‘സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നയിച്ചിരുന്നവർ മുഖ്യമന്ത്രിയായാൽ അഹങ്കാരംകൂടും, കോൺഗ്രസിൽ അത് പാടില്ല’

പുതുയുഗയാത്രയിൽ ആരാധകരുടെ ചുമലിലായിരുന്ന വി.ഡി. സതീശന് മുഖ്യമന്ത്രിക്കസേരയിൽ നേരേ കയറിയിരിക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിനൊഴികെ കോൺഗ്രസിൽ എല്ലാവർക്കുമറിയാം. സീനിയോറിറ്റിയുടെപേരിൽ നേടിയെടുക്കാൻ, മുഖ്യമന്ത്രിതസ്തികയ്ക്ക് സീനിയർ സിറ്റിസൺ സംവരണമുണ്ടെന്നാണ് രമേശ് ചെന്നിത്തലയുടെ വിചാരം. സ്വയം ജയിക്കുകയും മുന്നണിയെ ആകെ ജയിപ്പിക്കുകയും ചെയ്യുന്നതിലും ക്ലേശകരമാണ് മുഖ്യമന്ത്രിയാകാനെന്ന് സതീശനിപ്പം മനസ്സിലായിക്കാണും. തിരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്നെങ്കിൽ മുഖ്യമന്ത്രിയാകാൻ എളുപ്പമായിരുന്നു. കോൺഗ്രസിൽ നോക്കുകൂലി നിരോധിച്ചിട്ടില്ലെന്ന് പുതുതലമുറയ്ക്ക് അറിയാത്തതിനാലാണ് ഫ്ലെക്സുമായി ഇറങ്ങുന്നത്.
2018-ലെ മധ്യപ്രദേശ് നിയമസഭാതിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജ്യോതിരാദിത്യ സിന്ധ്യയെ ചുമതലയേൽപ്പിച്ചു. ഗ്വാളിയാർ യുവരാജാവ് യുദ്ധത്തിനുള്ള പടയൊരുക്കി. മികച്ച ആസൂത്രണം, എതിരാളികളെ നിലംപരിശാക്കിയ പ്രചാരണം. ബി.ജെ.പി.ക്കായി നാലാം ഊഴത്തിനിറങ്ങിയ ശിവരാജ്സിങ് ചൗഹാനാണ് അപ്പുറം. കടുത്ത മത്സരത്തിൽ കോൺഗ്രസിന് 114 സീറ്റ്, ബി.ജെ.പി.ക്ക് 109. ബി.എസ്.പി.യുടെ സഹായത്തോടെ കോൺഗ്രസ് സർക്കാർ രൂപവത്കരിച്ചു. പക്ഷേ, പഴയ സിംഹം കമൽനാഥാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത്. സോണിയയും രാഹുലുമായി വളരെ അടുപ്പം സൂക്ഷിച്ചിരുന്ന ജ്യോതിരാദിത്യക്ക് ഇതുൾക്കൊള്ളാവുന്നതിലും അപ്പുറമായിരുന്നു. ക്രമേണ സ്വന്തം മണ്ഡലമായ ഗുണയിലെ ചെറിയ കാര്യങ്ങൾപോലും നടത്തിക്കിട്ടാൻ അദ്ദേഹം വിഷമിച്ചു.
അയ്യപ്പനെ പുലിപ്പാലിനായി കാട്ടിലേക്ക് അയച്ചപോലെ ഇതിനിടെ യു.പി.യുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറിയാക്കി. അവിടെ കഴിവുതെളിയിച്ച് വരട്ടെ. ഒടുവിൽ ഒഴിവുവന്ന രണ്ട് രാജ്യസഭാ സീറ്റിൽ ഒന്ന് ചോദിച്ചു. അതും കിട്ടിയില്ല. പാർട്ടിയിൽനിന്ന് പടിയിറങ്ങുന്നതിന് രണ്ടുദിവസംമുൻപ് സോണിയാഗാന്ധിയെക്കണ്ട് അവഗണനയുടെ താളുകൾ വായിച്ചുകേൾപ്പിക്കാൻ അവസാനശ്രമം നടത്തി. മുഖംകാണിക്കാൻപോലും അവസരം കിട്ടിയില്ല. അപമാനം സഹിക്കാനാകാതെ നീലഞരമ്പുകൾ പിടഞ്ഞു. ഒടുവിൽ അമ്മായി വസുന്ധരാജസിന്ധ്യവഴി ബി.ജെ.പി.യിലേക്കൊരു മിസ്ഡ് കോൾ അടിച്ചു. ചാർട്ടേഡ് വിമാനമെത്തി. അതിൽ ബി.ജെ.പി. ഭരിക്കുന്ന കർണാടകത്തിൽ പറന്നിറങ്ങി. ശേഷം ചിന്ത്യം. പിന്നീട് കോൺഗ്രസ് മധ്യപ്രദേശിൽ നിലംതൊട്ടിട്ടില്ല.
