നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നു: തിരുവഞ്ചൂർ രാധാകൃഷ്ണൻ

തിരുവനന്തപുരം: കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ ചരിത്രത്തിൽ ജനങ്ങളുടെ ചിന്തകളെയും രാഷ്ട്രീയബോധത്തെയും സ്വാധീനിച്ച ശക്തമായ മാധ്യമമായിരുന്നു നാടകമെന്നും ഇടക്കാലത്ത് നേരിട്ട ക്ഷീണത്തിന് ശേഷം നാടകവേദിയിലേക്ക് പുതിയ തലമുറ വീണ്ടും എത്തുന്നത് പ്രതീക്ഷ നൽകുന്നതാണെന്നും കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മികച്ച സിനിമകൾ എത്രയുണ്ടെങ്കിലും വേദിയിൽ നേരിട്ട് അവതരിപ്പിക്കുന്ന നാടകം നൽകുന്ന അനുഭവത്തിനും ആസ്വാദനത്തിനും പകരം മറ്റൊന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്കാരസാഹിതി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ഹാളിൽ സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണൽ നാടകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കലയും സംസ്കാരവും സമൂഹത്തിന്റെ പുരോഗതിക്കുള്ള ഉപാധിയായി കാണുന്ന സംസ്കാരസാഹിതിയുടെ നാടകോത്സവം ശ്രദ്ധേയമായ സംരംഭമാണെന്നും അദ്ദേഹം പറഞ്ഞു. നാടകോത്സവത്തിന് നേതൃത്വം നൽകുന്ന എംഎൽഎ സി.ആർ. മഹേഷിനെയും പൂഴനാട് ഗോപനെയും തിരുവഞ്ചൂർ രാധാകൃഷ്ണൻ അഭിനന്ദിച്ചു. ഉദ്ഘാടന സമ്മേളനത്തിന് പിന്നാലെ തിരുവനന്തപുരം സംസ്കൃതി തീയേറ്റർ അവതരിപ്പിച്ച ‘ഭൂട്ടാനി’ നാടകം അരങ്ങേറി.

ഉദ്ഘാടന ചടങ്ങിൽ സി. ആർ. മഹേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. പുഴനാട് ഗോപൻ സ്വാഗതം ആശംസിച്ചു. എൻ.ശക്തൻ എംഎൽഎ, പ്രശസ്ത ചലച്ചിത്ര താരം ചിപ്പി രഞ്ജിത്ത്, അനി വർഗീസ്, കെ.ആർ.ജി. ഉണ്ണിത്താൻ, കെ.ജി. ഉണ്ണികൃഷ്ണൻ എന്നിവരും കലാ-സാംസ്കാരിക രംഗത്തെ പ്രമുഖരും നാടകപ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു.