സന്തോഷയാത്ര ദുരന്തയാത്രയായി: നൊമ്പരമായി അപകടത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ

#ന്യൂസ് ഡെസ്ക്
പുറത്തുവന്ന ദൃശ്യത്തിൽ നിന്ന്, ഇൻസൈറ്റിൽ അപകടത്തിൽ മരിച്ച വിദ്യാർഥികൾ
പുറത്തുവന്ന ദൃശ്യത്തിൽ നിന്ന്, ഇൻസൈറ്റിൽ അപകടത്തിൽ മരിച്ച വിദ്യാർഥികൾ

തൃശ്ശൂർ: കയ്പമംഗലത്ത് നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കാറിടിച്ച് മരണപ്പെട്ട തമിഴ്‌നാട് സ്വദേശികൾ യാത്ര പുറപ്പെടുന്ന വേളയിലെടുത്ത ദൃശ്യങ്ങൾ നൊമ്പരമാകുന്നു. തമിഴ്‌നാട് ഡിണ്ടിഗലിലെ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. രണ്ടുപേരുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതായും മറ്റുള്ളവരുടേത് വേഗത്തിൽ പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

സാധാരണയായി ഡിണ്ടിഗലിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് വരുമ്പോൾ പാലക്കാട് വഴി പാലിയേക്കര ടോൾ പ്ലാസ കടന്നാണ് യാത്ര ചെയ്യേണ്ടത്. എന്നാൽ ഇവർ സഞ്ചരിച്ചിരുന്നത് ഗുരുവായൂർ ഭാഗത്തുനിന്നാണ്. ഇവർ എന്തിനാണ് ഈ റൂട്ട് തിരഞ്ഞെടുത്തതെന്ന കാര്യത്തിൽ വ്യക്ത വന്നിട്ടില്ല. ഇവരുടെ സുഹൃത്തുക്കൾക്കോ കോളേജ് അധികൃതർക്കോ ബന്ധുക്കൾക്കോ പോലീസിനോ ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. ഇവർ കേരളത്തിലേക്ക് വിനോദസഞ്ചാരത്തിന് എത്തിയതാണോ എന്ന കാര്യത്തിലും വ്യക്തതയില്ല.

തൃശ്ശൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലാണ് നിലവിൽ വിദ്യാർഥികളുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുന്നത്. റൂറൽ എസ്പിയും ജില്ലാ കളക്ടറും മെഡിക്കൽ കോളേജിൽ നേരിട്ടെത്തി കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കുന്നതിനൊപ്പം കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഉദ്യോഗസ്ഥർ തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തി ബന്ധുക്കളുമായി സംസാരിക്കുന്നുമുണ്ട്.

Content Highlights: Tamil Nadu engineering students died in a car crash hitting a parked lorry in Kaipamangalam, Thrissur., Mystery surrounds their route choice as they were traveling from Guruvayur instead of the usual Palakkad route.