രാജസ്ഥാനിൽ 2018-ലെ തിരഞ്ഞെടുപ്പ്. ബി.ജെ.പി. തുടർച്ചയായി ഭരിക്കുന്നിടം. യുവനേതാവ് സച്ചിൻ പൈലറ്റിനെ കോൺഗ്രസ് ചുമതല ഏൽപ്പിക്കുന്നു. നമ്മുടെ ചാണ്ടി ഉമ്മനെപ്പോലെ പൈലറ്റ് സൈക്കിൾ ചവിട്ടിയും പദയാത്ര നടത്തിയും പ്രചാരണം കൊഴുപ്പിച്ചു. ഫലം വന്നപ്പോൾ കേവലഭൂരിപക്ഷത്തിന് ഒന്ന് കുറഞ്ഞ് 100 സീറ്റ്. അവിടെയും സർക്കാരുണ്ടാക്കി. പക്ഷേ, നമ്മുടെ കെ.സി. വേണുഗോപാൽജിയെപ്പോലെ കോൺഗ്രസ് സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്ന അശോക് ഗഹ്ലോതാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത്. പൈലറ്റും പാർട്ടിവിടുന്നതിന്റെ വക്കിലെത്തിയെങ്കിലും എങ്ങനെയൊക്കെയോ പിടിച്ചുനിർത്തി. അടുത്ത ഊഴത്തിൽ ബി.ജെ.പി. അധികാരത്തിൽ മടങ്ങിയെത്തി. പിന്നെ അങ്ങോട്ടും തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല.
2022-ൽ ഹിമാചൽപ്രദേശിൽ ഹിമാലയൻ അട്ടിമറിയായിരുന്നു. മുൻമുഖ്യമന്ത്രി, അന്തരിച്ച വീർഭദ്രസിങ്ങിന്റെ ഭാര്യ പ്രതിഭാസിങ്ങിനെ ഹൈക്കമാൻഡ് പി.സി.സി. പ്രസിഡന്റാക്കി മൊത്തം ചുമതലനൽകി. തിരഞ്ഞെടുപ്പിനുതൊട്ടുമുൻപ് പി.സി.സി. വർക്കിങ് പ്രസിഡന്റ് ഹർഷ് മഹാജനും മറ്റു രണ്ട് മുതിർന്ന നേതാക്കളും ബി.ജെ.പി.യിലേക്കു കൂറുമാറി. വീർഭദ്രസിങ്ങിനോടുള്ള ആദരവും പ്രതിഭയുടെ പ്രതിഭയുംകൂടി ചേർന്നപ്പോൾ വിജയം ആ വഴിക്കുവന്നു. കോൺഗ്രസ് സർക്കാരുണ്ടാക്കി. പക്ഷേ, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്തത് സുഖ്വിന്ദർ സിങ് സുഖുവെന്ന മറ്റൊരു നേതാവ്.
