തൃശൂർ ഹെയ്സ്റ്റ്: കൊള്ളയുടെ തിരക്കഥ സ്‌ട്രോങ്; പൊളിച്ചത് പോലീസിന്റെ 'ATM' (Action Thriller Mission)

തൃശൂര്‍: സിനിമകളെ വെല്ലുന്ന രംഗങ്ങള്‍. അതായിരുന്നു കഴിഞ്ഞദിവസം തൃശൂരിലും തമിഴ്‌നാട്ടിലെ നാമക്കലിലും അരങ്ങേറിയത്. നഗരപരിധിയിലെ മൂന്ന് എ.ടി.എമ്മുകളില്‍ നിന്നായി 65 ലക്ഷം രൂപയോളം ഉത്തരേന്ത്യന്‍ സംഘം കൊള്ളയടിച്ചതും അവരെ പോലീസ് മണിക്കൂറുകള്‍ക്കകം അഴിക്കുള്ളിലാക്കിയതുമെല്ലാം അമ്പരപ്പോടെയാണ് കേരളം കണ്ടത്. വലിയ ആസൂത്രണം നടത്തി ശക്തമായ 'തിരക്കഥ'യൊരുക്കിയാണ് കൊള്ളക്കാർ കൃത്യം നടപ്പാക്കിയത്. എന്നാൽ എ.ടി.എം. തകർത്ത് പണവുമായി കടന്ന ഉത്തരേന്ത്യൻ സംഘത്തെ കാത്തിരുന്നത് പോലീസിന്റെ 'എ.ടി.എം' (ആക്ഷൻ ത്രില്ലർ മിഷൻ) ആയിരുന്നു.
നോക്കാം, തൃശൂരിലും നാമക്കലിലുമായി എന്താണ് കഴിഞ്ഞദിവസം സംഭവിച്ചത് എന്ന്...
ഒരു മണിക്കൂർ 35 മിനിറ്റ്: മൂന്ന് എ.ടി.എമ്മുകൾ കാലി
രാജ്യത്താകമാനം എ.ടി.എം. തകർത്ത് കവർച്ച നടത്തുന്നസംഘം തൃശ്ശൂരിലെത്തി മൂന്ന് എ.ടി.എമ്മുകൾ കാലിയാക്കിയത് ഒരുമണിക്കൂർ 35 മിനിറ്റിൽ.
ഇരിങ്ങാലക്കുട മാപ്രാണത്തെ എ.ടി.എം. പുലർച്ചെ 2.10-ന് തകർത്ത് പണമെടുത്ത് അടുത്ത എ.ടി.എമ്മിലെത്തിയത് 3.05-ന്. തൃശ്ശൂർ നഗരത്തിലെ ഷൊർണൂർ റോഡിലെ എ.ടി.എമ്മിലായിരുന്നു രണ്ടാംകവർച്ച.
മാപ്രാണത്തെ എ.ടി.എം. കൊള്ളയടിക്കാനും 20 കിലോമീറ്റർ അകലെയുള്ള ഷൊർണൂർ റോഡിലെ എ.ടി.എമ്മിലെത്താനുമെടുത്തത് 55 മിനിറ്റ്. 3.05-ന് ഷൊർണൂർ റോഡിലെ എ.ടി.എം കൊള്ളയടിച്ച് പത്തുകിലോമീറ്റർ അകലെയുള്ള കോലഴിയിലെ എ.ടി.എമ്മിലെത്താനെടുത്തത് 35 മിനിറ്റ്.
മാപ്രാണം, ഷൊർണൂർ റോഡ് എന്നിവിടങ്ങളിൽ കൊള്ളയടിച്ച പണം മണ്ണുത്തിയിലുള്ള ലോറിയിലെത്തിച്ച് പിന്നീട് കോലഴിയിലേക്ക് പോകാനായി അല്പം കറങ്ങി. കവർച്ചയുടെ സി.സി.ടി.വി. ദൃശ്യം കിട്ടിയത് മാപ്രാണത്തുനിന്ന് മാത്രമാണ്.
