സ്മാര്‍ട്ട് സിറ്റി; നഷ്ടപരിഹാരം നല്‍കേണ്ടത് ടീകോം,സര്‍ക്കാരിന്റേത് കള്ളക്കള്ളിയെന്ന് ജോസഫ്.സി മാത്യു

തിരുവനന്തപുരം: സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍നിന്ന് ഒഴിവായ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള സര്‍ക്കാര്‍ നീക്കം കള്ളക്കളിയെന്ന് മുന്‍ ഐടി ഉപദേഷ്ടാവ് ജോസഫ് സി മാത്യു. വ്യവസ്ഥ അനുസരിച്ച് ടീകോമില്‍ നിന്നാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം ഈടാക്കേണ്ടതെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഒപ്പിട്ട കരാര്‍ വി.എസ് അച്യുതാനന്ദന്റെ കാലത്ത് പൊളിച്ചെഴുതിയിരുന്നുവെന്നും ജോസഫ് സി മാത്യു വ്യക്തമാക്കുന്നു.
2007-ല്‍ വി.എസ് അച്യുതാനന്ദന്റെ കാലത്ത് ടീകോമിന്റെ മാതൃകമ്പനിയായ ദുബായ് ഹോള്‍ഡിങ്‌സുമായി ഒപ്പുവെച്ച കരാറില്‍ എന്തെങ്കിലും കാരണവശാല്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നാണ് പദ്ധതിക്ക് തടസമുണ്ടാകുന്നതെങ്കില്‍ മാത്രമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കേണ്ടത് എന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. വൈദ്യുതി എത്തിക്കുന്നതും ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങളാണ് ഇതില്‍ പറയുന്നത്. എന്നാല്‍ കമ്പനിയുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെങ്കില്‍ അവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന് കരാറില്‍ കൃത്യമായി പറയുന്നുണ്ട്. അതിന് ആറ് മാസത്തെ നോട്ടീസ് പിരീഡിന്റെ ആവശ്യം മാത്രമാണുള്ളത്. എന്നാല്‍ ആ വ്യവസ്ഥകള്‍ക്കെല്ലാം വിരുദ്ധമായാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നടപടി. സാമ്പത്തികമായി ദുര്‍ബലാവസ്ഥയിലുള്ള സമയത്ത് ഈ നഷ്ടപരിഹാരം നല്‍കല്‍ സര്‍ക്കാരിന് അധികബാധ്യതയായും മാറും.
2007-ല്‍ വി.എസ് അച്യുതാനന്ദന്റെ കാലത്ത് പൊളിച്ചെഴുതിയ കരാറില്‍ തൊഴിലവസരങ്ങളെ കുറിച്ചും കെട്ടിട നിര്‍മാണത്തെ കുറിച്ചും നിബന്ധനകളുണ്ടായിരുന്നു. ഇത് പത്ത് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കണമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെ പത്ത് ശതമാനം പദ്ധതികള്‍ മാത്രമാണ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. അതിനാല്‍തന്നെ സമയബന്ധിതമായി കരാര്‍ പൂര്‍ത്തിയാക്കാത്തത് ടീകോമിന്റെ ഭാഗത്തുവന്ന വീഴ്ചയാണ്.
അതുപോലെ തിരിച്ചെടുത്ത 246 ഏക്കര്‍ ഭൂമി ആര്‍ക്ക് കൈമാറുമെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. അത് സ്വന്തക്കാര്‍ക്ക് നല്‍കാനുള്ള സര്‍ക്കാരിന്റെ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചിരുന്നു. പത്ത് വര്‍ഷക്കാലം കേരളത്തിലെ ചെറുപ്പക്കാരെ വഞ്ചിച്ച ടീകോമിനെതിരെ നടപടി എടുക്കണമെന്നും മന്ത്രിസഭാ യോഗ തീരുമാനം കരാറിന് വിരുദ്ധമാണെന്നും രമേശ ചെന്നിത്തലയും വ്യക്തമാക്കിയിരുന്നു.
കരാറൊപ്പിട്ട് 13 വര്‍ഷം കഴിഞ്ഞിട്ടും പദ്ധതിക്ക് കാര്യമായ പുരോഗതിയുണ്ടാകാത്തതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്മര്‍ദത്തിനൊടുവിലാണ് ടീകോമിന്റെ പിന്മാറ്റം. കെട്ടിട നിര്‍മാണത്തിനടക്കം പദ്ധതിയില്‍ ടീ കോം മുടക്കിയ തുക എത്രയെന്ന് വിലയിരുത്തി അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാണ് സര്‍ക്കാര്‍ തലത്തിലുണ്ടായ ധാരണ. യു.എ.ഇ.ക്ക് പുറത്തുള്ള പദ്ധതികളുമായി മുന്നോട്ടുപോകേണ്ടെന്ന ടീ കോമിന്റെ തീരുമാനത്തിന്റെ തുടര്‍ച്ചയായിക്കൂടിയാണ് പിന്മാറ്റം.
കാക്കനാട് ഇന്‍ഫോ പാര്‍ക്കിനോടുചേര്‍ന്ന് ഐ.ടി. ടൗണ്‍ഷിപ്പായിരുന്നു 2011-ല്‍ കരാര്‍ ഒപ്പിട്ട പദ്ധതിയുടെ ലക്ഷ്യം. പത്തുവര്‍ഷത്തോളമായി ദുബായ് ഹോള്‍ഡിങ്സ് കൊച്ചിയില്‍ കാര്യമായ നിക്ഷേപം നടത്തുകയോ കരാര്‍പ്രകാരമുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയോ ചെയ്തിരുന്നില്ല. പദ്ധതിയില്‍ കാര്യമായ ശ്രദ്ധപുലര്‍ത്താത്തതിനാല്‍ പിന്മാറ്റം സംബന്ധിച്ച് ടീ കോമുമായി സര്‍ക്കാര്‍തലത്തില്‍ പലവട്ടം ചര്‍ച്ച നടന്നിരുന്നു.
Content Highlights: tecom to pay compensation contract version kochi smart city project