ബദൽപാത എന്ന് പറഞ്ഞുതന്നെ മടുത്തു; എന്നു തോരും വയനാടുകാരുടെ കണ്ണീർ, പ്രഖ്യാപിത പദ്ധതികളെല്ലാം കടലാസിൽ

കല്പറ്റ: താമരശ്ശേരി ചുരത്തിലുണ്ടായ മണ്ണിടിച്ചിൽ വയനാടിനെ ചെറുതായൊന്നുമല്ല പ്രതിസന്ധിയിലാക്കിയത്. താമരശ്ശേരി ചുരത്തിൽ വ്യൂപോയിന്റിനു സമീപം ഇടിഞ്ഞ മണ്ണും കല്ലും നീക്കാനുള്ള തീവ്രശ്രമം നടക്കുന്ന അതേസമയം കുറ്റ്യാടി ചുരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു. കുറ്റ്യാടി ചുരത്തിലും ചെറുതായി മണ്ണിടിഞ്ഞതോടെ വയനാടാകെ ആശങ്കയിലായി. ചികിത്സമുതൽ വിമാനത്താവളവും റെയിൽവേയുംവരെ കോഴിക്കോടിനെ ആശ്രയിക്കുന്ന വയനാടിന്റെ ജീവിതം സ്തംഭിക്കുകയാണ്. ഒറ്റപ്പെടലിന്റെ ഓരോ അനുഭവങ്ങൾക്കപ്പുറവും ബദൽപ്പാതകളെന്ന ആവശ്യവും ഉയരും.
ഇതിനോടകം ഒട്ടേറെ പ്രതിഷേധങ്ങളും സമരങ്ങളും അരങ്ങേറിയിട്ടുണ്ടെങ്കിലും ‘ബദൽപ്പാതകൾ’ ഇപ്പോഴും കടലാസിൽത്തന്നെ ഒതുങ്ങുകയാണ്. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ്, ചുരം ബൈപ്പാസ് റോഡ് എന്നിവയുടെകാര്യത്തിൽ നടപടികൾ പുരോഗമിക്കുന്നുവെന്ന പതിവുപറച്ചിലുകൾ ആവർത്തിക്കുന്നു. താമരശ്ശേരി ചുരത്തിൽ മണ്ണിടിഞ്ഞതോടെ ബദൽപ്പാതയ്ക്കായുള്ള ആവശ്യം ശക്തമാക്കി സംഘടനകളും രാഷ്ട്രീയപ്പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
കാത്തിരിപ്പിന്റെ മൂന്നുപതിറ്റാണ്ട്
ചുരമില്ലാതെ കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് നിർമാണം മൂന്നുപതിറ്റാണ്ടായി പാതിവഴിയിലാണ്. 1994 സെപ്റ്റംബർ 24-ന് പ്രവൃത്തി ഉദ്ഘാടനം നടത്തിയ 27 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ബദൽപ്പാതയുടെ 75 ശതമാനം നിർമാണവും പൂർത്തിയായശേഷമാണ് നിലച്ചുപോയത്. 