തലയുയർത്തി വൈക്കത്തെ തന്തൈ പെരിയാർ സ്മാരകം; ഉദ്ഘാടനത്തിന് വ്യാഴാഴ്ച MK സ്റ്റാലിൻ എത്തും

വൈക്കം വലിയ കവലയിലെ തന്തൈ പെരിയാർ സ്മാരകത്തിലെ ഇ.വി. രാമസ്വാമി നായ്ക്കരുടെ പ്രതിമ
വൈക്കം വലിയ കവലയിലെ തന്തൈ പെരിയാർ സ്മാരകത്തിലെ ഇ.വി. രാമസ്വാമി നായ്ക്കരുടെ പ്രതിമ

വൈക്കം: “തിരുവിതാംകൂറുകാർ അവരുടെ സ്വാതന്ത്ര്യത്തെ കാത്തുരക്ഷിക്കണം. മഹാരാജാവിനും അദ്ദേഹത്തെ താങ്ങുന്ന ബ്രിട്ടീഷ് ഗവൺമെന്റിനും പീരങ്കികളും വിമാനങ്ങളും ഉണ്ട്. സത്യാഗ്രഹികൾക്ക് അഹിംസ, സഹനം, ആത്മശക്തി എന്നീ ആയുധങ്ങൾ മാത്രമേയുള്ളൂ”. വൈക്കം സത്യാഗ്രഹത്തിന് പിന്തുണ അറിയിച്ച് എത്തിയ വലിയ ജനക്കൂട്ടത്തെ മുൻനിർത്തി പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കർ എന്ന തന്തൈ പെരിയാർ ഇങ്ങനെ പ്രസംഗിച്ചു. പല സ്ഥലങ്ങളിൽ അദ്ദേഹം നടത്തിയ തമിഴിലുള്ള പ്രസംഗം സിഹഗർജനംപോലെ ജനങ്ങളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി. പിന്നീട് അദ്ദേഹം 'വൈക്കം വീരൻ' ആയി മാറുകയായിരുന്നു.

തന്തൈ പെരിയാർ സ്മാരകത്തിലേക്ക്

1985-ൽ കേരള സർക്കാർ വൈക്കം വലിയ കവലയിൽ നൽകിയ 84 സെന്റ് സ്ഥലത്ത് തന്തൈ പെരിയാർ സ്മാരകം പണിയാൻ അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.ജി.ആർ. തീരുമാനിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം തമിഴ്‌നാട് മന്ത്രി ഡോ. നാവലർ വി.ആർ. നെടുഞ്ചെഴിയൻ തറക്കല്ലിട്ടു. 1994-ൽ സ്മാരകം അദ്ദേഹം തന്നെ തുറന്നുകൊടുത്തു. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് 8.14 കോടി രൂപ മുതൽമുടക്കി തമിഴ്നാട് സർക്കാർ സ്മാരകം നവീകരിച്ചു.

സ്മാരകത്തിലെ മ്യൂസിയം

പ്രത്യേകതകൾ

  • സ്മാരകത്തിന്റെ പ്രധാനകവാടം കയറുമ്പോൾ തന്തൈ പെരിയാറിന്റെ വലിയ പ്രതിമ സ്ഥിതിചെയ്യുന്നു. ആറടിക്ക് മുകളിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. പ്രതിമയ്ക്ക് പിന്നിലെ മതിലിൽ ഇ.വി. രാമസ്വാമി നായ്ക്കരുടെ ചിത്രം ആലേഖനം ചെയ്തിട്ടുണ്ട്.
  • ഇരുവശങ്ങളിലും നടപ്പാതയും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്. ഇരിപ്പിടങ്ങളും ഉണ്ട്.
  • വലതുവശത്താണ് രണ്ട് നിലകളിലായി മ്യൂസിയം. മ്യൂസിയത്തിലേക്ക് കയറുമ്പോൾ തന്നെ പെരിയാറിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.
  • ജീവചരിത്രം, സമരചരിത്രം എന്നിവകൂടാതെ പെരിയാറിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച തമിഴ്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലുള്ള രചനകളും സ്മാരകത്തിലുണ്ട്. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തിനായി പിണറായി വിജയനും എം.കെ. സ്റ്റാലിനും എത്തിയ ചിത്രങ്ങളും ഉണ്ട്.
  • സ്മാരകത്തിന്റെ പുറത്തെ ഭിത്തിയിൽ വലിയ സ്‌ക്രീനും ഉണ്ട്.
  • ഇടതുഭാഗത്താണ് ഓപ്പൺ സ്റ്റേജ് ഒരുക്കിയിരിക്കുന്നത്. ഓപ്പൺ സ്റ്റേജിന് മുകളിലായി റൂഫും നിർമിച്ചിട്ടുണ്ട്. ആധുനിക നിലവാരത്തിലാണ് നിർമാണം. ഇതിന് തൊട്ടുസമീപത്താണ് ഇരുനിലകളിലുള്ള ഗ്രന്ഥശാല കെട്ടിടം. ഇവിടെയാണ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ വലതുവശത്തായി കുട്ടികളുടെ പാർക്കും ശൗചാലയങ്ങളും.

