രണ്ട് ബിജെപിക്കാര്‍ പിന്തുണച്ചു; തലപ്പാടിയില്‍ എസ്ഡിപിഐ അംഗം പഞ്ചായത്ത് പ്രസിഡന്റായി

ബിജെപി-എസ്ഡിപിഐ
ബിജെപി-എസ്ഡിപിഐ

മംഗളൂരു: മഞ്ചേശ്വരം അതിരിടുന്ന ദക്ഷിണ കന്നട ജില്ലയിലെ തലപ്പാടി പഞ്ചായത്തില്‍ വ്യാഴാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അംഗങ്ങളുടെ പിന്തുണയോടെ എസ്ഡിപിഐയുടെ ടി. ഇസ്മയില്‍ പ്രസിഡന്റായി. ബി.ജെ.പിയുടെ പുഷ്പാവതി ഷെട്ടിയാണ് വൈസ് പ്രസിഡന്റ്.

24 അംഗ പഞ്ചായത്തില്‍ ബി.ജെ.പി -13, എസ്.ഡി.പി.ഐ -10, കോണ്‍ഗ്രസ് -ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. കോണ്‍ഗ്രസ് അംഗം വൈഭവ് ഷെട്ടിയും എസ്.ഡി.പി.ഐയുടെ ഡി.ബി. ഹബീബയും വോട്ടെടുപ്പിന് എത്തിയിരുന്നില്ല

ഇതോടെ അംഗങ്ങളുടെ എണ്ണം 22 ആയി. പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്ഡിപിഐയുടെ ടി.ഇസ്മയിലും ബി.ജെ.പിയുടെ സത്യരാജും തമ്മിലായിരുന്നു മത്സരം. ടി.ഇസ്മയിലിന് എസ്ഡിപിഐയുടെ ഒമ്പത് അംഗങ്ങളെ കൂടാതെ രണ്ട് ബി.ജെ.പി അംഗങ്ങളുടെ വോട്ടുകള്‍ കൂടി ലഭിച്ചു. ഇതോടെ രണ്ട് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍ക്കും 11 വീതം  വോട്ടുകള്‍ ലഭിച്ചു. തുടര്‍ന്നു നടന്ന നറുക്കെടുപ്പില്‍ ഇസ്മയില്‍ വിജയിച്ച് പ്രസിഡന്റാകുകയായിരുന്നു.

സംവരണം ചെയ്ത വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആ വിഭാഗം അംഗങ്ങള്‍ മത്സരിക്കാന്‍ ഇല്ലാത്തതിനാല്‍ പുഷ്പാവതി ഷെട്ടി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
 

Content Highlights: Thalapady panchayat-President for SDPI with the support of BJP members