പ്രായമോ പരാധീനതകളോ ശാരീരിക ബുദ്ധിമുട്ടുകളോ പറഞ്ഞിരിക്കാൻ അറുമുഖന് സമയമില്ല,നെയ്തെടുക്കുന്ന ജീവിതങ്ങൾ

പത്തനംതിട്ട: വേദനകൾ മറന്ന് ഒരുകെട്ട് ഈറ്റക്കീറുകളിൽ ജീവിതം നെയ്തെടുക്കുകയാണ് അറുമുഖനും കുടുംബവും. വയസ്സ് 65 കഴിഞ്ഞു. പ്രായമോ പരാധീനതകളോ ശാരീരിക ബുദ്ധിമുട്ടുകളോ പറഞ്ഞിരിക്കാൻ അറുമുഖന് സമയമില്ല, ഇരുട്ടുന്നതിന് മുൻപ് കൈയിലുള്ള വലുതും ചെറുതുമായ ഈറ്റക്കുട്ടകൾ പകുതിയെങ്കിലും വിറ്റുതീർക്കണം. കഴിഞ്ഞ ദിവസം കമ്പത്തുനിന്ന് പത്തനംതിട്ട നഗരത്തിലേക്ക് വിൽക്കാനുള്ള കുട്ടകളുമായെത്തിയതാണ് അറുമുഖനും മൂത്ത മകൻ മുരുകനും. കൈയിൽ പല വലുപ്പത്തിലും ആകൃതിയിലും ആവശ്യങ്ങൾക്കും ഉപയോഗിക്കാനുള്ള 15-20-ഒാളം കുട്ടകളുണ്ട്. പൂക്കൊട്ടയും, പച്ചക്കറിയും പഴങ്ങളും ഇട്ടുവെയ്ക്കാനുള്ള കുട്ടകളും മഞ്ഞളും പുളിയും കാപ്പിയുമൊക്കെ വെയിലത്ത് ഇട്ട് ഉണക്കാനുള്ള കുട്ടകളും മുറംപോലെയുള്ള കുട്ടയും തുടങ്ങി കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന വലിയ വലുപ്പമുള്ള കുട്ടകളും അറുമുഖന്റെ കൈയിലുണ്ട്.
150 മുതൽ 1000 രൂപവരെയാണ് വില. രാവിലെമുതൽ തുടങ്ങുന്ന നടത്തമാണ്. നഗരത്തിലും പരിസരപ്രദേശങ്ങളിലുമായാണ് വിൽപ്പന. ഒരുദിവസം മൂന്നുമുതൽ അഞ്ച് കുട്ടകൾവരെയാണ് ഒരാൾക്ക് വിൽക്കാൻ സാധിക്കുന്നത്. വിൽക്കുന്പോൾ നല്ല വിലപേശലുള്ളതിനാൽ വലിയ ലാഭമൊന്നും കിട്ടുന്നില്ലെന്നാണ് അറുമുഖൻ പറയുന്നത്.
സ്വദേശമായ കമ്പത്തുനിന്ന് കിലോമീറ്ററുകൾ താണ്ടി തൃശ്ശൂരിലെത്തി അവിടെനിന്നാണ് ഇവർ കുട്ട നെയ്യാനുള്ള ഈറ്റ ശേഖരിക്കുന്നത്. കമ്പ് ഒന്നിന് 10 രൂപയാണ് ഈറ്റയുടെ വില. വലിയ ഒരു കുട്ട നിർമിക്കുന്നതിന് കുറഞ്ഞത് 20 കമ്പുകൾ എങ്കിലും വേണ്ടിവരും. ഈ ഈറ്റകൾകൊണ്ട് ഏതെങ്കിലുമൊക്കെ നാടുകളിൽ തെരുവുകളും ഒഴിഞ്ഞ പ്രദേശങ്ങളിലും ചെറിയ ടെന്റ് കെട്ടി താമസിച്ച് കുട്ടകൾ നെയ്തെടുക്കും. ശേഷം വിൽപ്പനയ്ക്കായി പല നാടുകളിലേക്ക്. വിറ്റുതീരുന്ന മുറയ്ക്ക് തിരിച്ച് നാട്ടിലേക്ക് പോകും. കുലത്തൊഴിലായിരുന്ന ഈറ്റക്കുട്ട നെയ്യൽ ഇപ്പോൾ കുടുംബത്തിൽ അറുമുഖനും മൂത്ത മകൻ മുരുകനും മാത്രമാണ് അറിയാവുന്നത്. ഇളയ മകന് നാട്ടിൽ കല്ലുകൊത്തലാണ് ജോലി. ബാക്കിയുള്ളത് രണ്ട് പെൺമക്കളാണ്, ഇവരെ വിവാഹം കഴിച്ചുവിട്ടു. ഏഴ് ചെറുമക്കളുമുണ്ട്. 40 വർഷമായി കുലത്തൊഴിൽ ചെയ്ത് ജീവിക്കുന്ന അറുമുഖന് ഇത് മാത്രമാണ് ആകെയുള്ള വരുമാനമാർഗം.
Content Highlights: The story of basket weaver arumughan