2023-ൽ കർണാടക തിരഞ്ഞെടുപ്പ്. ഏതു സംസ്ഥാനത്ത് കോൺഗ്രസ് എം.എൽ.എ.മാർ കൂറുമാറാനൊരുങ്ങിയാലും റിസോർട്ട് ഒരുക്കുന്നത് കർണാടകത്തിലെ ഡി.കെ. ശിവകുമാറാണ്. ഹൈക്കമാൻഡിന് വേണ്ടപ്പെട്ടവനായ ഡി.കെ. തിരഞ്ഞെടുപ്പ് നയിച്ചു. ഭരണം കിട്ടിയപ്പോൾ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി. രണ്ടരവർഷമാകുമ്പോൾ ഡി.കെ.യെ മുഖ്യമന്ത്രിയാക്കുമെന്ന വാഗ്ദാനം ഉണ്ടെന്നും ഇല്ലെന്നും പറയുന്നു. ഡി.കെ.യോടൊപ്പമുള്ള ചില എം.എൽ.എ.മാർ കഴിഞ്ഞയാഴ്ചയും വാഗ്ദാനംപാലിച്ചുകിട്ടാൻ ഡൽഹിയിൽ തമ്പടിച്ചു. അമ്മയെയും മകനെയും കാണാൻ കഴിഞ്ഞില്ല. നാട്ടുകാരാണെന്ന അടുപ്പംവെച്ച് ഒടുവിൽ ഖാർഗെജി വിളിച്ചുകയറ്റി ചായ കൊടുത്തു, കാര്യം തിരക്കി. നടക്കാത്ത കാര്യത്തിന് എന്തിന് വണ്ടിക്കൂലി ചെലവാക്കിയെന്നു ചോദിച്ചുവിട്ടു.
തെലങ്കാനയിൽ രേവന്തറെഡ്ഡി മുഖ്യമന്ത്രിയായതും എം.പി.യായിരിക്കേയാണ്. മധ്യപ്രദേശിലും രാജസ്ഥാനിലും വരമ്പത്ത് കൂലി കൊടുത്തിരുന്നെങ്കിൽ രാഹുൽജി പ്രധാനമന്ത്രിക്കസേരയിലിരുന്നേനെ. 28 സീറ്റുള്ള മധ്യപ്രദേശിൽനിന്ന് ഒരാളും ലോക്സഭയിലില്ല. കുറ്റം പറയരുതല്ലോ. 29 സീറ്റുള്ള രാജസ്ഥാനിൽനിന്ന് ഇരുപത്തിയെട്ടും ബി.ജെ.പി. എം.പി.മാരാണ്. ഒരാൾ കോൺഗ്രസും. രണ്ടിടത്തുംകൂടി 50 പേരെ കിട്ടിയിരുന്നെങ്കിൽ രാഹുലിന്റെ രാശി തെളിഞ്ഞേനെ. എന്തുചെയ്യാം? ഇരിക്കുന്ന കൊമ്പല്ലേ മുറിക്കാനാകൂ.
കോൺഗ്രസിൽമാത്രമല്ല ഈ പ്രശ്നം. 1987-ൽ 'കേരം തിങ്ങും കേരളനാട് കെ.ആർ. ഗൗരി ഭരിച്ചീടും' എന്ന് ചുമരായ ചുമരെല്ലാം സി.പി.എം. എഴുതിയെങ്കിലും ഇ.കെ. നായനാരാണ് മുഖ്യമന്ത്രിയായത്. 1996-ൽ മുഖ്യമന്ത്രിയാകുമെന്നുകരുതിയ വി.എസ്. അച്യുതാനന്ദൻ മാരാരിക്കുളത്ത് തോറ്റു. പകരം മുഖ്യമന്ത്രിയായി സുശീലാ ഗോപാലന്റെ പേരാണ് കേന്ദ്രകമ്മിറ്റി നിർദേശിച്ചത്. സംസ്ഥാനകമ്മിറ്റിയിൽ തീരുമാനം റിപ്പോർട്ടുചെയ്ത നായനാർ പറഞ്ഞു: 'സുശീലയുടെ പേരാണ് കേന്ദ്രകമ്മിറ്റി നിർദേശിച്ചത്. അതിന്മേൽ തീരുമാനമെടുക്കണം. പക്ഷേ, ഞാനും ഒരു സ്ഥാനാർഥിയാണ്.' പിന്നീട് വോട്ടെടുപ്പ് നടന്നു. രണ്ടുവോട്ടിന് നായനാർ മേൽക്കൈ നേടി, മുഖ്യമന്ത്രിയായി.
