വിമാനത്താവളത്തിന്റെ ചുറ്റുമതിലിലേക്ക് കാർ ഇടിച്ചുകയറി അപകടം; സ്ത്രീകൾക്ക് പരിക്ക്, ഡ്രൈവർ കസ്റ്റഡിയിൽ

#ന്യൂസ് ഡെസ്ക്
വിമാനത്താവളത്തിലെ ചുറ്റുമതിലിലേക്ക് കാർ ഇടിച്ചുകയറി മതിൽ തകർന്ന നിലയിൽ
വിമാനത്താവളത്തിലെ ചുറ്റുമതിലിലേക്ക് കാർ ഇടിച്ചുകയറി മതിൽ തകർന്ന നിലയിൽ

തിരുവനന്തപുരം: അമിത വേഗതയിലെത്തിയ കാർ നിയന്ത്രണംവിട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചുറ്റുമതിൽ ഇടിച്ച് തകർത്തു. ഇടിയുടെ ആഘാതത്തിൽ മതിൽ പൊളിഞ്ഞു വീണു. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന പോത്തൻകോട് സ്വദേശികളായ രണ്ട് സ്ത്രീകൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കാറോടിച്ചിരുന്ന ബാലരാമപുരം സ്വദേശി മനുവിനെ കസ്റ്റഡിയിലെടുത്തെന്ന് വലിയതുറ എസ്.എച്ച്.ഒ ഡി.ഒ. ദിനേശ് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് 4.45-ന് ഓൾസെയിന്റസ്- ശംഖുംമുഖം റോഡിൽ എയർഫോഴ്‌സ് സ്റ്റേഷന് സമീപത്തെ ടെക്‌നിക്കൽ ഏരിയയിലെ വളവിലാണ് അപകടം. ഓൾസെയിന്റിസിൽനിന്ന് ശംഖുംമുഖത്തേക്ക് വന്ന കാർ വളവിൽ വെച്ച് നിയന്ത്രണം തെറ്റി വിമാനത്താവളത്തിലെ ടെക്‌നിക്കൽ ഏരിയക്ക് സമീപത്തെ 12 അടിയോളം പൊക്കമുളള ചുറ്റുമതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് വലിയതുറ പോലീസ് പറഞ്ഞു.

അപകടം കണ്ട് അതുവഴി കടന്നുപോയ വാഹനയാത്രക്കാരും വിമാനത്താവളത്തിലെ സുരക്ഷാസേനാംഗങ്ങളും വലിയതുറ പോലീസുമെത്തിയാണ് കാറിനുളളിൽ അകപ്പെട്ടവരെ പുറത്തെത്തിച്ചത്. കാറിനുളളിലുണ്ടായിരുന്ന സ്ത്രീകൾക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.

കഴിഞ്ഞ എട്ടുവർഷത്തിനിടെ ഇതേ മതിലിൽ ഇത് നാലാംതവണയാണ് കാറിടിച്ച് മതിൽ തകർന്ന് അപകടമുണ്ടാകുന്നത്. അഞ്ചുവർഷംമുൻപ് ഇതേ സ്ഥലത്ത് കാർ നിയന്ത്രണംവിട്ട് മതിലിലേക്ക് പാഞ്ഞുകയറി കാറോടിച്ചിരുന്ന വെട്ടുകാട് സ്വദേശിയായ യുവാവ് സംഭവസ്ഥലത്ത് മരിച്ചിരുന്നു. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകൻ ഉൾപ്പെട്ട സംഘം സഞ്ചരിച്ചിരുന്ന കാറും ഇതേ മതിലിൽ ഇടിച്ച് മതിൽ തകർത്തിരുന്നു. ഈ അപകടത്തിൽ കാറിലുണ്ടായിരുന്ന യുവാക്കൾക്ക് ഗുരുതര പരിക്കേറ്റിരുന്നു. ഓൾസെയിന്റസ് ഭാഗത്തുനിന്ന് ശംഖുംമുഖത്തേക്ക് വരുന്ന വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന് കാരണമാക്കുന്നതെന്ന് വലിയതുറ പോലീസ് പറഞ്ഞു.

Content Highlights: A speeding car lost control and crashed into the Thiruvananthapuram International Airport boundary wall., Two women from Pothencode sustained injuries and were hospitalized., The driver, Manu from Balaramapuram, was taken into custody by Valiathura police., This marks the fourth time an accident has occurred at this exact spot on the airport wall in eight years.