റോഡ് അറ്റകുറ്റപ്പണിയും മരങ്ങൾ കയറ്റലും: താമരശ്ശേരി ചുരത്തിൽ വീണ്ടും ഗതാഗതനിയന്ത്രണം

താമരശ്ശേരി: താമരശ്ശേരി ചുരത്തിലെ ഏഴാംവളവിന് മുകൾഭാഗംമുതൽ ലക്കിടിവരെയുള്ള റോഡ് അറ്റകുറ്റപ്പണിയും ഹെയർപിൻ വളവുകൾ വീതികൂട്ടി നവീകരിക്കുന്നതിന്റെ ഭാഗമായി മുറിച്ചിട്ട മരങ്ങൾ ആറാംവളവിൽനിന്ന് ലോറിയിലേക്ക് മാറ്റിക്കയറ്റലും 22, 23 തീയതികളിലായി നടക്കും.
ഇതിന്റെ ഭാഗമായി വ്യാഴം, വെള്ളി ദിവസങ്ങളിൽ പകൽസമയങ്ങളിൽ മൾട്ടി ആക്സിൽ ചരക്കുവാഹനങ്ങൾക്കും ഭാരവാഹനങ്ങൾക്കും ചുരത്തിൽ പൊതുമരാമത്ത് ദേശീയപാതാവിഭാഗം നിയന്ത്രണമേർപ്പെടുത്തി.
മൾട്ടി ആക്സിൽ വാഹനങ്ങളും ഭാരവാഹനങ്ങളും ഈ സമയങ്ങളിൽ നാടുകാണിച്ചുരം വഴിയോ, കുറ്റ്യാടി ചുരം വഴിയോ തിരിച്ചുവിടാനും യാത്രക്കാർക്ക് സൗകര്യപ്രദമായ തരത്തിലുള്ള ഗതാഗതപുനഃക്രമീകരണത്തിനും നടപടിയാവശ്യപ്പെട്ട് പിഡബ്ല്യുഡി എൻഎച്ച് വിഭാഗംകൊടുവള്ളി അസി.എൻജിനിയർ എം. സലീം താമരശ്ശേരി, കല്പറ്റ ഡിവൈഎസ് പിമാർ, താമരശ്ശേരി-വൈത്തിരി തഹസിൽദാർമാർ എന്നിവർക്ക് കത്ത് നൽകി. ഗതാഗത ക്രമീകരണം ഫലപ്രദമായി നടപ്പാക്കിയില്ലെങ്കിൽ ഗതാഗതക്കുരുക്ക് രൂക്ഷമാവുമെന്ന് പൊതുമരാമത്ത് ദേശീയപാതാവിഭാഗം അധികൃതർ ചൂണ്ടിക്കാട്ടി.
റോഡ് അറ്റകുറ്റപ്പണിയുടെ ആദ്യഘട്ടവും മരംകയറ്റൽ പ്രവൃത്തി പുനരാരംഭിക്കലും നടന്ന ജനുവരി അഞ്ചിന് ചുരത്തിൽ ഗതാഗതനിയന്ത്രണം നടപ്പാക്കിയിരുന്നു.
അന്ന് ഒന്നാംവളവുമുതൽ ഏഴാംവളവുവരെയുള്ള ഭാഗത്തെ റോഡിലെ തകർച്ചയാണ് ടാർ മിശ്രിതമുപയോഗിച്ച് അറ്റകുറ്റപ്പണി നടത്തി താത്കാലികമായി പരിഹരിച്ചത്.
എട്ട്, ഒൻപത് ഹെയർപിൻ വളവുകൾ, വ്യൂപോയിന്റിൽ പാറയിടിച്ചിലുണ്ടായ ഭാഗത്തെ റോഡ് തകർന്ന ഭാഗം തുടങ്ങിയ സ്ഥലങ്ങളിലാണ് ഇനി അറ്റകുറ്റപ്പണി നടത്താനുള്ളത്.
ജനുവരി അഞ്ചിന് ജില്ലാ അതിർത്തിയിലെ വയനാട് ഗേറ്റിന് അപ്പുറം മൂന്നിടങ്ങളിലായി വയനാട് പോലീസ് മൾട്ടി ആക്സിൽ ഭാരവാഹനങ്ങൾ പിടിച്ചിട്ടിരുന്നു. മരംകയറ്റൽ പ്രവൃത്തി നടന്ന ദിവസങ്ങളിലൊന്നും നിയന്ത്രണം ലംഘിച്ചെത്തിയ ഭാരവാഹനങ്ങളെ തടയാൻ ഇരുജില്ലകളിലെയും പോലീസ് അധികാരികളുടെ ഭാഗത്തുനിന്ന് നടപടിയുണ്ടായിരുന്നില്ല.
എട്ടാം ഹെയർപിൻ വളവിൽ ഉൾപ്പെടെ റോഡ് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ വലിയ ചരക്കുവാഹനങ്ങൾ നിയന്ത്രണമില്ലാതെയെത്തിയാൽ പ്രവൃത്തിക്ക് തടസ്സവും ഗതാഗതക്കുരുക്കും ഉണ്ടാവുമെന്നത് മുൻകൂട്ടിക്കണ്ടാണ് വീണ്ടും ഗതാഗതനിയന്ത്രണത്തിന് നടപടി നിർദേശിച്ച് പൊതുമരാമത്ത് വകുപ്പ് ദേശീയപാതാവിഭാഗം പോലീസ്, റവന്യൂ അധികൃതരെ സമീപിച്ചിരിക്കുന്നത്.
അതേസമയം, ഒൻപതാംവളവിനു മുകളിൽ കഴിഞ്ഞ ഓഗസ്റ്റ് 26-നുണ്ടായ പാറയിടിച്ചിലിനെത്തുടർന്ന് സുരക്ഷയും ഗതാഗതസൗകര്യവും ഉറപ്പാക്കുന്ന പ്രവൃത്തി അധികം വൈകാതെത്തന്നെ ആരംഭിക്കും.
തുരങ്കപാതാനിർമാണം ഏറ്റെടുത്ത ദിലീപ് ബിൽഡ് കോൺ കമ്പനിയാണ് ചുരംപാതയോരത്ത് കല്ലുവീഴ്ചയെ പ്രതിരോധിക്കാനുള്ള പ്രത്യേക നെറ്റ് സജ്ജമാക്കി സുരക്ഷയൊരുക്കുന്ന പ്രവൃത്തി ഏറ്റെടുത്തുനടത്തുന്നത്. ഈ പ്രവൃത്തി നടക്കുന്ന സമയങ്ങളിൽ ഭാരവാഹനങ്ങൾ നിരോധിക്കാനും ക്രെയിൻ സർവീസ് ഉറപ്പാക്കാനും കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഓൺലൈൻ യോഗം തീരുമാനിച്ചിരുന്നു.
Content Highlights: thamarassery churam traffic restrictions