ആൺകുട്ടികളും പെൺകുട്ടിയും ലക്ഷ്യംവെച്ചത് കൊടൈക്കനാൽ; സ്കൂട്ടറിൽ കടക്കാൻ ശ്രമം, പിന്തുടർന്ന് പിടികൂടി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | ഫോട്ടോ: എഐ
പ്രതീകാത്മക ചിത്രം | ഫോട്ടോ: എഐ

താമരശ്ശേരി: താമരശ്ശേരിയിൽനിന്ന് വ്യാഴാഴ്ച പകൽ ഒരുമിച്ചു കാണാതായ പ്രായപൂർത്തിയാവാത്ത മൂന്ന് വിദ്യാർഥികളിൽ രണ്ടുപേരെ വെള്ളിയാഴ്ച രാത്രി പിടികൂടിയത് ടയറിന്റെ കാറ്റൊഴിച്ചുവിട്ട സ്കൂട്ടറിൽ വയനാട് ചിത്രഗിരി ഭാഗത്തുനിന്നു കടന്നുകളയുന്നതിനിടെ.

വൈകീട്ട് ആറരമുതൽ ചിത്രഗിരി മാട്ടയിൽ എസ്റ്റേറ്റ് പരിസരത്തെ കാപ്പിത്തോട്ടത്തിലും സമീപത്തെ വനമേഖലയിലുമായി നാട്ടുകാരും പോലീസും വനപാലകരും അഗ്നിരക്ഷാസേനാംഗങ്ങളുമെല്ലാം നാലരമണിക്കൂറോളം സമയം തിരച്ചിൽ നടത്തുന്നതിനിടെയാണ് എല്ലാവരുടെയും കണ്ണുവെട്ടിച്ച് കാപ്പിത്തോട്ടത്തിനിടയിലൂടെ രണ്ട് കിലോമീറ്ററോളം നടന്ന് 17-കാരനും പെൺസുഹൃത്തായ 15-കാരിയും റോഡിലേക്കിറങ്ങിയത്. ഇവർക്കൊപ്പം ഇറങ്ങിത്തിരിച്ച പതിനഞ്ചുകാരന്റെ സ്‌കൂട്ടർ എടുത്താണ് ഇരുവരും മുങ്ങാൻ ശ്രമിച്ചത്. കുട്ടികൾ കടന്നുകളയാതിരിക്കാൻ ഇതിന്റെ ഒരു ടയറിന്റെ കാറ്റ് നാട്ടുകാരിൽ ചിലർ ഒഴിച്ചുവിടുകയും ഇരുവരുമെത്തിയ ബൈക്ക് പോലീസ് കണ്ടെത്തി മാറ്റിയിടുകയുംചെയ്തിരുന്നു.

ഡ്രോൺ ക്യാമറയും ഡോഗ് സ്ക്വാഡിനെയും ഉപയോഗപ്പെടുത്തിയുള്ള പരിശോധന തുടങ്ങുമ്പോഴേക്കും നടന്ന് റോഡിലേക്കിറങ്ങിയ കുട്ടികൾ ഈ സ്കൂട്ടറെടുത്ത് കടന്നുകളയുന്നതിനിടെ തിരയാനെത്തിയവരുടെ കണ്ണിൽപ്പെടുകയായിരുന്നു. പെൺകുട്ടിയെ തേടിയെത്തിയ അവളുടെ ബന്ധുക്കൾ ഭക്ഷണംകഴിക്കാനായി പ്രദേശത്തുള്ള റോഡരികിലെ ഒരു ഹോട്ടലിലെത്തിയിരുന്നു. ഇതോടൊപ്പം തിരച്ചിലിനിടെ കാപ്പിമരത്തിന്റെ കൊമ്പുകൊണ്ട് തലയ്ക്ക് മുറിവുപറ്റിയ ഒരു നാട്ടുകാരനും ഇയാൾക്കൊപ്പം ആശുപത്രിയിലേക്ക് പോവാനിറങ്ങിയവരും റോഡിൽ നിൽപ്പുണ്ടായിരുന്നു. സ്കൂട്ടറിൽ പോയ കുട്ടികളെ യാദൃച്ഛികമായി കണ്ടതോടെ ഇവരും നാട്ടുകാരുമെല്ലാം വാഹനങ്ങളിൽ പിന്തുടർന്ന് പാടിവയൽ പ്രാഥമികാരോഗ്യകേന്ദ്രത്തിന് സമീപത്തുവെച്ച് രാത്രി 11 മണിയോടെ തടയുകയായിരുന്നു.

കൊടൈക്കനാലിലേക്ക് വിനോദയാത്രയ്ക്ക് ഇവർക്കൊപ്പം തന്റെ പെൺസുഹൃത്തിനെയും കൊണ്ടുപോവാനാണ് 15-കാരൻ പദ്ധതിയിട്ടതെങ്കിലും ആ പെൺകുട്ടി അവസാനനിമിഷം പിൻമാറിയെന്നാണ് പോലീസിന് ലഭ്യമായ വിവരം. വടുവൻചാലിലെ ഒരു പെട്രോൾ പമ്പിലെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്നാണ് മൂവരും ആ മേഖലയിലുണ്ടെന്നത് സ്ഥിരീകരിച്ചത്. പിന്നീട് സംസ്ഥാന അതിർത്തിയിലേക്ക് നീങ്ങിയെങ്കിലും ചോലാടി ചെക്ക് പോസ്റ്റിൽ പോലീസ് സാന്നിധ്യം കണ്ട് അവിടെനിന്നു മടങ്ങി.

പോലീസ് തങ്ങളെത്തേടി തിരച്ചിൽ നടത്തുന്നുവെന്ന തോന്നലിനെത്തുടർന്നാണ് ചിത്രഗിരി മാട്ടയിൽ എസ്റ്റേറ്റ് പരിസരത്തെത്തുന്നതും അവിടെ മരങ്ങൾ കൂട്ടിയിട്ട സ്ഥലത്ത് െെകയിലുള്ള ഷീറ്റ് വലിച്ചുകെട്ടി ഒരു രാത്രി തങ്ങുന്നതും. അരിയും പലഹാരങ്ങളും പാത്രങ്ങളും തമ്പടിക്കാൻ കണക്കാക്കി സാധനസാമഗ്രികളുമായി പോയ ഇവരുടെ ബാഗുകളുമെല്ലാം ഇവിടെനിന്ന് കണ്ടെടുത്തിരുന്നു. പതിനേഴുകാരന്റെ ഫോൺ പകുതിവിലയ്ക്ക് വിറ്റുകിട്ടിയ പണവുമായായിരുന്നു യാത്ര.

മൂവരെയും ശനിയാഴ്ച പുലർച്ചെയാണ് താമരശ്ശേരിയിലെത്തിച്ചത്. പോലീസ് സ്റ്റേഷനിലെ ശിശുസൗഹൃദ മുറിയിൽ താമസിപ്പിച്ച് രാവിലെ പത്തരയോടെ ശിശു ക്ഷേമ സമിതി ഓഫീസിലെത്തിച്ചു. കൗൺസലിങ്ങിനു ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയയ്ക്കുകയായിരുന്നു.

Content Highlights: Three students who went missing from Thamarassery were tracked down in Wayanad., A coordinated search involving police, fire force, and locals led to the discovery., The students planned a trip to Kodaikanal but were intercepted near Padiyaval., Police recovered evidence of the planned trip, including camping gear and supplies., The students were handed over to parents after counseling by the Child Welfare Committee.