കണ്ടെയ്നറിൽ തുടങ്ങിയ സംശയം, പിന്നാലെ പോലീസ്
മുക്കാട്ടുകരയിൽനിന്ന് മണ്ണുത്തി ദേശീയപാതയിലേക്ക് എത്തുന്നയിടത്ത് ഹരിയാണ രജിസ്ട്രേഷനുള്ള ഒരു കണ്ടെയ്നർ ലോറി നിർത്തിയിട്ടിരിക്കുന്നത് പോലീസിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
വ്യാഴാഴ്ച രാവിലെയാണ് ഇൗ കണ്ടെയ്നർ ലോറി എത്തിയത്. ദീർഘദൂരവണ്ടികൾ ഇവിടെ നിർത്തിയിടുന്നത് പതിവായതിനാൽ പോലീസിന് അസ്വാഭാവികത തോന്നിയില്ല. എങ്കിലും ഡ്രൈവർ ഉണ്ടായിട്ടും 12 മണിക്കൂറിലേറെ അവിടെത്തന്നെ നിർത്തിയിട്ടതിൽ പോലീസിന് സംശയം തോന്നി. അതോടെ വാഹനം പോലീസ് നിരീക്ഷണത്തിൽ.
ഇക്കാര്യം മനസ്സിലാക്കിയ ഡ്രൈവർ വാഹനം അവിടെനിന്ന് നീക്കി കുതിരാൻ തുരങ്കത്തിനടുത്തേക്ക് മാറ്റി. ഇവിടെ വാഹനങ്ങൾ നിർത്തിയിടുന്ന സ്ഥലത്തിട്ടു. എന്നാൽ, ഈ ലോറി പോകുന്നത് കണ്ടെത്താൻ േപാലീസ് ടോൾപ്ലാസയിലെ ക്യാമറകൾ ഉപയോഗിച്ച് നിരീക്ഷണം ഏർപ്പെടുത്തിയിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ 4.02-ന് പന്നിയങ്കര ടോൾപ്ലാസയിലൂടെ ഇൗ േലാറി പോകുന്നദൃശ്യം പോലീസിന് ലഭിച്ചു. വെള്ളിയാഴ്ച പുലർച്ചെ 3.40 -ന് മൂന്നാമത്തെ എ.ടി.എമ്മിലും കവർച്ച നടത്തിയസംഘം കാറിൽ േകാലഴിയിൽ മുക്കാട്ടുകര വഴി മണ്ണുത്തി ഹൈവേയിലെത്തി.
ഹൈവേയിലൂടെ അധികദൂരം കാറിൽ യാത്രചെയ്യുന്നത് സാഹസമാണെന്ന് മനസ്സിലാക്കിയായിരിക്കാം, കുതിരാനിലുണ്ടായിരുന്ന കണ്ടെയ്നർ ലോറി മണ്ണുത്തിഭാഗത്തേക്ക് എത്തിച്ചുവെന്ന് പോലീസ്. മണ്ണുത്തിക്കും കുതിരാനും ഇടയിലുള്ള സ്ഥലത്തുവെച്ചാണ് പാലക്കാട് ഭാഗത്തേക്ക് തിരിച്ചുനിർത്തിയിരുന്ന കണ്ടെയ്നറിലേക്ക് കാർ ഒാടിച്ചു കയറ്റിയത്.
കണ്ടെയ്നർ ലോറി പന്നിയങ്കര ടോൾപ്ലാസ പിന്നിട്ടപ്പോഴാണ് എ.ടി.എം. കവർച്ചയുടെ വിവരം പോലീസിന് ലഭിച്ചത്. അതിവേഗം പാഞ്ഞ കണ്ടെയ്നർ ലോറി വാളയാർ ടോൾപ്ലാസ വഴി തമിഴ്നാട്ടിലേക്കാണ് പോകുന്നതെന്ന് വിവരം കിട്ടിയതോടെയാണ് തൃശ്ശൂർ പോലീസ് തമിഴ്നാട് പോലീസിനെ വിവരം അറിയിച്ചതും കവർച്ചസംഘം നാമക്കലിൽ പിടിയിലായതും.