12 കിലോമീറ്റർ വനത്തിലൂടെ കടന്നുപോവേണ്ടതിനാൽ ഏറ്റെടുക്കേണ്ട 52 ഏക്കർ വനഭൂമിക്കുപകരം 104 ഏക്കർ സ്ഥലം വനവത്കരണത്തിന് വിട്ടുകൊടുത്തിരുന്നു. തുടർന്ന് പൂഴിത്തോടുഭാഗത്ത് വനാതിർത്തിവരെ മൂന്നുകിലോമീറ്ററും പടിഞ്ഞാറത്തറ കാപ്പിക്കളംവരെ എട്ടുകിലോമീറ്ററും നിർമാണപ്രവൃത്തി നടത്തി. വനമല്ലാത്തഭാഗത്ത് മെറ്റൽറോഡുമുണ്ട്. എന്നാൽ, വനഭൂമി വിട്ടുനൽകുന്നകാര്യത്തിൽ കേന്ദ്ര വനംമന്ത്രാലയം തീരുമാനമെടുക്കാതെവന്നതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. പദ്ധതിക്ക് പുതുപ്രതീക്ഷയേകി 2024 മാർച്ചിൽ സാധ്യതാപഠനത്തിനായി സർക്കാർ തുക അനുവദിച്ചു. പൂഴിത്തോടുമുതൽ പടിഞ്ഞാറത്തറവരെ 27 കിലോമീറ്റർ ദൂരത്ത് പഠനം നടത്താനായി 1.5 കോടിരൂപയുടെ ഭരണാനുമതിയാണ് നൽകിയത്. വയനാട്ടിൽ ജിപിഎസ് സർവേ നടത്തിയെങ്കിലും കോഴിക്കോട് ജില്ലയിലെ സർവേ ഇതുവരെ പൂർത്തിയായിട്ടില്ല. പടിഞ്ഞാറത്തറ-പൂഴിത്തോട് ജനകീയകർമസമിതി പടിഞ്ഞാറത്തറ ടൗണിൽ നടത്തുന്ന റിലേസത്യാഗ്രഹം 970 ദിവസം പിന്നിട്ടു.
ചുരം ബൈപ്പാസും അനിശ്ചിതത്വത്തിൽ
കോഴിക്കോട്ടുനിന്ന് വയനാട്ടിലേക്ക് പ്രവേശിക്കാൻ വിഭാവനംചെയ്ത ചുരം ബൈപ്പാസ് റോഡിനും പുരോഗതിയില്ല. താമരശ്ശേരി ചുരംപാതയിലെ ചിപ്പിലിത്തോട് ജങ്ഷനിൽനിന്ന് തുടങ്ങി മരുതിലാവുവഴി തളിപ്പുഴ ജങ്ഷനിൽ എത്തിച്ചേരുന്നതാണ് നിർദിഷ്ട ബൈപ്പാസ്. 14 കിലോമീറ്റർ ദൂരമുള്ളതാണ് റോഡ്. കോഴിക്കോട് ജില്ലയിൽ 4.85 ഹെക്ടർ വനഭൂമിയും 21.1 ഹെക്ടർ സ്വകാര്യഭൂമിയും വയനാട് ജില്ലയിൽ ഇഎഫ്എലും റിസർവ് വനഭൂമിയുമുൾപ്പെടെ 12 ഹെക്ടറുമാണ് ഇതിനായി ആകെ ഏറ്റെടുക്കേണ്ടത്. രണ്ടുതവണ സർവേ നടത്തി മാസ്റ്റർപ്ലാൻ തയ്യാറാക്കിയതാണെങ്കിലും തുടർനടപടികളുണ്ടായില്ല. ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായ ബൈപ്പാസ് യഥാർഥ്യമാക്കണമെന്നാവശ്യപ്പെട്ട് വയനാട് ബൈപ്പാസ് സമരജാഥ സെപ്റ്റംബർ 16, 17 തീയതികളിൽ നടക്കാനിരിക്കുകയാണ്. വയനാട് ചുരം ബൈപ്പാസ് ആക്ഷൻകമ്മിറ്റിയും വ്യാപാരി വ്യവസായി ഏകോപനസമിതിയും ചേർന്നാണ് സുൽത്താൻബത്തേരിമുതൽ കോഴിക്കോടുവരെ ജാഥ നടത്തുന്നത്.
