണ് ശിവം ലക്ഷ്മി അയ്യപ്പൻ താരതമ്യേന തിരക്കുകുറഞ്ഞ പാലസ് റോഡിലേക്ക് കടക്കുന്നത്. പിന്നീട് അതിലും തിരക്കുകുറഞ്ഞ വിയ്യൂർ റോഡിലേക്കും. ഇതിനുപകരം റൗണ്ടിലേക്കാണ് ആനയിറങ്ങിയതെങ്കിൽ എന്ന ആലോചന പോലും ഞെട്ടൽ ഉണ്ടാക്കും. റൗണ്ടിൽ അത്രയും വാഹനങ്ങൾ നിറയുന്ന സമയമാണിത്. റൗണ്ടിൽ കയറിയശേഷം ഏതു റോഡിലേക്കു തിരിഞ്ഞാലും കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാക്കാവുന്ന സ്ഥിതിയാണ്. കോർപ്പറേഷൻ റോഡിലായാലും കുറുപ്പം റോഡിലായാലും എം.ജി.റോഡിലായാലും സ്ഥിതി ഇതുതന്നെ. തേക്കിൻകാട് മൈതാനിയിൽ തന്നെ തൃശ്ശൂർ പൂരം പ്രദർശനം നടക്കുന്നുണ്ട്. ഇതിനടുത്തൂടെയാണ് റൗണ്ടിലേക്ക് ആന ഇറങ്ങിയത്. ഇവിടേക്ക് കയറിയിരുന്നെങ്കിലും നഷ്ടം കനത്തതാകുമായിരുന്നു.
ആനയുടെ മുന്നിൽനിന്ന് ഓടിമാറി സനൽ
ഗാന്ധിനഗർ നികുഞ്ജത്തിൽ സനൽ രാമചന്ദ്രൻ ആനയുടെ മുന്നിൽനിന്ന് രക്ഷപ്പെട്ട നിമിഷത്തെക്കുറിച്ചു പറയുമ്പോൾ വാക്കുകളിൽ നിറയുന്നത് ഭീതിയാണ്. ഇടഞ്ഞ ആനയാണ് വരുന്നതെന്നറിയാതെ ആനപ്രേമം മൂത്ത് വീട്ടിൽനിന്ന് പുറത്തിറങ്ങിയതാണ് സനൽ. ആദ്യം ആസ്വദിച്ചുനിൽകുകയും ചെയ്തു. പിന്നീടാണ് പാപ്പാനില്ല എന്ന് മനസ്സിലായത്. ഉടനെ ഓടി. ഓട്ടത്തിനിടയ്ക്ക് വീണ് കാലിൽ ചെറിയ മുറിവായി. അധികം വൈകാതെ സംഗീതയുടെ കാറു മറിച്ചിടുന്ന ഒച്ചയും കേട്ടു. ആനയുടെ മുന്നലെങ്ങാനും പെട്ടിരുന്നെങ്കിലെന്ന് ഓർക്കുമ്പോഴെല്ലാം സനൽ വിറയ്ക്കുന്നു.
മാധ്യമപ്രവർത്തകർക്കുനേരേ ആക്രമണം
നഗരത്തിൽ ശനിയാഴ്ച ആനയിടഞ്ഞ സംഭവം റിപ്പോർട്ട് ചെയ്യാനും ചിത്രീകരിക്കാനുമെത്തിയ മാധ്യമപ്രവർത്തകരെ ആനയുടെ പാപ്പാനും സാമൂഹികവിരുദ്ധരുംചേർന്ന് ആക്രമിച്ചു. മലയാളമനോരമ ഫോട്ടോഗ്രാഫർ വിഘ്നേഷ് കൃഷ്ണമൂർത്തിക്കും കേരളകൗമുദി ഫോട്ടോഗ്രാഫർ റാഫി എം. ദേവസിക്കും നേരേയാണ് കൈയേറ്റമുണ്ടായത്. കാമറകൾ പിടിച്ചുവാങ്ങി നശിപ്പിക്കാനും ശ്രമമുണ്ടായി. ആക്രമണത്തിൽ കെ.യു.ഡബ്ല്യു.ജെ. ജില്ലാക്കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികളെ എത്രയുംവേഗം തിരിച്ചറിഞ്ഞ് നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും പ്രസിഡന്റ് എം.ബി. ബാബുവും സെക്രട്ടറി രഞ്ജിത്ത് ബാലനും ആവശ്യപ്പെട്ടു.
അന്വേഷണം തുടങ്ങി അധികൃതർ
തൃശ്ശൂരിലെ ആനയിടയലുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ച് ജില്ലാ ഭരണകൂടം. എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ശിഖാ സുരേന്ദ്രൻ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വില്ലേജധികൃതർ നഷ്ടത്തിന്റെ കണക്കെടുപ്പ് ആരംഭിക്കുകയും ചെയ്തു. കൂടാതെ വാഹനവും മറ്റും നശിപ്പിക്കപ്പെട്ടവർ പോലീസിലും പരാതി നൽകിയിട്ടുണ്ട്. ആനയുടമയുമായുള്ള ചർച്ചകളും നടക്കുന്നുണ്ട്.
Content Highlights: Rampaging elephant Shivam Lakshmi Ayyappan caused widespread property damage in Thrissur., The incident began near Thekkegopuranada after a photo session triggered the animal., Multiple vehicles, including bikes and cars, were destroyed in Gandhi Nagar and Palace Road., Local residents demanded compensation from authorities before allowing the elephant to be moved., District administration has launched an official investigation into the incident.