ഇത് ‘ഇളങ്കോ വിജയം’
തൃശ്ശൂരിൽ വെള്ളിയാഴ്ച പുലർച്ചെ മൂന്നിടത്ത് എ.ടി.എം.തകർത്ത് കവർച്ച നടന്നെന്ന വിവരം കിട്ടിയ ഉടൻ തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ രണ്ടുകാര്യം പറഞ്ഞു: 1. കവർച്ച നടത്തിയ സ്ഥലത്തുണ്ടായിരുന്ന കാർ ഏതെങ്കിലും ടോൾപ്ലാസ കടന്നിട്ടില്ലെന്ന് ഉറപ്പാക്കുക. 2. രാജസ്ഥാൻ-ഹരിയാണ രജിസ്ട്രേഷനുള്ള കണ്ടെയ്നർലോറി ടോൾ പ്ലാസ കടക്കുന്നുണ്ടോയെന്ന് നോക്കുക.
പോലീസ് കണ്ടെത്തിയത്: 1. കവർച്ചസ്ഥലത്തുണ്ടായിരുന്ന കാർ ടോൾ പ്ലാസ കടന്നിട്ടില്ല. 2. രാജസ്ഥാൻ രജിസ്ട്രേഷനുള്ള കണ്ടെയ്നർ പന്നിയങ്കര ടോൾപ്ലാസ കടന്നുപോയി.
മോഷണസംഘവും മോഷണമുതലും കാറും ഇതിലുണ്ടെന്ന് ഇളങ്കോ ഉറപ്പിച്ചുപറഞ്ഞു. അഞ്ചു മണിക്കൂറിനുള്ളിൽ പ്രതികളെ പിടികൂടാനുമായി. കണ്ണൂരിൽ എസ്.പി.യായിരിക്കേ കണ്ണപുരം പോലീസ് സ്റ്റേഷൻപരിധിയിലാണ് സമാന സംഭവമുണ്ടായതാണ് ഇത്രവേഗം പ്രതികളെ കണ്ടെത്താനും പിടികൂടാനും വഴിയൊരുക്കിയതെന്ന് ഇളങ്കോ ‘മാതൃഭൂമി’യോട് പറഞ്ഞു.
മൂന്നിടത്തും ഒരേ രീതി
ഹരിയാണ അതിർത്തിയിലെ നൂഹ് ജില്ലയിലാണ് എ.ടി.എം. പൊളിക്കുന്ന തട്ടിപ്പുകാരുടെ താവളം. രാജ്യത്തെവിടെയുമുള്ള എ.ടി.എം. കവർച്ചക്കേസ് എത്തിനിൽക്കുന്നതും നൂഹ് ജില്ലയിലാണ്.
2021-ൽ കണ്ണൂരിലെ കണ്ണപുരത്തുനടന്ന കവർച്ചമുതൽ തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുണ്ടായ കവർച്ചവരെ നടത്തിയത് ഇവിടത്തെ കവർച്ചസംഘമാണെന്ന് കണ്ടെത്തിയിരുന്നു. എത്ര പുതിയരീതിയിലുള്ള എ.ടി.എമ്മും അതിവേഗത്തിൽ പൊളിച്ച് പണമെടുക്കാനുള്ള പരിശീലനം മോഷ്ടാക്കൾ നേടാറുണ്ട്. അതിനായി പഴയ എ.ടി.എം. യന്ത്രങ്ങൾ പണംകൊടുത്ത് വാങ്ങിയാണ് പരിശീലനം നടത്തുന്നത്.
എ.ടി.എം. തകർത്ത് പണം കവർന്നത് എ.ടി.എം. അണ്ടർ മെയിന്റനൻസ് എന്ന ബോർഡ് വെച്ചാണ്. എ.ടി.എമ്മിൽ പണം നിറയ്ക്കുമ്പോഴോ അറ്റകുറ്റപ്പണി നടത്തുമ്പോഴോ ഷട്ടർ ഭാഗികമായി അടച്ചിടാറുണ്ട്. അതിനുപുറത്ത് ഒരാൾ കാവൽ നിൽക്കുകയും ചെയ്യും. അറ്റകുറ്റപ്പണിക്കായി സാധനങ്ങൾ എത്തിച്ച കാറും പുറത്തുണ്ടാകും. ഈ രീതിയിലാണ് മൂന്ന് എ.ടി.എമ്മിലും കവർച്ച നടത്തിയത്.