പ്രതീക്ഷയായി മേപ്പാടി തുരങ്കപാതയും ലക്കിടി-അടിവാരം റോപ്വേയും
ആശങ്കകൾക്കിടയിലും പ്രതീക്ഷയാവുകയാണ് ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയും ലക്കിടി അടിവാരം റോപ്വേയും. മേപ്പാടിയിൽനിന്ന് 22 കിലോമീറ്റർകൊണ്ട് കോഴിക്കോട് ജില്ലയിലെ ആനക്കാംപൊയിലിലെത്തുന്നതാണ് പദ്ധതി. കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് വയനാട്ടിലേക്കുള്ള യാത്രാദൂരവും ചുരത്തിലെ യാത്രാദുരിതവും കുറയുമെന്നതാണ് പദ്ധതിയുടെ പ്രയോജനം. പൊതുമരാമത്ത് വകുപ്പ്, കിഫ്ബി, കൊങ്കൺ റെയിൽവേ എന്നിവയുടെ ത്രികക്ഷികരാറിലാണ് നാലുവരി തുരങ്കപാതനിർമാണം നടക്കുക. ഭോപാൽ ആസ്ഥാനമായ ദിലീപ് ബിൽഡ്കോൺ, കൊൽക്കത്ത ആസ്ഥാനമായ റോയൽ ഇൻഫ്രാസ്ട്രക്ചർ എന്നീ കമ്പനികളാണ് കരാർ ഏറ്റെടുത്തത്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്. പദ്ധതിയുടെ പ്രവൃത്തി 31-ന് ആനക്കാംപൊയിൽ സെയ്ന്റ് മേരീസ് സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും.
താമരശ്ശേരി ചുരത്തിലെ കുരുക്കിന് ബദലായാണ് ലക്കിടി-അടിവാരം റോപ്വേ. വയനാട് ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുള്ള വെസ്റ്റേൺ ഘട്ട്സ് ലിമിറ്റഡ് എന്ന കമ്പനിയാണ് ലക്കിടിമുതൽ അടിവാരംവരെ 3.7 കിലോമീറ്റർ നീളത്തിൽ റോപ്വേ നിർമിക്കുക. 150 കോടി രൂപയാണ് പദ്ധതിച്ചെലവ്. 40 കേബിൾ കാറുകൾ ഉണ്ടാവും. പദ്ധതിക്കായി ലക്കിടിയിൽ ഒന്നേമുക്കാൽ ഏക്കർ സ്ഥലവും അടിവാരത്ത് പത്ത് ഏക്കർ സ്ഥലവും ഏറ്റെടുത്തിട്ടുണ്ട്.
മഴയും മണ്ണിടിച്ചിലും തുടരുന്നു; അനിശ്ചിതത്വത്തിൽ ചുരംപാത
വ്യൂപോയിന്റിനുസമീപത്തെ പാറക്കെട്ടിടിഞ്ഞ് മുപ്പതുമീറ്ററോളം ഉയരത്തിൽനിന്ന് കൂറ്റൻ പാറക്കല്ലുകളും മണ്ണും മരങ്ങളുമെല്ലാം ഒലിച്ചിറങ്ങി ദേശീയപാതയിൽ അടിയുകയും പിറ്റേന്നും മണ്ണിടിച്ചിലുണ്ടാവുകയുംചെയ്ത താമരശ്ശേരി ചുരത്തിൽ വാഹനഗതാഗതം അനിശ്ചിതത്വത്തിൽ. മണ്ണിടിച്ചിലും ഗതാഗതതടസ്സവുംകൊണ്ടുള്ള യാത്രാദുരിതം മൂന്നുദിവസത്തോളം പിന്നിട്ടുകഴിഞ്ഞു. തുടർച്ചയായ മണ്ണിടിച്ചിലും പ്രതികൂലകാലാവസ്ഥയും കാരണം ചുരംപാത പൂർണതോതിൽ എന്ന് ഗതാഗതസജ്ജമാവുമെന്നകാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്.
ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ പാറക്കെട്ടിടിഞ്ഞ് റോഡും റോഡരികും ആൾപ്പൊക്കത്തിൽ നിറഞ്ഞുനിന്നിരുന്ന കല്ലും മണ്ണും മരങ്ങളും രണ്ടേമുക്കാൽ മണിക്കൂർ നീണ്ട പരിശ്രമത്തിനുശേഷമായിരുന്നു അന്ന് വ്യൂപോയിന്റിനോടുചേർന്ന റോഡിൽനിന്ന് നീക്കിയതും അതുവരെ ചുരത്തിൽ കുടുങ്ങിക്കിടന്നിരുന്ന വാഹനങ്ങൾ കടത്തിവിട്ടതും. മഴയും കോടമഞ്ഞും ഉൾപ്പെടെയുള്ള പ്രതികൂലകാലാവസ്ഥയും ഇടിഞ്ഞുവീണ കല്ലുകളുടെയും മണ്ണിന്റെയും ബാഹുല്യവുംകാരണം പിറ്റേന്ന് പതിമ്മൂന്നരമണിക്കൂറോളംനീണ്ട മാരത്തൺ ദൗത്യത്തിനുശേഷമാണ് രാത്രി എട്ടരയോടെ അവ റോഡിൽനിന്ന് പൂർണമായി നീക്കംചെയ്തത്.
കുടുങ്ങിക്കിടന്ന വാഹനങ്ങൾ കടത്തിവിട്ടെങ്കിലും മണ്ണിടിച്ചിലിന് തുടർസാധ്യതയുണ്ടെന്ന വിദഗ്ധസംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വയനാട് ജില്ലാഭരണകൂടം ചുരത്തിൽ വ്യാഴാഴ്ചയും നിരോധനം തുടരാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, വാഹനങ്ങളെ തടയാതിരുന്നതിനാൽ വ്യാഴാഴ്ച രാവിലെ എട്ടുമണിവരെ ചുരംപാതയിലൂടെ വാഹനങ്ങൾ ഇരുദിശയിലും സഞ്ചരിച്ചു. പിന്നീട് രാവിലെ ഏഴുമണിയോടെ വീണ്ടും മണ്ണിടിച്ചിൽ തുടങ്ങിയതോടെയാണ് ആദ്യം പോലീസും പിന്നീട് ജില്ലാഭരണകൂടവും ഗതാഗതനിരോധനവുമായി രംഗത്തെത്തിയത്. രാവിലെ ഇടിഞ്ഞ പാറക്കെട്ടിന് മുകൾഭാഗത്തുനിന്ന് ഒട്ടേറെത്തവണ ചെറിയതോതിൽ മണ്ണിടിഞ്ഞ് കല്ലുകൾ താഴോട്ടുപതിച്ചു. പിന്നീട് ഉച്ചയ്ക്ക് വ്യൂപോയിന്റിലെ അതേസ്ഥലത്ത് വീണ്ടും വലിയതോതിൽ മണ്ണിടിച്ചിലുണ്ടായി. പാറക്കല്ലുകൾ റോഡിലേക്കുവീണതോടെയാണ് ചുരത്തിൽ ഗതാഗതം പൂർണമായി നിരോധിച്ച് കോഴിക്കോട് ജില്ലാഭരണകൂടം ഉത്തരവിറക്കിയത്. മണ്ണുമാന്തിയന്ത്രമെത്തിച്ചാണ് റോഡിലേക്കുവീണുകിടന്ന കല്ലുകളും മണ്ണും അഗ്നിരക്ഷാസേനയും സന്നദ്ധപ്രവർത്തകരും നീക്കംചെയ്തത്. വ്യാഴാഴ്ച വൈകീട്ടും രാത്രിയിലും അതേഭാഗത്ത് മണ്ണിടിച്ചിലുണ്ടായി.
മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് മുകൾഭാഗത്തായി ഇളകിയടർന്ന മണ്ണും പാറക്കല്ലുകളും ഏതുനേരവും താഴേക്കുപതിക്കാമെന്ന അപ്രവചനീയതയും ഇടതടവില്ലാതെ മഴപെയ്യുന്ന, രാപകൽ കോടമഞ്ഞിൽ പുതഞ്ഞുനിൽക്കുന്ന ചുരത്തിലെ പ്രതികൂലകാലാവസ്ഥയുമാണ് ഗതാഗതനിരോധനത്തിലേക്ക് ചുരംപാതയെ എത്തിച്ചിരിക്കുന്നത്. ചുരത്തിൽ മണ്ണിടിച്ചിൽ പതിവാണെങ്കിലും ഒരുദിവസത്തിനപ്പുറത്തേക്ക് സാധാരണ ഗതാഗതതടസ്സം ഉണ്ടാവാറില്ല. എന്നാൽ, ഫലത്തിൽ രണ്ടുപകലും മൂന്നുരാത്രിയുമാണ് വ്യൂപോയിന്റിനുസമീപത്തെ മണ്ണിടിച്ചിൽകാരണം ഇപ്പോൾ ഗതാഗതതടസ്സം നേരിട്ടത്. മഴ ശക്തമാവുന്നതും ഒരിക്കൽ മണ്ണിടിഞ്ഞഭാഗത്ത് അപകടഭീഷണി സൃഷ്ടിച്ചുകൊണ്ട് വീണ്ടും മണ്ണിടിഞ്ഞ് പാറകൾ റോഡിലേക്കുപതിക്കുന്നതും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മഴമാറാതെ ഈ ഭാഗത്ത് സുരക്ഷയൊരുക്കാനുള്ള പ്രവൃത്തികൾ ചെയ്യാനാവില്ലെന്നാണ് അധികൃതരുടെ പക്ഷം. മെറ്റൽ വയർനെറ്റോ മറ്റോ ഉപയോഗിച്ച് മണ്ണിടിച്ചിലുണ്ടായ ഭാഗത്ത് സംരക്ഷണഭിത്തിയൊരുക്കുകയെന്ന നിർദേശമാണ് നിലവിൽ അധികൃതർക്കുമുന്നിലുള്ളത്.
താമരശ്ശേരി ചുരം ഉടൻ ഗതാഗതയോഗ്യമാക്കണം
വയനാട്ടുകാരുടെ ആശ്രയമായ താമരശ്ശേരി ചുരം ഉടൻ ഗതാഗതയോഗ്യമാക്കണമെന്നും തുടർച്ചയായി ചുരംപാതയിലുണ്ടാകുന്ന മണ്ണിടിച്ചിലുകൾ തടയുന്നതിനുവേണ്ട നടപടികൾ പഠിക്കുന്നതിന് വിദഗ്ധസമിതിയെ അടിയന്തരമായി അയക്കണമെന്നും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയോട് പ്രിയങ്കാഗാന്ധി എംപി ആവശ്യപ്പെട്ടു. ചുരംപാതയിൽ ഗതാഗതം തടസ്സപ്പെടുന്നത് വയനാട് ജില്ലയിലെ ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. രാഹുൽഗാന്ധി എംപി 2023 നവംബറിൽ വിളിച്ചുചേർത്ത ദേശീയപാതാ ഉദ്യോഗസ്ഥരുടെ ഉന്നതയോഗത്തിലും പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽപാത, ചുരം ബൈപ്പാസ്, പുതുപ്പാടി-മുത്തങ്ങ നാലുവരിപ്പാത, താമരശ്ശേരി ചുരത്തിൽ സ്ഥിരം യാത്രാക്ലേശം സൃഷ്ടിക്കുന്ന കൊടുംവളവുകൾ വികസിപ്പിക്കുന്നത്, ഹൈവേ വികസനത്തിനായുള്ള സ്ഥലം ഏറ്റെടുക്കുന്നത് എന്നിവ വേഗത്തിലാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
കേന്ദ്രനിയമങ്ങളിൽ മാറ്റംവേണം -സിപിഐ
