തൃശ്ശൂരിൽ ബെെക്കുകൾ കത്തിനശിച്ച സംഭവം; നഷ്ടപരിഹാരത്തിനുള്ള വഴികൾ ഇങ്ങനെ

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലുണ്ടായ തീപ്പിടിത്തത്തിൽ 300 ബൈക്കുകളാണ് അഗ്നിക്കിരയായത്. ഞായറാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. ബൈക്കുകൾക്ക് പുറമെ ട്രാക്ക് പരിശോധനയ്ക്കും ബോഗികൾ വലിച്ചിടാനും ഉപയോഗിക്കുന്ന എൻജിനും ഭാഗികമായി കത്തിയിരുന്നു. നിമിഷനേരം കൊണ്ട് കത്തിയമർന്ന ബൈക്കുകളുടെ നഷ്ടപരിഹാരം സംബന്ധിച്ച ആശങ്കകളാണ് ഇപ്പോൾ വാഹന ഉടമകളെ അലട്ടുന്ന പ്രധാന പ്രശ്നം. വാഹനങ്ങൾ ഭൂരിപക്ഷവും പൂർണമായി കത്തിപ്പോയതിനാൽ നഷ്ടപരിഹാരത്തിന് എങ്ങനെ ശ്രമിക്കുമെന്ന ആശങ്ക ഉടമകൾക്കുണ്ട്.
നഷ്ടപരിഹാരത്തിനുള്ള വഴികൾ
ബൈക്കുകൾ കത്തിനശിച്ചവർക്ക് നഷ്ടപരിഹാരത്തിനുള്ള വഴികൾ തേടാം. സിവിൽ കേസായി കേസ് ഫയൽചെയ്യുമ്പോൾ റെയിൽവേയെയും കരാറുകാരനെയും പ്രതി ചേർക്കാം. വ്യക്തിപരമായി കേസ് ഫയൽചെയ്യണം. കൺസ്യൂമർ കോടതിയിലും കേസ് ഫയൽ ചെയ്യാം. സിവിൽ കോടതികളിലേതുപോലെ പൂർണതോതിൽ തെളിവുകൾ ഹാജരാക്കേണ്ടതില്ല. കോടതിച്ചെലവ് കുറയുകയും ഉടമയ്ക്ക് കേസ് നടത്താമെന്ന ഗുണവുമുണ്ട്. കത്തിനശിച്ച വണ്ടിക്ക് ഫുൾകവർ ഇൻഷുറൻസ് ഉണ്ടെങ്കിൽ ഓൺ ഡാമേജ് ഇൻഷുറൻസ് കവറേജിന് അവകാശപ്പെടാം. ക്ലെയിം ചെയ്താലും ഇൻഷുവേഴ്സ് എസ്റ്റിമേറ്റ് വിലയോ മാർക്കറ്റ് വിലയോ ഏതാണോ കുറവ് അതാണ് ലഭിക്കുക. വാഹനത്തിന്റെ ഉപയോഗ തേയ്മാനം എന്ന നിലയ്ക്കും തുക കുറയ്ക്കും. അപകടത്തിൽ നഷ്ടം ബാധിച്ചവരെല്ലാംചേർന്ന് കോടതിയെ സമീപിക്കുന്നത് കേസ് നടത്തിപ്പിനും സാമ്പത്തികച്ചെലവ് കുറയ്ക്കുന്നതിനും സഹായിക്കുമെന്ന് അഭിഭാഷകനായ ഫ്രാൻസിസ് കുര്യൻ പറഞ്ഞു.
കാരണം വൈദ്യുതിലൈനിൽനിന്നുള്ള തീപ്പൊരി ?
റെയിൽവേസ്റ്റേഷന്റെ രണ്ടാം കവാടത്തിനു സമീപത്തെ പാർക്കിങ്ങിൽ മുന്നൂറോളം ബൈക്കുകൾ കത്തിനശിച്ചതിന്റെ കാരണം വൈദ്യുതിലൈനിൽനിന്നുള്ള തീപ്പൊരിയാണെന്ന സംശയം ശക്തമാകുന്നു. അഗ്നി രക്ഷാ സേനയും ഈ നിഗമനത്തിൽത്തന്നെയാണുള്ളത്. പോലീസിന്റെ നേതൃത്വത്തിലും കാരണം കണ്ടെത്താനുള്ള പരിശോധനകൾ നടക്കുന്നുണ്ട്. ചൊവ്വാഴ്ച ജില്ലാ ഫൊറൻസിക് യൂണിറ്റും സയന്റിഫിക് ഉദ്യോഗസ്ഥരും വിവരങ്ങൾ ശേഖരിച്ചു. അഡീഷണൽ എസ്പിയുടെ നേതൃത്വത്തിൽ 18 അംഗ ടീമാണ് അന്വേഷിക്കുന്നത്.
തൃശ്ശൂർ വെസ്റ്റ് പോലീസ്സ്റ്റേഷനിലേക്ക് ചൊവ്വാഴ്ചയും ബൈക്ക് കത്തിയതിൽ പരാതിയുമായി ആളുകളെത്തിയിരുന്നു. കത്തിനശിച്ച ഓരോ ബൈക്കിന്റെയും ഷാസി നമ്പറും എൻജിൻ നമ്പറും വാഹനനമ്പറും കണ്ടെത്തണം. കത്തിയതിന്റെ അവശിഷ്ടങ്ങൾ ഉടമയെ കാണിച്ച് ഇതുതന്നെയല്ലേ വാഹനമെന്ന് ഉറപ്പാക്കണം. കണ്ടാൽ തിരിച്ചറിയാനാകാത്തവിധം ബൈക്കുകൾ നശിച്ചിട്ടുണ്ട്. ഒട്ടേറെ ബൈക്കുകളുടെ എൻജിനുൾപ്പെടെയുള്ള ഭാഗങ്ങളും ഇല്ലാതായിട്ടുണ്ട്. ഉടമകളെ അപകടമുണ്ടായ സ്ഥലത്തേക്ക് പ്രവേശിപ്പിക്കാൻ തുടങ്ങിയിട്ടില്ല. ബൈക്ക് വെച്ചിരുന്ന സ്ഥലം നിർണയിച്ചാണ് പലരും സ്വന്തം ബൈക്കാകുമെന്ന നിഗമനത്തിലെത്തുന്നത്
Content Highlights: Thrissur railway station bike fire: Learn about compensation claims, legal recourse, and insurance options for damaged vehicles. Get informed on your rights and next steps.