പ്രശാന്ത്-ശ്രീലേഖ തർക്കം: അന്വേഷണം വാടകക്കൊള്ളയിലേക്ക്, വാടകക്കാരെ പൂട്ടാൻ രാജേഷ്

തിരുവനന്തപുരം: ഓഫീസ് മുറിയുമായി ബന്ധപ്പെട്ട് എംഎൽഎ വി.കെ. പ്രശാന്തും നഗരസഭാ കൗൺസിലർ ആർ. ശ്രീലേഖയും തമ്മിലുണ്ടായ തർക്കം മറ്റൊരു തലത്തിലേക്ക്. തിരുവനന്തപുരം കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക്കൊള്ള അന്വേഷിക്കാനുള്ള പുറപ്പാടിലാണ് ബി.ജെ.പി. കെട്ടിടങ്ങളുടെ വാടകത്തുക സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച മുഴുവൻ രേഖകളും ഹാജരാക്കാൻ സെക്രട്ടറിക്ക് ഉടൻ നിർദേശം നൽകുമെന്നും മേയർ വി.വി. രാജേഷ് അറിയിച്ചു.
മുന്നൂറോ മുന്നൂറ്റൻപതോ സ്‌ക്വയർഫീറ്റ് വരുന്ന കെട്ടിടം വാടകയ്ക്ക് നൽകിയിരിക്കുന്നത് കേവലം 832 രൂപയ്ക്കാണെന്ന് വി.വി. രാജേഷ് പറഞ്ഞു. പൊതുജനാവശ്യങ്ങൾക്കുവേണ്ടി പ്രവർത്തിക്കുന്ന മുറി എന്ന നിലയിൽ എംഎൽഎ ഓഫീസിന് ആ വാടക നിശ്ചയിച്ചതിൽ നിയമപരമായ ഇളവുണ്ടാകാം. പക്ഷേ, സ്വകാര്യ വ്യക്തികൾക്ക് അതേ വാടകയ്ക്ക് കെട്ടിടം നൽകിയതിൽ പിശകുണ്ട്. ശാസ്തമംഗലംപോലെ നഗരത്തിന്റെ ഹൃദയഭാഗത്ത് ഈ തുകയ്ക്ക് ഇത്ര സ്‌ക്വയർ ഫീറ്റുള്ള വേറെ ഏത് കെട്ടിടം കിട്ടും. കോർപ്പറേഷന് ഏകദേശം 15,000 രൂപ കിട്ടേണ്ടിടത്താണ് കേവലം 832 രൂപ ലഭിക്കുന്നത്. നഗരസഭയുടെ നൂറുകണക്കിന് വരുന്ന കെട്ടിടങ്ങളുടെ വാടകത്തുക പരിശോധിക്കേണ്ടിവരുമെന്നാണ് ഈ വാർത്ത വ്യക്തമാക്കുന്നതെന്നും രാജേഷ് പറഞ്ഞു.
നഗരത്തിന്റെ പലഭാഗങ്ങളായുള്ള നഗരസഭാ കെട്ടിടങ്ങൾ മിക്കതും തലമുറകളായി കൈമാറി വരുന്നവയാണ്. വർഷങ്ങൾക്ക് മുൻപ് ചെറിയ വാടകയ്‌ക്കെടുത്തവയാണ് ഇവ. മുൻപ് എടുത്തവർ കൂടിയ വിലയ്ക്ക് മറ്റുള്ളവർക്ക് വാടക നൽകുന്ന സ്ഥിതിയുമുണ്ട്. ഇതുസംബന്ധിച്ച മാനദണ്ഡങ്ങളടക്കം വിശദീകരിക്കാൻ സെക്രട്ടറിയോട് ആവശ്യപ്പെടുമെന്നും എല്ലാ രേഖകളും ഹാജരാക്കാൻ നിർദേശിക്കുമെന്നുമാണ് മേയർ അറിയിച്ചിരിക്കുന്നത്.
കഴിഞ്ഞതവണത്തെ നഗരസഭ ഭരണസമിതിയിൽ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ ഏറ്റവുമധികം അംഗങ്ങളുണ്ടായിരുന്നത് ബിജെപിയിൽനിന്നായിരുന്നു. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാൻ മാത്രമായിരുന്നു പ്രധാനമായും സിപിഎമ്മിൽനിന്നുണ്ടായിരുന്നത്. കെട്ടിടങ്ങൾ വാടകയ്ക്ക് നൽകിയതുമായി ബന്ധപ്പെട്ട് വലിയ കൊളള നടക്കുന്നുണ്ടെന്ന് ബിജെപി അന്നുതന്നെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇത്തവണ വി.വി. രാജേഷ് മേയറായി ചുമതല ഏറ്റെടുത്തതിനു പിന്നാലെതന്നെ വാടകകൊള്ള, ഇലക്ട്രിക് ബസ്സുകൾ നഗരത്തിന് പുറത്തേക്ക് ഓടുന്നത് സംബന്ധിച്ച കാര്യങ്ങൾ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Content Highlights: Scrutiny on Corporation Building Rentals: BJP Demands Transparency in Thiruvananthapuram