സ്മാരകം തുറക്കാൻ സ്റ്റാലിൻ എത്തും

നവീകരിച്ച തന്തൈ പെരിയാർ സ്മാരകത്തിന്റെ ഉദ്ഘാടനം 12-ന് രാവിലെ 10-ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിക്കും. തുടർന്ന് വൈക്കം ബീച്ച് മൈതാനത്ത് നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അധ്യക്ഷതവഹിക്കും. ദ്രാവിഡ കഴക അധ്യക്ഷൻ കെ.വീരമണി വിശിഷ്ടാതിഥിയാകും. തമിഴ്‌നാട് മന്ത്രിമാരായ ദുരൈ മുരുകൻ, എ.വി.വേലു, എം.പി. സ്വാമിനാഥൻ, സംസ്ഥാന മന്ത്രിമാരായ വി.എൻ. വാസവൻ, സജി ചെറിയാൻ, കെ. ഫ്രാൻസിസ് ജോർജ് എം.പി., സി.കെ. ആശ എം.എൽ.എ., വൈക്കം നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് തുടങ്ങിയവർ പ്രസംഗിക്കും.

ഓപ്പൺ സ്റ്റേജ്

വൈക്കം സത്യാഗ്രഹവും തന്തൈ പെരിയാറും

1879 സെപ്റ്റംബർ 17-ന് തമിഴ്നാട്ടിലെ ഈറോഡിലാണ് ഇ.വി.രാമസ്വാമിനായ്ക്കർ ജനിച്ചത്. യുക്തിവാദിയായ അദ്ദേഹം വിദ്യാഭ്യാസാനന്തരം സാമൂഹിക പ്രവർത്തകനായി മാറുകയായിരുന്നു. 1924-ൽ വൈക്കം സത്യാഗ്രഹം തുടങ്ങിയ കാലഘട്ടത്തിലാണ് മുൻനിര നേതാക്കളായ ടി.കെ.മാധവൻ, കെ.പി.കേശവമേനോൻ, ബാരിസ്റ്റർ ജോർജ് ജോസഫ് തുടങ്ങിയവർ ജയിലിലാകുന്നത്. തുടർന്നാണ് ഇ.വി. രാമസ്വാമിനായ്ക്കർ വൈക്കത്തെത്തി സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്.

ബാരിസ്റ്റർ ജോർജ് ജോസഫും കെ.പി.കേശവമേനോനും ചേർന്നാണ് വൈക്കത്തെ സ്ഥിതിയെക്കുറിച്ച് പെരിയാർക്ക് കത്തയച്ചത്. മധുര യിലെ പണ്ണപുരം എന്ന ഗ്രാമത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് കത്ത് ലഭിക്കുന്നത്. കത്തുവായിച്ച അദ്ദേഹം താമസിക്കാതെ വൈക്കത്തേക്ക് പുറപ്പെട്ടു. ദ്വാരകദാസ്, നാരായണസ്വാമി എന്നിവരും തിരുവനന്തപുരത്തുനിന്ന് 17 സമരഭടൻമാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സത്യാഗ്രഹസ്ഥലത്തേക്ക് ആളുകളെയെത്തിക്കാനുള്ള ആശയപ്രചാരണത്തിനാണ് അദ്ദേഹം പ്രാധാന്യം നൽകിയത്. ഇതിനായി പല സ്ഥലങ്ങളിലും പെരിയാർ പ്രസംഗിച്ചു.

ഭരണകൂടം വൈക്കത്ത് നിരോധനാജ്ഞ പുറപ്പെടുവിച്ചു. നിരോധനാജ്ഞ ലംഘിച്ച് വീണ്ടും പ്രസംഗിച്ച പെരിയാറിനെയും മറ്റ് മൂന്ന് നേതാക്കളെയും ഏപ്രിൽ 23-ന് അറസ്റ്റുചെയ്ത് അരുവിക്കുറ്റിയിലുള്ള ജയിലിലടച്ചു. പെരിയാറിന്റെ ഭാര്യ നാഗമ്മാൾ വൈക്കത്തെത്തി. വനിതകളെ സംഘടിപ്പിച്ച് തിരുവിതാംകൂറിൽ പ്രചാരണം നടത്തി. പെരിയാർ ജയിൽമോചിതനായി വീണ്ടും സത്യാഗ്രഹത്തിൽ പങ്കെടുത്തു. ദേശഭ്രഷ്ട് കല്പിച്ചുകൊണ്ടാണ് ഭരണകൂടം നേരിട്ടത്. ഈ ഉത്തരവും ലംഘിക്കപ്പെട്ടു. ആറുമാസം കഠിനതടവായിരുന്നു അതിനുള്ള ശിക്ഷ.

Content Highlights: Tamil Nadu CM MK Stalin will inagurate Thanthai Periyar memorial at Vaikom on December 12