മെഡിക്കൽ കോളേജ് ഐ.സി.യു.വിലെ തീപ്പിടിത്തം; ഓക്‌സിജൻ റ്റിയൂബ് വിച്ഛേദിച്ച് ദുരന്തം ഒഴിവാക്കി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാംനിലയിലെ ഇന്റെൻസീവ് കെയർ യൂണിറ്റിൽ തീപ്പിടിത്തം ഉണ്ടായതിനെത്തുടർന്ന് രോഗികളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്നു, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാം നിലയിലെ ഇന്റെൻസീവ് കെയർ യൂണിറ്റിലുണ്ടായ തീപ്പിടിത്തം കെടുത്താൻ എത്തിയ അഗ്നിരക്ഷസേന
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാംനിലയിലെ ഇന്റെൻസീവ് കെയർ യൂണിറ്റിൽ തീപ്പിടിത്തം ഉണ്ടായതിനെത്തുടർന്ന് രോഗികളെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റുന്നു, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാം നിലയിലെ ഇന്റെൻസീവ് കെയർ യൂണിറ്റിലുണ്ടായ തീപ്പിടിത്തം കെടുത്താൻ എത്തിയ അഗ്നിരക്ഷസേന

തിരുവനന്തപുരം: ''ആദ്യം വലിയ ശബ്ദമുണ്ടായി. പിന്നീട് പുക നിറഞ്ഞു. ചുരുങ്ങിയ സമയംകൊണ്ട് തീ പടർന്നു. ഐ.സി.യു.വിൽ തീ പിടിച്ചത് ഭീതി പടർത്തിയ ദൃശ്യങ്ങളായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ഏറെ നേരം നിന്നു. പരിഭ്രാന്തിയിലായി. രക്ഷാപ്രവർത്തനം കൃത്യസമയത്ത് നടത്തിയതുകൊണ്ട് വലിയ ദുരന്തം ഒഴിവായി'' -അപകടസമയത്ത് ഒന്നാംനിലയിലുണ്ടായിരുന്ന പാലോട് സ്വദേശി അംബികയുടെ വാക്കുകളാണിത്.

ചൊവ്വാഴ്ച രാവിലെ ഒൻപതുമണിയോടയാണ് മെഡിക്കൽ കോളേജ് മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലെ ഒന്നാംനിലയിലെ സർജിക്കൽ ഐ.സി.യു.വിൽ തീപിടിത്തമുണ്ടായത്. ഇവിടത്തെ പോർട്ടബിൾ വെന്റിലേറ്ററിലുണ്ടായ ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടിച്ചതെന്നാണ് വിവരം. ഡോക്ടർമാരും മെഡിക്കൽ കോളേജിലെ സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് തീയണച്ചതോടെ ഒഴിവായത് വലിയ ദുരന്തമായിരുന്നു.

തീ പടർന്നതോടെ ആദ്യം ഒന്നാംനിലയിൽനിന്നു ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. ഇവർക്ക് സുരക്ഷിതമായ ഇടവും ഒരുക്കി. തീവ്രപരിചരണ വിഭാഗത്തിലുണ്ടായിരുന്ന രോഗികളെ മാറ്റുന്നതായിരുന്നു മെഡിക്കൽ കോളേജ് ജീവനക്കാരുടെയും ഡോക്ടർമാരുടെയും പ്രധാനദൗത്യം. ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്ന രോഗികളെ അതിവേഗത്തിൽ പുറത്തെത്തിക്കുന്നതായിരുന്നു ഏറെ വെല്ലുവിളി.

രോഗികളെ ലിഫ്റ്റ് വഴിയും പടികളിലൂടെയും മറ്റ് വാർഡുകളിലേക്ക് എത്തിച്ചു. മറ്റ് വാർഡുകളിൽനിന്നു രക്ഷാപ്രവർത്തനത്തിനായി ആളുകൾ ഒഴുകിയെത്തി. ഐ.സി.യു.വിൽനിന്നു മാറ്റിയ രോഗികൾക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കി. അരമണിക്കൂറിൽ ഒന്നാംനിലയിലുണ്ടായിരുന്ന രണ്ട് ഐ.സി.യു.വിൽ നിന്നായി 32 രോഗികളെയാണ് രക്ഷാപ്രവർത്തനത്തിലൂടെ മാറ്റിയത്.

സംഭവത്തിൽ പ്രിവന്റീവ് ടെക്നിക്കൽ അനാലിസിസും ടെക്നിക്കൽ ഓഡിറ്റും നടത്തുമെന്നും മൾട്ടി സ്‌പെഷ്യാലിറ്റി ബ്ലോക്കിലുണ്ടായ പിഴവിന്റെ കാരണം കണ്ടെത്താൻ പരിശോധന നടത്തുമെന്നും ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് സിറ്റി പോലീസ് കമ്മിഷണർ കെ. കാർത്തിക് പറഞ്ഞു.

രോഗികളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി

തിരുവനന്തപുരം: മെഡിക്കൽ കോളേജ് മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിലെ തീവ്രപരിചരണ വിഭാഗത്തിൽ തീപ്പിടിത്തം. തീ വ്യാപകമായി പടരുന്നതിനുമുൻപുതന്നെ അണയ്ക്കുകയും രോഗികളെ മറ്റു വാർഡുകളിലേക്ക് മാറ്റുകയും ചെയ്തതിനാൽ വലിയദുരന്തം ഒഴിവായി.

ചൊവ്വാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ ഒന്നാംനിലയിലെ സർജിക്കൽ ഐ.സി.യു.വിൽ പോർട്ടബിൾ വെന്റിലേറ്ററിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് അഗ്‌നിരക്ഷാസേനയുടെ പ്രാഥമിക നിഗമനം.

തീ പടർന്നതോടെ മെഡിക്കൽ കോളേജിലെ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഡോക്ടർമാരും രക്ഷാപ്രവർത്തനത്തിനിറങ്ങി. വെന്റിലേറ്ററിലെ ഓക്‌സിജൻ സംവിധാനം ആദ്യംതന്നെ വിച്ഛേദിച്ചു. തുടർന്ന് അഗ്‌നിശമനി ഉപയോഗിച്ച് ജീവനക്കാർ തീയണച്ചു.

ഐ.സി.യു.വിൽ ഉണ്ടായിരുന്ന 16 രോഗികളെ എം.ഐ.സി.യു. വാർഡിലേക്ക് മാറ്റി. ഇതേ നിലയിലെ ട്രോമ ഐ.സി.യു.വിൽ ഉണ്ടായിരുന്ന 16 രോഗികളെയും മറ്റു വാർഡിലേക്ക് മാറ്റി.

ഐ.സി.യു.വിൽ പുക പടർന്നതോടെ രോഗികൾക്കും നഴ്സുമാരുമടക്കം ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഇവർക്ക് പ്രാഥമിക ചികിത്സ ലഭ്യമാക്കി. പിഴവിന്റെ കാരണം കണ്ടെത്താൻ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെ പറഞ്ഞു. വെന്റിലേറ്ററിൽനിന്നും തീപ്പൊരി ഉണ്ടായതടക്കമുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ കെ. കാർത്തിക് പറഞ്ഞു.

ബി.ജെ.പി. നേതാവ് വി. മുരളീധരൻ, മേയർ വി.വി. രാജേഷ്, കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, കോൺഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദ് തുടങ്ങിയവർ സ്ഥലത്തെത്തി.

Content Highlights: Fire caused by a short circuit in a portable ventilator at the surgical ICU., 32 patients were successfully evacuated to safer wards without casualties