തിരുവനന്തപുരം മൃഗശാലയിൽ പുതിയ അതിഥികൾ; വൻതാരയിൽ നിന്നും മൂന്ന് സീബ്രകളെത്തി

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൂന്ന് അതിഥികളെത്തി. ഗുജറാത്തിൽ റിലയൻസിന്റെ ഉടമസ്ഥയിലുള്ള വൻതാര മൃഗശാലയിൽ നിന്ന് വാങ്ങിയ സീബ്രകളെ മൃഗശാലയിൽ എത്തിച്ചു. പുലർച്ചെ 5:15 നാണ് എത്തിച്ചത്. മൂന്നു വയസ്സ് പ്രായമുള്ള രണ്ട് പെൺ സീബ്രകളെയും ഒരു ആൺ സീബ്രയെയുമാണ് വാങ്ങിയത്.
ഒൻപത് വർഷത്തിന് ശേഷമാണ് തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്ര എത്തുന്നത്. 2002 ഏപ്രിലിൽ ചെന്നൈ വണ്ടല്ലൂർ മൃഗശാലയിൽനിന്ന് എത്തിച്ച സീത എന്ന സീബ്ര 2017-ൽ പ്രായാധിക്യംമൂലം ചത്തതോടെയാണ് തിരുവനന്തപുരം മൃഗശാലയിൽ സീബ്രകളുടെ സാന്നിധ്യം ഇല്ലാതായത്.
വർഷങ്ങൾക്കുശേഷം സീബ്രകളെ വീണ്ടും മൃഗശാലയിലെത്തിക്കാൻ കഴിയുന്നത് ഏറെ സന്തോഷകരമാണെന്നും ഓണത്തോടനുബന്ധിച്ച് സീബ്രകളുടെ സാന്നിധ്യം സന്ദർശകർക്ക് പ്രത്യേക വിരുന്നാകുമെന്നും മൃഗശാല ഡയറക്ടർ മഞ്ജുളാദേവി പറഞ്ഞു. മൃഗശാല സൂപ്രണ്ട് ടി. വി. അനിൽ കുമാറിന്റെ നേതൃത്വത്തിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്. ഓണാവധിയിൽ തന്നെ സീബ്രകളെ സന്ദർശകർക്ക് കാണാൻ കഴിയുന്ന വിധത്തിലാണ് ക്രമീകരണങ്ങൾ നടത്തുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
മൃഗങ്ങളെ സംരക്ഷിക്കുക, പരിചരിക്കുക, പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റിലയൻസ് ഫൗണ്ടേഷൻ (അനന്ത് അംബാനി) നേതൃത്വത്തിൽ സ്ഥാപിച്ച വന്യജീവി പുനരധിവാസ കേന്ദ്രമാണ് വൻതാര. ഗുജറാത്തിലെ ജാംനഗറിലെ റിലയൻസ് റിഫൈനറി സമുച്ചയത്തിനുള്ളിൽ 3,000 ഏക്കറിലധികം സ്ഥലത്താണ് ഇത് വ്യാപിച്ചുകിടക്കുന്നത്. അത്യാധുനിക മൃഗാശുപത്രികൾ, എം.ആർ.ഐ, സി.ടി സ്കാൻ സൗകര്യങ്ങൾ, പ്രത്യേക ആഹാരക്രമം, റേഡിയോളജി വിഭാഗം എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെയാണ് ഇവിടെ മൃഗങ്ങളെ പരിചരിക്കുന്നത്.
Content Highlights: Thiruvananthapuram Zoo welcomes three new zebras from Anant Ambani's Vantara facility after nine years.