കോർപ്പറേറ്റുകൾ ആരോഗ്യമേഖലയെ തകർക്കാൻ ലക്ഷ്യമിടുന്നു- മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പൊതുജനാരോഗ്യമേഖലയെ തകർക്കാൻ കോർപ്പറേറ്റുകൾ ലക്ഷ്യമിടുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനറൽ ആശുപത്രിയിൽ കിഫ്ബിയിലൂടെ നടപ്പാക്കുന്ന മാസ്റ്റർപ്ലാൻ നിർമാണത്തിന്റെ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ആശുപത്രികളിലെ കൈപ്പിഴ ന്യായീകരിക്കുകയോ സംരക്ഷിക്കുകയോ സർക്കാർ ചെയ്യുന്നില്ല. ഇത്തരം വീഴ്ചകൾ കൊട്ടിഗ്ഘോഷിക്കുകയാണ്. എന്നാൽ, സ്വകാര്യ ആശുപത്രികളിലെ കൈപ്പിഴയിൽ കണ്ണടയ്ക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ ആശുപത്രികൾ ചികിത്സാകേന്ദ്രത്തിനപ്പുറം പഠന- ഗവേഷക കേന്ദ്രമായി വികസിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യമന്ത്രി വീണാ ജോർജ് അധ്യക്ഷയായി. വി.കെ. പ്രശാന്ത് എം.എൽ.എ., ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന, ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. കൃഷ്ണവേണി, കോർപ്പറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻ പാറ്റൂർ രാധാകൃഷ്ണൻ, കൗൺസിലർ വഞ്ചിയൂർ പി. ബാബു, ഐ.പി. ബിനു തുടങ്ങിയവർ പങ്കെടുത്തു.
137 കോടി രൂപ ചെലവിലാണ് മാസ്റ്റർപ്ലാനിന്റെ ഭാഗമായുള്ള നാലുനില കെട്ടിടം നിർമിക്കുന്നത്. താഴത്തെനിലയിൽ റിസപ്ഷൻ ഏരിയ, ട്രോമാ കെയർ, ജനറൽ ഒ.പി., എ,ആർ,വി ക്ലിനിക്, ഫാർമസി, രണ്ടാം നിലയിൽ ഇന്റൻസീവ് കെയർ വാർഡുകൾ, സെമിനാർ റൂം, ഇ-ഹെൽത്ത്, ഭൂമിക ക്ലിനിക് മൂന്നാംനിലയിൽ ലബോറട്ടറി, ബ്ലഡ് ബാങ്ക്, സ്‌പെഷ്യാലിറ്റി, സൂപ്പർസ്‌പെഷ്യാലിറ്റി ഒ.പി., നാലാം നിലയിൽ കീമോതെറാപ്പി വാർഡ്, ഓപ്പറേഷൻ തിയേറ്റർ, ഡെന്റൽ ഒ.പി. എന്നിവയും സജ്ജീകരിക്കും.
ഇവ കൂടാതെ എ.സി. പ്ലാന്റ്, മെഡിക്കൽ ഗ്യാസ് യൂണിറ്റ്, ലോൺട്രി എന്നിവ ഉൾപ്പെടെയുള്ള സർവീസ് ബ്ലോക്ക് സജ്ജീകരിക്കും. പത്ത് ലിഫ്റ്റുകളും കെട്ടിടസമുച്ചയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.