വയനാട് ജില്ലയിലേക്കുള്ള ബദൽപ്പാതകൾ യാഥാർഥ്യമാക്കാനുള്ള താമസം അടിയന്തരമായി പരിഹരിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി ഇ.ജെ. ബാബു. ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കുനതിനായിരിക്കണം മുൻഗണന. അമിത പരിസ്ഥിതിവാദം ഉന്നയിച്ച് ജില്ലയുടെ വികസനസാധ്യതകൾ കൊട്ടിയടയ്ക്കരുത്. നാടിന്റെ പുരോഗതിക്കൊപ്പം വയനാടിനും സ്ഥാനം ലഭിക്കണമെങ്കിൽ ബദൽപ്പാതകളുണ്ടാകണം. കള്ളാടി തുരങ്കപാതയുടെ നിർമാണവുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാർ തീരുമാനം പ്രതീക്ഷയോടെയാണ് കാണുന്നത്. ജില്ലയുടെ വികസനത്തിന് വിലങ്ങുതടിയായി നിൽക്കുന്ന കേന്ദ്ര വനനിയമങ്ങളിൽ മാറ്റംവേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചുരത്തിന് ബദൽപ്പാതയാണ് അത്യാവശ്യം -ബിജെപി
താമരശ്ശേരി ചുരത്തിന് ബദൽപ്പാതയാണ് ആവശ്യമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ. കഴിഞ്ഞദിവസം ചുരത്തിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചപ്പോൾ വയനാട് ഒറ്റപ്പെട്ടസ്ഥിതിയിലായി. വയനാട് കളക്ടർ ഉടൻ തുറക്കുമെന്നുള്ള വാഗ്ദാനം സ്ഥലം സന്ദർശിച്ച് നൽകിയതൊഴിച്ചാൽ കോഴിക്കോട് ജില്ലയുടെ ഭാഗമായ താമരശ്ശേരി ചുരത്തിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്താത്ത കോഴിക്കോട് കളക്ടറുടെ നിലപാട് ജനവിരുദ്ധമാണ്. വയനാട്ടിൽ ആധുനികരീതിയിലുള്ള ചികിത്സാസംവിധാനങ്ങൾ ഇല്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിനെ ആശ്രയിക്കുന്ന രോഗികൾ വളരെയധികം ബുദ്ധിമുട്ടുകയാണ്. ഉത്സവകാലത്ത് നാട്ടിലെത്താമെന്ന് പ്രതീക്ഷിക്കുന്ന പുറംനാടുകളിൽ ജോലിചെയ്യുന്നവരും പഠിക്കുന്നവരും ആശങ്കയിലാണ്. ചുരത്തിന് ബദൽപ്പാതകൾക്കായി വയനാടൻ ജനത മുറവിളികൂട്ടാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. ഈ ഘട്ടത്തിലെങ്കിലും വയനാട് എംപിയടക്കമുള്ളവർ ഉണർന്നുപ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരനടപടി വേണം -കോൺഗ്രസ്
താമരശ്ശേരി ചുരത്തിൽ വിവിധ കാരണങ്ങളാൽ നിരന്തരമായി ഗതാഗതക്കുരുക്കുണ്ടാകുന്ന സാഹചര്യത്തിൽ അടിയന്തരമായി ബദൽപ്പാതകൾ യാഥാർഥ്യമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ. ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപ്പാസ് റോഡ് ചുരത്തിലെ ഗതാഗതക്കുരുക്കിന് ഒരുപരിധിവരെ പരിഹാരമാകും. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡാണ് മറ്റൊന്ന്. ഈ റോഡ് പൂർത്തിയാക്കുന്നകാര്യത്തിലും ആവശ്യമായ ഇടപെടലുണ്ടാകുന്നില്ല. സംസ്ഥാനസർക്കാരിന്റെ വയനാടിനോടുള്ള അവഗണനയാണ് ഇതിൽനിന്നെല്ലാം വ്യക്തമാകുന്നതെന്ന് അപ്പച്ചൻ ആരോപിച്ചു.
