കുട്ടികളുടെ ബാഗ് പരിശോധിക്കാൻ അധ്യാപകർ മടിക്കേണ്ട, വ്യാജപരാതിയിൽ കുടുക്കുമെന്ന ഭയംവേണ്ട-മുഖ്യമന്ത്രി

തിരുവനന്തപുരം: കുട്ടികളെ നിരീക്ഷിക്കാനും സംശയം തോന്നുകയാണെങ്കില്‍ അവരുടെ ബാഗ് പരിശോധിക്കാനും അധ്യാപകര്‍ മടിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെ ചെയ്യാന്‍ അധികാരപ്പെട്ടവരാണ് അധ്യാപകര്‍. വ്യാജപരാതിയില്‍ കുടുക്കുമെന്ന ഭയംവേണ്ടാ. ഒരു സമിതിയും ഇക്കാര്യത്തില്‍ നിങ്ങളെ കുറ്റപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര മയക്കുമരുന്നുവിരുദ്ധ ദിനാചരണത്തിന്റെയും 'നോ ടു ഡ്രഗ്സ്' അഞ്ചാംഘട്ടത്തിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ലഹരിയെപ്പറ്റി വിവരം നല്‍കുന്നവരെക്കുറിച്ചുള്ള വിവരംചോര്‍ത്തിയാല്‍ ആ ഉദ്യോഗസ്ഥന്‍ പിന്നെ സര്‍വീസിലുണ്ടാകില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പുനല്‍കി. സിന്തറ്റിക് ലഹരി ഉപയോഗത്തിലേക്കു പുതുതലമുറയില്‍ ചിലരെത്തിയെന്നത് ആശങ്കാജനകമാണ്. കുറഞ്ഞ അളവില്‍പ്പോലും മാരക പ്രത്യാഘാതം ഉണ്ടാക്കുന്നവയാണിവ. ഇതു ഭാവിതലമുറയെ ഇല്ലാതാക്കുകയാണ്.
ലഹരിമാഫിയ സ്‌കൂള്‍ കുട്ടികളെ ലക്ഷ്യമിടുന്നുണ്ട്. സാമൂഹികമാധ്യമങ്ങളും ലഹരിമാഫിയയുടെ വിപണനകേന്ദ്രങ്ങളാകുന്നു. വീട്ടില്‍ ലഭിക്കാത്ത സ്വാതന്ത്ര്യവും സ്‌നേഹവും പുറമേനിന്നു ലഭിക്കുന്നുവെന്നുതോന്നുമ്പോള്‍ കുട്ടികളില്‍ ചിലര്‍ കെണിയില്‍ വീഴുകയാണ്. ഇതു സംഭവിക്കാന്‍ പാടില്ലാത്തതാണ്. കുഞ്ഞുങ്ങളെ ചേര്‍ത്തുപിടിച്ചുതന്നെ അവരെ വലയിലാക്കാന്‍ തക്കംപാര്‍ത്തിരിക്കുന്നവരെ തകര്‍ക്കാനാവണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
സമ്പൂര്‍ണ ലഹരിവിമുക്ത കുടുംബം, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ ഉദ്ഘാടനം, ലഹരിവിരുദ്ധസന്ദേശം നല്‍കുന്ന പത്ത് ബാലസാഹിത്യ പുസ്തകങ്ങളുടെ പ്രകാശനം തുടങ്ങിയവയും മുഖ്യമന്ത്രി നിര്‍വഹിച്ചു.
മന്ത്രി എം.ബി. രാജേഷ് അധ്യക്ഷനായി. മന്ത്രിമാരായ വി. ശിവന്‍കുട്ടി, ജി.ആര്‍. അനില്‍, ആര്‍. ബിന്ദു, വീണാജോര്‍ജ്, വി.കെ. പ്രശാന്ത് എംഎല്‍എ, ജില്ലാപ്പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍, ധനവകുപ്പ് അഡി. ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, അഡിഷണല്‍ എക്‌സൈസ് കമ്മിഷണര്‍ കെ.എസ്. ഗോപകുമാര്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Content Highlights: teachers should check students bags says cm pinarayi vijayan on anti drug day