സഹായത്തിന് ആധുനിക വയർലെസ്
‘ക്ലിനിക്കൽ ഓപ്പറേഷൻ’ -തൃശ്ശൂരിലെ എ.ടി.എം. കവർച്ചയെ ഇങ്ങനെ വിശേഷിപ്പിക്കാം. കൃത്യമായ ആസൂത്രണം, ശ്രദ്ധയോടെ നടപ്പാക്കൽ. അതാണ് ഈ സംഘത്തിന്റെ രീതി.
അത്യാധുനിക എ.ടി.എമ്മിന്റേതുൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും കൃത്യമായി അറിയാവുന്നവരാണ് സംഘാംഗങ്ങൾ. സർവീസിങ്ങ് പഠിക്കുകയും ഒപ്പം മോഷണത്തിൽ വൈദഗ്ധ്യം നേടുകയും ചെയ്തവരാണെല്ലാവരും. സംഘത്തിലെ ആരും മോഷണസമയത്ത് മൊബൈൽ ഫോൺ ഉപയോഗിച്ചില്ല. പകരം അത്യാധുനിക വയർലെസ് സംവിധാനമാണ് ഉണ്ടായിരുന്നത്. മോഷണത്തിനുശേഷം പണവുമായി കാർ ഹൈവേയിലെത്തിയ സമയത്ത് കണ്ടെയ്നർ ലോറി മണ്ണുത്തിയിലേക്ക് എത്തിക്കാനും വയർലെസിലൂടെയാണ് സന്ദേശം കൈമാറിയത്.
എ.ടി.എമ്മിൽ പണം നിറയ്ക്കാൻ നിയോഗിച്ചിരുന്ന ഏജൻസിയുടെ ജീവനക്കാരുമായി കവർച്ചസംഘത്തിന് ബന്ധമുണ്ടോയെന്നും പോലീസ് സംശയിക്കുന്നു.
ആഴ്ചകൾക്ക് മുൻപേ നിരീക്ഷണം
കവർച്ചയ്ക്ക് ആഴ്ചകൾക്കുമുൻപേയുള്ള നിരീക്ഷണത്തിലൂടെയാണ് തുടക്കം. തിരിച്ചടിയുണ്ടാകാൻ സാധ്യതയുള്ള എല്ലാവഴികളും പരിശോധിക്കും. മോഷണം നടത്താൻ ഉദ്ദേശിക്കുന്നസ്ഥലത്ത് പല വേഷത്തിലും രൂപത്തിലും രാത്രിയും പകലും ഇവരുടെ സാന്നിധ്യമുണ്ടാകും. തൃശ്ശൂരിൽ നടന്ന മോഷണത്തിനുപിന്നിലും ഇതുണ്ടായി. പ്രധാന എ.ടി.എമ്മുകൾ, രക്ഷപ്പെടാൻ പറ്റിയസ്ഥലം, അധികം ശ്രദ്ധകിട്ടാത്ത ഭാഗം എന്നിവയെല്ലാം ഉറപ്പാക്കിയാണ് മോഷണം നടത്തിയത്.
ഗ്യാസ് കട്ടറിന് സമാനമായ ഉപകരണം ഉപയോഗിച്ച് വിദഗ്ധമായാണ് എ.ടി.എമ്മുകളുടെ പണം സൂക്ഷിക്കുന്നഭാഗം മാത്രം മുറിച്ചുമാറ്റിയത്. കട്ടർ ഉപയോഗിക്കാൻ തുടങ്ങിയാൽ മിനിറ്റുകൾക്കുള്ളിൽ കാര്യങ്ങൾ പൂർത്തിയാക്കും എത്രസമയംകൊണ്ട് എ.ടി.എം. സംവിധാനം തകർത്ത് പണം എടുക്കാം, അലാറം മുഴങ്ങുന്നസമയം ഇവയൊക്കെ കൃത്യമായി മനസ്സിലാക്കും.
