കടലാസ് തീർന്നു; കെബിപിഎസിൽ 2026-2027 അധ്യയനവർഷത്തേക്കുള്ള പാഠപുസ്തക അച്ചടി നിലച്ചു

കാക്കനാട്: കാക്കനാട് കേരള ബുക്‌സ് ആൻഡ് പബ്ലിക്കേഷൻസ് സൊസൈറ്റിയിൽ പാഠപുസ്തകങ്ങളുടെ അച്ചടി നിലച്ചു. അച്ചടിക്കാനുള്ള കടലാസില്ലാത്തതാണ് കാരണം. വ്യാഴാഴ്ച ഒന്നാം വാല്യം പത്ത് ശതമാനം പൂർത്തിയായപ്പോഴാണ് കടലാസ് തീർന്നത്. ഇതോടെയാണ് 2026-2027 അധ്യയനവർഷത്തേക്കുള്ള പുസ്തകങ്ങളുടെ അച്ചടി നിലച്ചത്. കെബിപിഎസിനാവശ്യമായ പേപ്പർ വാങ്ങി നൽകാത്തതാണ് പ്രതിസന്ധിക്ക് കാരണം.
വ്യാഴാഴ്ച മൂന്ന് ഷിഫ്റ്റുകളിലും ജീവനക്കാർ എത്തിയെങ്കിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന പാഠപുസ്തകം അച്ചടിക്കുന്ന നാല് യന്ത്രങ്ങളിൽ ഒരെണ്ണം മാത്രമാണ് പേരിന് ഓടിയത്. കഴിഞ്ഞ വർഷത്തെ നീക്കിയിരിപ്പായി ഉണ്ടായിരുന്ന കടലാസ് ഉപയോഗിച്ചാണ് ഇത്രയുംദിവസം പാഠപുസ്തകം അച്ചടിച്ചത്. ഒന്നുമുതൽ പത്തുവരെയുള്ള ക്ലാസുകളിലെ ആറ് കോടിയോളം പുസ്തകങ്ങളാണ് രണ്ട് വാല്യങ്ങളായി കാക്കനാട് കെബിപിഎസിൽ അച്ചടിക്കുന്നത്. ഒന്നാം വാല്യത്തിൽ അച്ചടിക്കേണ്ടത് 3.94 കോടിയിലധികം പുസ്തകങ്ങളാണ്. ഇതിൽ 10 ശതമാനം മാത്രമാണ് അച്ചടി പൂർത്തിയായിട്ടുള്ളത്. ഇതൊക്കെ ബൈൻഡ് ചെയ്ത് വിതരണം ചെയ്തു തുടങ്ങി.
തമിഴ്നാട്ടിൽനിന്നാണ് കെബിപിഎസിനാവശ്യമായ കടലാസ് സർക്കാരിന്റെ സ്റ്റേഷനറി വകുപ്പ് വാങ്ങുന്നത്. ഒന്നുമുതൽ നാലുവരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾക്കായി 76 സെന്റിമീറ്റർ റീൽ വലുപ്പമുള്ള പേപ്പറും അഞ്ചു മുതൽ 10 വരെയുള്ള ഹൈസ്‌കൂളിലെ പുസ്തകങ്ങൾക്കായി 83 റീൽ വലുപ്പമുള്ള പേപ്പറുമാണ് ഉപയോഗിക്കുന്നത്. സാധാരണയായി നവംബർ മാസത്തിൽ അച്ചടി തുടങ്ങി ഏപ്രിൽ മാസത്തിൽ പുസ്തകം സ്‌കൂളിലെത്തിക്കുകയാണ് ചെയ്യുന്നത്. മാർച്ച് അവസാനത്തിലാണ് ഒന്നാം വാല്യം പൂർത്തിയാക്കേണ്ടത്. വിവിധ വകുപ്പുകളുടെ അനാസ്ഥ കാരണം അടുത്ത അധ്യയനവർഷം ക്ലാസ് തുടങ്ങിയാലും പാഠപുസ്തകം സ്‌കൂളിലെത്താത്ത സ്ഥിതി വരും.
അങ്ങനെ വന്നാൽ പഴി മുഴുവൻ കെബിപിഎസിന്റെ ചുമലിലാകുമോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ. കടലാസ് സ്റ്റോക്ക് തീർന്നതോടെ നിലവിൽ കെബിപിഎസിൽ ലോട്ടറിയുടെ അച്ചടി മാത്രമാണ് നടക്കുന്നത്.
എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിലെ പെരുമാറ്റച്ചട്ടം മൂലമാണ് പേപ്പർ ലഭ്യമാകാൻ വൈകിയതെന്നും നടപടിക്രമങ്ങൾ പൂർത്തിയായെന്നും തമിഴ്നാട്ടിൽ പൊങ്കൽ മൂലമാണ് കടലാസ് വരാൻ വൈകുന്നതെന്നും അധികൃതർ പറഞ്ഞു.
Content Highlights: textbook printing for 2026-27 halted due to a severe paper shortage. Learn about the crisis and its potential impact on students.