KSEB കേബിൾ മുറിച്ചുകടത്താൻ 'സാഹസിക' ശ്രമം; ഏറെനേരം വൈദ്യുതി മുടങ്ങി, ഒഴിവായത് വൻ ദുരന്തം

കൊട്ടിയം (കൊല്ലം): മോഷ്ടാക്കളുടെ ‘അതിസാഹസിക’ശ്രമം കാരണം ഉത്രാടത്തലേന്ന് കൊട്ടിയത്ത് പലഭാഗങ്ങളിലും വൈദ്യുതിവിതരണം ഏറെേനരം തടസ്സപ്പെട്ടു. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെ ദേശീയപാതയിൽ കൊട്ടിയം പട്ടരുമുക്കിനു സമീപം മുസ്ലിം ജമാഅത്ത് പള്ളിക്കടുത്തുനിന്നാണ് ഭൂമിക്കടിയിലൂടെയുള്ള കെ.എസ്.ഇ.ബി.യുടെ 11 കെ.വി. യു.ജി.കേബിൾ മോഷ്ടിക്കാൻ ശ്രമം നടന്നത്.
കേബിൾ മുറിക്കുന്നതിനിടെ വൈദ്യുതിബന്ധം ഡ്രിപ്പായതിനാൽ വലിയദുരന്തം ഒഴിവായി. അപ്രതീക്ഷിതമായി വൈദ്യുതിവിതരണം നിലച്ചതോടെ വൈദ്യുതി ബോർഡ് ജീവനക്കാർ പരിശോധന നടത്തിയെങ്കിലും കാരണം കണ്ടെത്താനായില്ല. വെള്ളിയാഴ്ച പുലർച്ചയോടെയാണ് കേബിൾ മുറിച്ചനിലയിൽ കണ്ടത്. തുടർന്ന് മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാനായത്.
വൈദ്യുതി ബോർഡിന് വലിയ സാമ്പത്തിക നഷ്ടത്തിനും ഇത് കാരണമായി. വൈദ്യുതിവിതരണം തടസ്സപ്പെട്ടതോടെ മൂവായിരത്തോളം ഉപഭോക്താക്കളാണ് വലഞ്ഞത്. ഓണത്തിരക്കിനിടെ വൈദ്യുതിവിതരണം നിലച്ചത് വ്യാപാരികളെയും കഷ്ടത്തിലാക്കി. നിരവധി സ്ഥാപനങ്ങളിലെ ഓണാഘോഷപരിപാടികൾ പ്രതിസന്ധിയിലായി.
ദേശീയപാത ആറുവരിയാക്കുന്നതിന്റെ ഭാഗമായി ഓട നിർമിക്കുന്നതിന് കുഴിയെടുത്തതിനാൽ കേബിളിന്റെ പലഭാഗങ്ങളും പുറത്തുകാണാവുന്ന നിലയിലാണ്. വൈദ്യുതി പ്രവഹിച്ചിരുന്ന കേബിൾ മുറിക്കാൻ ശ്രമിച്ചത് വലിയ അപകടങ്ങൾക്കു കാരണമാകുമായിരുന്നെന്ന് ജീവനക്കാർ പറഞ്ഞു. സ്ഥലത്തുനിന്നും ഹാക്സോ ബ്ലേഡുകളും ലൈറ്ററും കമ്പികളും ലഭിച്ചു. കെ.എസ്.ഇ.ബി. അധികൃതർ കൊട്ടിയം പോലീസിൽ പരാതി നൽകി.
Content Highlights: Thieves attempted to cut and steal charged underground cable. Power outage at several areas Kollam