ഏതെങ്കിലുംരീതിയിൽ പോലീസിന്റെയോ നാട്ടുകാരുടെയോ ശ്രദ്ധയിൽപ്പെട്ടാൽ പ്രതിരോധിക്കാൻ സർവസന്നാഹവും ഇവരുടെ പക്കലുണ്ട്. തോക്ക്, വാൾ, കമ്പിപ്പാര തുടങ്ങിയവ വാഹനത്തിൽ സൂക്ഷിക്കുന്നത് പതിവാണ്.
എസ്.ബി.ഐ. എ.ടി.എം. നോട്ടമിട്ടത് കൃത്യമായി നിറയ്ക്കുന്നതിനാൽ
എ.ടി.എം. കവർച്ചസംഘം തൃശ്ശൂരിലെ എസ്.ബി.െഎ.യുടെ എ.ടി.എമ്മുകൾ ലക്ഷ്യമിട്ടത് ഇവയിൽ കൃത്യമായി പണം നിറയ്ക്കുന്നതിനാലാകാമെന്ന് പോലീസ്. എ.ടി.എം. തകർക്കുന്നതിനുമുന്നേ കവർച്ചക്കാർ രണ്ടോ മൂന്നോ തവണ റിഹേഴ്സൽ നടത്തുന്ന രീതിയുണ്ട്. തൃശ്ശൂരിൽ അതുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കണം.
മുഖം മറച്ച ഒരാൾ ഉള്ളിൽ കടന്ന് സി.സി.ടി.വി.-എ.ടി.എം. ക്യാമറ സ്പ്രേ പെയിന്റ് അടിച്ച് കാഴ്ച മറയ്ക്കുന്നതോടെയാണു തുടക്കം. എ.ടി.എം. തകർക്കുന്നതിൽ അതിവിദഗ്‌ധനായ ഒരാൾ ഗ്യാസ് കട്ടറുമായി ഉള്ളിൽ കടന്ന് 10 മിനിറ്റിനുള്ളിൽ പണവുമായി പുറത്തെത്തും. രണ്ടുേപർ സുരക്ഷയ്ക്കായി പുറത്തുണ്ടാകും. പണവുമായി സംഘം കാറിൽ പാഞ്ഞ് ലോറിയിൽ അതേപടി കയറി സംസ്ഥാനങ്ങൾ താണ്ടും.
മോഷണപഠനം പഴയ യന്ത്രങ്ങൾ വാങ്ങി പൊളിച്ച്
ഹരിയാണ അതിർത്തിയിലെ നൂഹ് ജില്ലയിലാണ് എ.ടി.എം. പൊളിക്കുന്ന തട്ടിപ്പുകാരുടെ താവളം. രാജ്യത്തെവിടെയുമുള്ള എ.ടി.എം. കവർച്ചക്കേസ് എത്തിനിൽക്കുന്നതും നൂഹ് ജില്ലയിലാണ്.
2021-ൽ കണ്ണൂരിലെ കണ്ണപുരത്തുനടന്ന കവർച്ചമുതൽ തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലുണ്ടായ കവർച്ചവരെ നടത്തിയത് ഇവിടത്തെ കവർച്ചസംഘമാണെന്ന് കണ്ടെത്തിയിരുന്നു. എത്ര പുതിയരീതിയിലുള്ള എ.ടി.എമ്മും അതിവേഗത്തിൽ പൊളിച്ച് പണമെടുക്കാനുള്ള പരിശീലനം മോഷ്ടാക്കൾ നേടാറുണ്ട്. അതിനായി പഴയ എ.ടി.എം. യന്ത്രങ്ങൾ പണംകൊടുത്ത് വാങ്ങിയാണ് പരിശീലനം നടത്തുന്നത്.
എ.ടി.എം. തകർത്ത് പണം കവർന്നത് എ.ടി.എം. അണ്ടർ മെയിന്റനൻസ് എന്ന ബോർഡ് വെച്ചാണ്. എ.ടി.എമ്മിൽ പണം നിറയ്ക്കുമ്പോഴോ അറ്റകുറ്റപ്പണി നടത്തുമ്പോഴോ ഷട്ടർ ഭാഗികമായി അടച്ചിടാറുണ്ട്. അതിനുപുറത്ത് ഒരാൾ കാവൽ നിൽക്കുകയും ചെയ്യും. അറ്റകുറ്റപ്പണിക്കായി സാധനങ്ങൾ എത്തിച്ച കാറും പുറത്തുണ്ടാകും. ഈ രീതിയിലാണ് മൂന്ന് എ.ടി.എമ്മിലും കവർച്ച നടത്തിയത്.