സംസ്ഥാനകമ്മിറ്റിയോഗത്തിനുപോയപ്പോൾ സുശീലാ ഗോപാലൻ മകൾ ലൈലയെ നായനാരുടെ വീട്ടിൽ ശാരദ ടീച്ചറെയാണ് ഏൽപ്പിച്ചിരുന്നത്. നായനാർ മുഖ്യമന്ത്രിയാകുന്നതറിഞ്ഞ് വീട്ടിലെത്തിയ പത്രലേഖകർക്ക് ടീച്ചറെടുത്ത നാരങ്ങാവെള്ളം കൊണ്ടുകൊടുത്തത് ലൈലയായിരുന്നു. ഫ്ലെക്സ് കീറുന്ന കാലമായിരുന്നില്ല അത്. സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പു നയിച്ചുവരുന്നവർ മുഖ്യമന്ത്രിയായാൽ അഹങ്കാരം കൂടും. കോൺഗ്രസ് ഭരണഘടനയിൽ അഹങ്കാരം അരുതെന്നു പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയൊന്നും ആയില്ലെങ്കിലും സാരമില്ല. അഹങ്കാരം സഹിക്കാനാകില്ല. സതീശനും രമേശനും ഗുരുവായൂരപ്പൻ നല്ലബുദ്ധി കൊടുക്കട്ടെ.
കുതിരപ്പവൻ സമ്മാനം
ഭരണവിരുദ്ധവികാരമല്ല തിരഞ്ഞെടുപ്പുപരാജയത്തിനു കാരണമെന്ന് ഇടതുമുന്നണി കണ്ടെത്തി. എല്ലാ മേഖലയിലും വികസനം. ക്ഷേമപരിപാടികളും കെങ്കേമം. പിന്നെ തോറ്റതെങ്ങനെ? മോഹൻലാൽ നടത്തിയ അഭിമുഖത്തിൽ തനിക്കേറെ ഇഷ്ടമായ ശ്ലോകം മുഖ്യമന്ത്രി ഉദ്ധരിക്കുന്നുണ്ട്: 'ഹൃദിസ്ഥമീശ്വരം ത്യക്ത്വാ, പ്രതിഷ്ഠാം പ്രതിമാം ഭജേൽ, കരസ്ഥ പായസം ത്യക്ത്വാ, കോപ്പരസ്ഥ ഗളം പിബേത്.' എന്നുവെച്ചാൽ മനുഷ്യന്റെ മനസ്സിലാണ് ഈശ്വരനുള്ളത്, അത് കാണാതെ പ്രതിഷ്ഠയ്ക്കുമുന്നിലേക്കു പോകുന്നത് കൈത്തണ്ടയിൽ വീഴുന്ന ഒരു തുള്ളി പായസം നക്കിയെടുക്കാൻ ശ്രമിക്കുമ്പോൾ ഉള്ളംകൈയിലെ പായസം നഷ്ടമാകുന്നതിനുതുല്യമാണ്.
സി.പി.എമ്മിനോട് അടുത്തുനിന്ന ന്യൂനപക്ഷവിഭാഗങ്ങളെ അകറ്റി ഭൂരിപക്ഷവിഭാഗങ്ങളുടെ പിന്തുണയ്ക്കായി ശ്രമിച്ചപ്പോൾ രണ്ടും നഷ്ടമായെന്നു ചുരുക്കം. മറ്റെന്തെങ്കിലും കാരണമുണ്ടെങ്കിൽ പറയീൻ. കുതിരപ്പവൻ സമ്മാനം. (എൻ.ബി.: രാജാവ് നഗ്നനാണെന്ന ഉത്തരം സ്വീകാര്യമല്ല.)
Content Highlights: Historical pattern of Congress leaders leading campaigns but losing the CM position to others. Case studies from Madhya Pradesh, Rajasthan, Himachal Pradesh, and Karnataka. Internal organizational dynamics and the 'seniority' vs 'campaign leadership' conflict. Comparison with historical CPM leadership transitions in Kerala. Analysis of why election-winning strategies fail to translate into CM roles for campaigners.