SBI സഹകരണസംഘത്തിലെ ക്രമക്കേട്: 28 പേരിൽനിന്ന് 11 കോടി ഈടാക്കാൻ ഉത്തരവ്, പണമടച്ചില്ലെങ്കില്‍ ജപ്തി

തൃശ്ശൂര്‍: എസ്ബിഐ സ്റ്റാഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ തൃശ്ശൂര്‍ ആര്‍. 345 ശാഖയില്‍ നടന്ന കോടികളുടെ ക്രമക്കേടില്‍ 28 പേരില്‍നിന്ന് 11 കോടി ഈടാക്കാന്‍ ഉത്തരവ്. സഹകരണനിയമം വകുപ്പ് 68(2) പ്രകാരം തൃശ്ശൂര്‍ ജോയിന്റ് രജിസ്ട്രാറാണ് ഉത്തരവിട്ടത്. ഒരു മാസത്തിനുള്ളില്‍ ഇവര്‍ പണം സ്വമേധയാ ഒടുക്കാത്തപക്ഷം ജപ്തി നടപടിയെടുക്കും.
സ്റ്റേറ്റ് ബാങ്ക് ജീവനക്കാരുടെ സഹകരണസംഘമാണിത്. ഇതിന്റെ പ്രവര്‍ത്തനത്തിന് ബാങ്കുമായി ഒരു ബന്ധവുമില്ല. 1973-ല്‍ പ്രവര്‍ത്തനം തുടങ്ങിയ സംഘത്തില്‍ 20 വര്‍ഷത്തിലേറെയായി ക്രമക്കേട് നടക്കുന്നുണ്ട്. 2018-ല്‍ അധികാരമേറ്റ പുതിയ ഭരണസമിതി അക്കൗണ്ടുകള്‍ കംപ്യൂട്ടര്‍വത്കരിച്ചപ്പോള്‍ എട്ടുകോടി രൂപയുടെ ക്രമക്കേട് കണ്ടെത്തി. മുന്‍പുണ്ടായിരുന്ന ഭരണസമിതിയുടെ കാലത്താണ് കണക്കുകള്‍ പെരുപ്പിച്ചുകാണിച്ച് തട്ടിപ്പുനടത്തിയത്. പുതിയ ഭരണസമിതി നല്‍കിയ പരാതിയിലാണ് സഹകരണവകുപ്പിന്റെ ഇപ്പോഴത്തെ നടപടി. വായ്പകള്‍ തിരിച്ചുപിടിക്കാനോ സംഘത്തെ നല്ല നിലയിലേക്ക് എത്തിക്കാനോ സാധിക്കുന്നില്ലെന്ന് കണ്ടെത്തി പുതിയ ഭരണസമിതി പിരിച്ചുവിട്ടു. ഇപ്പോള്‍ അഡ്മിനിസ്‌ട്രേറ്റീവ് ഭരണമാണ്.
തുടര്‍ച്ചയായി 29 വര്‍ഷം സൊസൈറ്റിയുടെ പ്രസിഡന്റായിരുന്ന കെ.വി. ഉക്രുവില്‍നിന്ന് 3.01 കോടിയും സംഘം മുന്‍ ഇന്റേണല്‍ ഓഡിറ്ററായ നന്ദകുമാരിയില്‍നിന്ന് 1.06 കോടിയും ഈടാക്കണം. ബാക്കിയുള്ളവര്‍ വിവിധ കാലങ്ങളിലെ ഭരണസമിതിയംഗങ്ങളാണ്. ഇവര്‍ 69 ലക്ഷം മുതല്‍ നാലു ലക്ഷം വരെ അടയ്ക്കണം. 1999 മുതല്‍ 2015 വരെയാണ് ഭൂരിപക്ഷം ക്രമക്കേടും നടത്തിയത്. ഈ കാലത്ത് സംഘം രേഖകളില്‍ ഓഡിറ്ററുടെ ഒരു രേഖപ്പെടുത്തലുമില്ല.
2003-ല്‍ സംഘത്തില്‍നിന്ന് സ്ഥാനമൊഴിഞ്ഞ കെ.വി. ഉക്രു 2017 വരെ സംഘത്തിലെത്തുകയും കണക്കുകള്‍ തയ്യാറാക്കുകയും ചെയ്തതായി കണ്ടെത്തി. ഇന്റേണല്‍ ഓഡിറ്ററായ നന്ദകുമാരി സംഘത്തില്‍ സംശയാസ്പദമായ ഇടപാട് നടത്തിയെന്നും അന്വേഷണറിപ്പോര്‍ട്ടിലുണ്ട്. നന്ദകുമാരി വിരമിച്ചശേഷം കാര്യമായ ക്രമക്കേട് നടന്നിട്ടില്ല. അതിനാല്‍ നന്ദകുമാരി കെ.വി. ഉക്രുവിനെ തട്ടിപ്പിന് സഹായിച്ചു എന്ന നിഗമനത്തിലാണ് സഹകരണവകുപ്പ്.
സഹകരണവകുപ്പിലെ ഒരു ഉന്നതോദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ക്രമക്കേട് നടന്നതെന്ന് ഡയറക്ടര്‍േബാര്‍ഡ് അംഗങ്ങള്‍ മൊഴി നല്‍കിയിട്ടുണ്ട്. 1974 മുതല്‍ 2003 വരെ സംഘം പ്രസിഡന്റായിരുന്ന കെ.വി. ഉക്രു ബാങ്കില്‍ ഹെഡ് അക്കൗണ്ടന്റായി ജോലിചെയ്തിരുന്ന ശാഖയിലാണ് സൊസൈറ്റിയുടെ അക്കൗണ്ടും സൂക്ഷിച്ചിരുന്നത്. ഈ ശാഖയുടെ കെട്ടിടത്തിലായിരുന്നു സൊസൈറ്റിയും. ഇതെല്ലാം ക്രമക്കേട് നടത്തുന്നതിന് കൂടുതല്‍ വഴിയൊരുക്കിയെന്നാണ് കണ്ടെത്തിയത്.
മൂന്നുവര്‍ഷമായി സംഘം നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കുന്നില്ല. 2023-ലെ ഓഡിറ്റ് പ്രകാരം 7.07 കോടി നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുണ്ട്. 600 അംഗങ്ങളുള്ള സംഘത്തില്‍ 70 േപരുടെ നിക്ഷേപമാണ് തിരികെക്കിട്ടാെത കിടക്കുന്നത്. ഇവരെല്ലാം വിരമിച്ചവരാണ്. വിരമിച്ചപ്പോള്‍ കിട്ടിയ ആനുകൂല്യമാണ് സംഘത്തിലിട്ടത്. പ്രായം കാരണം മിക്കവരും രോഗബാധിതരും അവശരുമാണ്. ചിലര്‍ സ്ഥിരം ചികിത്സയിലുമുണ്ട്.പണം തിരികെ ഒടുക്കേണ്ട 28 പേരില്‍ മൂന്നുപേര്‍ ഇപ്പോഴും സര്‍വീസിലുണ്ട്.
Content Highlights: thirssur sbi staff co operative society fraud case