സൂചനകൾ നയിച്ചു; ആശയവിനിമയം തുണച്ചു
തൃശ്ശൂരിൽ മൂന്ന് എ.ടി.എമ്മുകളിൽ വൻകവർച്ച നടന്നതായി വെള്ളിയാഴ്ച പുലർച്ചെയോടെയാണ് പോലീസ് അറിഞ്ഞത്. സ്ഥലത്തെത്തുമ്പോഴേക്കും സംഘം കടന്നെങ്കിലും പോലീസിന്റെ ചടുലനീക്കം പ്രതികളെ കുടുക്കി. പാലക്കാട്, കോയമ്പത്തൂർ, കൃഷ്ണഗിരി ജില്ലകളിൽ ജാഗ്രതാനിർദേശം നൽകി.
മോഷണത്തെക്കുറിച്ച് കേരള പോലീസിന്റെ അറിയിപ്പ് എത്തിയതിനെത്തുടർന്ന് വെള്ളിയാഴ്ച രാവിലെ 8.45-ന് നാമക്കൽ-സേലം ദേശീയപാതയിൽ വാഹനപരിശോധനയ്ക്ക് നാമക്കൽ എസ്.പി.എസ്. രാജേഷ് കണ്ണൻ നിർദേശം നൽകി. കുമാരപാളയത്ത് എസ്.കെ. ലോജിസ്റ്റിക്സ് എന്ന കണ്ടെയ്ൻ ലോറി തടയാൻ പോലീസ് ശ്രമിച്ചെങ്കിലും നിർത്താതെ അതിവേഗത്തിൽ പോവുകയായിരുന്നു.
പോലീസ് പിന്തുടർന്നതോടെ വഴിമാറി സങ്കഗിരി ഭാഗത്തേക്ക് പോയി. വീണ്ടും ഈറോഡ് റോഡിലേക്ക് തിരിഞ്ഞു. ഇതിനിടെ രണ്ടുകാറും നാലുബൈക്കും ഇടിച്ചുതെറിപ്പിച്ചു. നാട്ടുകാർ ലോറിക്കുനേരേ കല്ലെറിഞ്ഞു. പള്ളിപ്പാളയത്തിലെത്തിയപ്പോൾ പോലീസ് വളഞ്ഞ് പിടികൂടുകയായിരുന്നു.
തോക്കും കമ്പിപ്പാരയുമായി ആക്രമണം
പള്ളിപ്പാളയത്തുനിന്ന് ലോറി പോലീസ് കാവലിൽ വെപ്പടൈ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു യാഥാർഥ ട്വിസ്റ്റ്. ഉള്ളിൽനിന്ന് ശബ്ദം കേട്ടതിനെത്തുടർന്ന് കണ്ടെയ്നർ പരിശോധിച്ചു. രണ്ടുപ്രതികളെയും കാറുംകണ്ട് പോലീസ് ഞെട്ടി. പെട്ടികളിൽ സൂക്ഷിച്ച പണവും ഒരു എം.ടി.എം. മെഷീനും ഇതിനൊപ്പമുണ്ടായിരുന്നു.
പ്രതികളുടെ കൈയിൽ തോക്കും കമ്പിപ്പാരയുമുണ്ടായിരുന്നു. പണവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസിന് വെടിവെക്കേണ്ടിവന്നതെന്ന് സേലം റേഞ്ച് ഡി.ഐ.ജി. ഇ.എസ്. ഉമ പറഞ്ഞു. കമ്പിപ്പാരകൊണ്ട് അടിയേറ്റാണ് പോലീസുകാർക്ക് പരിക്കേറ്റത്. 10.45-ന് പ്രതികളെ കീഴടക്കി കസ്റ്റഡിയിലെടുത്തു.
Content Highlights: Thrissur ATM robbery: detailed reports