ടാഗോറിൽ ചോരുന്നത് 23 കോടി, നവീകരിച്ച തിയേറ്റർ പഴയതിലും പരിതാപകരം

തിരുവനന്തപുരം: കോടികൾ ചെലവഴിച്ച് നവീകരിച്ച ടാഗോർ തിയേറ്റർ പഴയതിലും പരിതാപകരമായ സ്ഥിതിയിൽ. 23.04 കോടി ചെലവഴിച്ചെങ്കിലും ഇപ്പോഴും പരാധീനതകൾ മാത്രം ബാക്കി. അശാസ്ത്രീയമായ നവീകരണവും നിലവാരമില്ലാത്ത നിർമാണവുമാണ് തിയേറ്ററിന്റെ ഇപ്പോഴത്തെ സ്ഥിതിക്കു കാരണം. കെട്ടിടം ചോർന്നൊലിച്ച് സാങ്കേതികസംവിധാനങ്ങൾ ഉപയോഗിക്കാനാവാതെ തിേയറ്റർ വീണ്ടും ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുകയാണ്.
അത്യാധുനിക ഹൈഡെഫിനിഷൻ സൗണ്ട് സിസ്റ്റമാണ് തിേയറ്ററിൽ സ്ഥാപിച്ചിട്ടുള്ളത്. പക്ഷേ, ഇത് പ്രൊജക്ടർ പ്രവർത്തിക്കുമ്പോൾ മാത്രമേ ഉപയോഗിക്കാനാവുകയുള്ളൂ. ലക്ഷങ്ങൾ ചെലവഴിച്ചു സ്ഥാപിച്ച ശബ്ദസംവിധാനമുള്ളപ്പോൾ, വാടകയ്ക്ക് എടുക്കുന്നവർ പുറത്തുനിന്നു ശബ്ദസംവിധാനം എത്തിക്കണം. പ്രൊജക്ടറിൽ ഉപയോഗിക്കുന്ന ഒന്നരലക്ഷം വിലവരുന്ന ലൈറ്റും ഇല്ല. ചലച്ചിത്രമേള നടക്കുമ്പോൾ മേള സംഘാടകരാണ് ഇതു കൊണ്ടുവരുന്നത്. മറ്റു സമയങ്ങളിൽ പ്രൊജക്ടറും ഉപയോഗിക്കാനാവില്ല. തിയേറ്ററിലെ വെളിച്ച സംവിധാനം മാത്രമാണ് ഇപ്പോഴും കുഴപ്പമില്ലാതെ പ്രവർത്തിക്കുന്നത്.
വില്ലോ വുഡ് എന്ന തടി ഉപയോഗിച്ച് നിർമിച്ച വേദി ദക്ഷിണേന്ത്യയിലെ ഏറ്റവും വലുതാണ്. എന്നാൽ, സദസ്സിലെ കസേരകൾ അശാസ്‌ത്രീയമായാണ് സ്ഥാപിച്ചിട്ടുള്ളത്. സദസ്സിന്റെ ഏറ്റവും മുന്നിലിരിക്കുന്നവർക്കു വേദിയിലിരിക്കുന്നവരെ കാണാൻ ബുദ്ധിമുട്ടാണ്.
ബാൽക്കെണിയിലെ സീറ്റുകളിൽ ഇരിക്കുന്നവർക്കും വേദി കാണുന്നതിന് ആയാസപ്പെടേണ്ടിവരും. കോടികൾ ചെലവഴിച്ചെങ്കിലും അശാസ്‌ത്രീയതകളൊന്നും പരിഹരിച്ചിട്ടില്ല. 2011-ൽ നാലുവർഷത്തോളം തിയേറ്റർ അടച്ചിട്ടാണ് കേരള ട്രാൻസ്‌പോർട്ട് ഡിവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷനെ നോഡൽ ഏജൻസിയാക്കി നവീകരണം നടത്തിയത്.
തോട്ടമില്ല; തോട്ടക്കാരുണ്ട്
അഞ്ച് ഏക്കറോളം സ്ഥലത്ത് പൂന്തോട്ടം ഉൾപ്പെടെയുണ്ടായിരുന്നെങ്കിലും നവീകരണം കഴിഞ്ഞതോടെ പൂന്തോട്ടം ഇല്ലാതായി. മൂന്ന് ഗാർഡനർമാരെ ശമ്പളം നൽകി നിലനിർത്തിയിട്ടുണ്ട്. എന്നാൽ, കെട്ടിടവും പരിസരവും ശുചീകരിക്കാൻ ഒരു തൊഴിലാളി മാത്രമാണുള്ളത്. പരിപാടികൾ കഴിയുന്നതോടെ ടാഗോറും പരിസരവും മുഴുവൻ മാലിന്യക്കൂമ്പാരമാകും. സംഘാടകരെക്കൊണ്ടുതന്നെ ശുചീകരണം നടത്തിയാണ് പലപ്പോഴും പിടിച്ചുനിൽക്കുന്നത്.
പരിപാടികൾ മാറ്റിവെക്കുന്നു
ലിഫ്റ്റ്, ജനറേറ്റർ, എസി തുടങ്ങിയ സാങ്കേതികസംവിധാനങ്ങളെല്ലാം തകർച്ചയുടെ വക്കിലാണ്.
കഴിഞ്ഞവർഷം എസി കേടായതിനെത്തുടർന്ന് സൂര്യാമേള അടക്കമുള്ള പരിപാടികൾ മാറ്റിെവച്ചിരുന്നു. തുടർന്ന് തിയേറ്ററിന്റെ ചുമതലയുള്ള പിആർഡിയാണ് അറ്റകുറ്റപ്പണി നടത്തിയത്. സോളാർ സിസ്റ്റം സ്ഥാപിച്ചതോടെയാണ് തിേയറ്ററിന്റെ ചോർച്ച രൂക്ഷമായതെന്നാണ് കരുതുന്നത്.
മഴക്കാലത്തിനു മുൻപ് കെട്ടിടത്തിന്റെ ചോർച്ച പരിഹരിക്കാനുള്ള അറ്റകുറ്റപ്പണി നടത്താനുള്ള ശ്രമത്തിലാണ് പിആർഡി അധികൃതർ.
Content Highlights: Renovated with crores, Tagore Theatre remains dysfunctional