രണ്ടുമണിക്കൂറെങ്കിലും മഴ ഒഴിയാതെ ചുരത്തിൽ വാഹനങ്ങൾ അനുവദിക്കാനാവില്ല -മന്ത്രി കെ. രാജൻ
തിരുവനന്തപുരം: രണ്ടുമണിക്കൂറെങ്കിലും മഴ ഒഴിയാതെ വാഹനങ്ങൾ വയനാട് ചുരത്തിലേക്ക് കയറ്റിവിടാൻ കഴിയില്ലെന്ന് മന്ത്രി കെ. രാജൻ. വയനാട് ചുരത്തിലെ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ ചർച്ചചെയ്യാൻ കളക്ടർമാരുടെ യോഗം ചേർന്നതിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ചുരത്തിന്റെ ഒൻപതാം വളവിൽ ഏകദേശം 80 അടി ഉയരത്തിലുണ്ടായ പാറയിലെ വിള്ളലുകളാണ് മണ്ണിടിച്ചലിന് കാരണമെന്ന് മന്ത്രി പറഞ്ഞു
ബ്ലോക്കുകളായാണ് പാറകൾ വിണ്ടിരിക്കുന്നത്. ഇതിൽനിന്ന് ഉദ്ഭവിച്ച വെള്ളച്ചാൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. മഴ ഒഴിഞ്ഞുനിന്നാൽ ഏതുസമയത്തും ചെറിയവാഹനങ്ങൾ കടത്തിവിടാനായി, റോഡിലെ മണ്ണും അവശിഷ്ടങ്ങളും നീക്കംചെയ്തുകഴിഞ്ഞു.ഏതെങ്കിലുംതരത്തിലുള്ള അടിയന്തരസാഹചര്യമുണ്ടായാൽ നേരിടുന്നതിന് ചെയിൻ ഹിറ്റാച്ചിയും ക്രെയിനുകളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. കോഴിക്കോട് കളക്ടറോട് സ്ഥലം സന്ദർശിക്കാനും മന്ത്രി നിർദേശിച്ചു.
വയനാട്, കോഴിക്കോട് കളക്ടർമാർ ഇടയ്ക്കിടെ ആശയവിനിമയം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഫയർഫോഴ്സ്, ജിയോളജി, മണ്ണ് സംരക്ഷണം, പോലീസ് എന്നീ വിഭാഗങ്ങൾ കോഴിക്കോട് ഡെപ്യൂട്ടി കളക്ടർ രേഖയുടെ നേതൃത്വത്തിൽ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
നിലവിൽ തുടർച്ചയായ മഴ ശക്തമാണെങ്കിലും വെള്ളിയാഴ്ചമുതൽ നാലുമണിക്കൂർ ഇടവേളയായി മഴയുടെ തോത് കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് ചുരത്തിലെ പാറകളിലുണ്ടായ വിള്ളൽ റോഡിനടിയിലേക്കും ആഴത്തിലുണ്ടോയെന്ന് പരിശോധിക്കാൻ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. അതുവരെ ഭാരവാഹനം കടത്തിവിടാൻകഴിയാത്ത സ്ഥിതിയാണ്.
കുറ്റ്യാടി ചുരംവഴി ചെറിയവാഹനങ്ങൾ കടത്തിവിടാനും നിർദേശം നൽകിയിട്ടുണ്ട്. കുറ്റ്യാടി ചുരത്തിലും ചെറിയ മണ്ണിടിച്ചിലുണ്ടായിരുന്നു. കുറ്റ്യാടി റോഡിൽ അറ്റകുറ്റപ്പണികളുണ്ടെങ്കിൽ യുദ്ധകാലടിസ്ഥാനത്തിൽ തീർക്കാൻ നിർദേശം നൽകിയിട്ടുണ്ട്. യോഗത്തിൽ ലാൻഡ് റവന്യു കമ്മിഷണർ എ. കൗശികനും ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസും പങ്കെടുത്തു.
Content Highlights: Thamarassery Churam Crisis