തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ സംഘർഷം; മേയർക്ക് കാലിന് പരുക്ക്, 16 പേർ ആശുപത്രിയിൽ

തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ കൗൺസിലർമാർ ആശുപത്രിയിൽ
തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ കൗൺസിലർമാർ ആശുപത്രിയിൽ

തിരുവനന്തപുരം: കോർപ്പറേഷനിൽ ബി.ജെ.പി. കൗൺസിലർ ആർ. സുഗതന്റെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. മേയർ വി.വി.രാജേഷിനെ സിപിഎം കൗൺസിലർമാർ തടഞ്ഞു. പ്രതിഷേധത്തിനിടയിലും മേയർ ഓഫീസിലേക്ക് പ്രവേശിച്ചു. സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ആയതോടെ പോലീസ് ഇടപെട്ടു. സംഘർഷത്തിൽ കൗൺസിലർമാർക്കും ഒരു വനിത പോലീസ് ഉദ്യോഗസ്ഥയ്ക്കും പരിക്കേറ്റു.

16 കൗൺസിലർമാർ മെഡിക്കൽ കോളജിൽ ചികിത്സ തേടി. മേയർ വി.വി.രാജേഷും ഡെപ്യൂട്ടി മേയർ ആശാ നാഥും ഉൾപ്പടെയുള്ളവരാണ് ചികിത്സ തേടിയത്. മേയർക്ക് കാലിനാണ് പരുക്കേറ്റത്. തുടർന്ന് ഡോക്ടർമാർ എക്സ് റേ എടുക്കാൻ നിർദേശിച്ചു. തലയ്ക്ക് പരിക്കുപറ്റിയ സിപിഎം കൗൺസിലറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാട്ടായിക്കോണം കൗൺസിലർ സിന്ധു ശശിയെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. കൗൺസിലറുടെ തലയിൽ നാല് സ്റ്റിച്ചുണ്ട്.

ജനാധിപത്യപരമായ സമരമാണ് നടന്നതെന്ന് കോർപറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് പറഞ്ഞു. എന്നാൽ ബലം പ്രയോഗിച്ചുള്ള സമരം അംഗീകരിക്കില്ല എന്ന് മേയർ പറഞ്ഞു. അനാവശ്യ പ്രകോപനം സിപിഎം കൗൺസിലർമാരുടെ ഭാഗത്തുനിന്നുണ്ടായി. രാവിലെ മുതൽ മേയറെ കാണാൻ എത്തിയ ജനങ്ങളെ തടഞ്ഞു. ബി.ജെ.പി. വനിതാ കൗൺസിലർമാരെ ആക്രമിച്ചു. തനിക്ക് കാലിന് പരിക്കേറ്റുവെന്നും മേയർ വി.വി. രാജേഷ് പറഞ്ഞു.