സർക്കാരിന്റെ പോക്ക് അത്രനല്ലതല്ല, പിണറായിയും കൂട്ടരും സന്തോഷം കൊണ്ട് ആർത്തുവിളിക്കുന്നു- ടി.പത്മനാഭൻ

#ന്യൂസ് ഡെസ്ക്
•  മന്ത്രി സണ്ണി ജോസഫ് ടി.പത്മനാഭനെ വീട്ടിലെത്തി പൊന്നാടയണിയിക്കുന്നു
•  മന്ത്രി സണ്ണി ജോസഫ് ടി.പത്മനാഭനെ വീട്ടിലെത്തി പൊന്നാടയണിയിക്കുന്നു

കണ്ണൂർ: സർക്കാർ എങ്ങനെയുണ്ടെന്ന് കഥാകൃത്ത് ടി.പത്മനാഭൻ മന്ത്രി സണ്ണി ജോസഫിനോട്. നന്നായി പോകുന്നുവെന്ന് മന്ത്രി. ‘നന്നായി തന്നെയാണോ പോകുന്നത്. ഈ സർക്കാരിന്റെ പോക്ക് അത്ര നല്ലതല്ല. നന്നായാൽ നല്ലത്.’ പത്മനാഭൻ തുറന്നടിച്ചു. മന്ത്രിയായശേഷം പത്മനാഭനെ സന്ദർശിക്കാനെത്തിയതായിരുന്നു സണ്ണി ജോസഫ്.

‘ആ വക്കീലിനെ നിയമിച്ചത് ശരിയായില്ല. പിണറായിയും കൂട്ടരും സന്തോഷം കൊണ്ട് ആർത്തുവിളിക്കുകയാണ്’-കഥാകൃത്തിന്റെ വാക്കുകൾക്ക് മുന്നിൽ മറുപടിയൊന്നും പറയാതെ മന്ത്രി പുഞ്ചിരിച്ചു. ‘പപ്പേട്ടാ, ശ്രമിക്കുന്നുണ്ട്. ശരിയാകും’ -കൂടെയുണ്ടായിരുന്ന കോൺഗ്രസ് നേതാവ് കെ.പ്രമോദ് പറഞ്ഞു. ‘നന്നായാൽ സന്തോഷം, അത്രയേയുള്ളൂ. എത്രയും നേരത്തേയായാൽ അത്രയും സന്തോഷം’-പത്മനാഭൻ കൂട്ടിച്ചേർത്തു.

‘രാജ്യത്തെതന്നെ ഏറ്റവും പഴയ കോൺഗ്രസുകാരനാണ് ഞാൻ. 10 വയസ്സാകും മുൻപ് കണ്ണൂർ വിളക്കുംതറയിൽ നടന്ന കോൺഗ്രസ് സത്യാഗ്രഹത്തിൽ പങ്കെടുത്തയാളാണ്. ക്വിറ്റിന്ത്യാസമരത്തിലും പങ്കെടുത്തിട്ടുണ്ട്. 1943 മുതൽ ഖാദി വസ്ത്രമാണ് ഉടുക്കുന്നത്. ലോകം മുഴുവൻ ഖദർമുണ്ടും ഷർട്ടുമിട്ടാണ് യാത്ര ചെയ്തത്. ചെറുപ്പക്കാരായ ന്യൂജൻ കോൺഗ്രസ് നേതാക്കൾക്ക് ഖദറിടുന്നവരോട് പുച്ഛമാണ്. അതിൽ സങ്കടമുണ്ട്. വി.കെ.കൃഷ്ണമേനോൻ വിദേശത്ത് കോട്ടിട്ട് നടന്നാലും നാട്ടിലെത്തിയാൽ ഖദർവസ്ത്രമാണ് ധരിക്കുക’ -അദ്ദേഹം പറഞ്ഞുനിർത്തി. പിരിയുന്നതിനുമുൻപ് സർക്കാരിനെ വിമർശിച്ചപ്പോൾ വീണ്ടും പ്രമോദ് ഇടപെട്ടു. ‘പപ്പേട്ടാ, 10 വർഷത്തെ ഭരണം മാറിവന്നതല്ലേ. ശരിയാകും.’

സംസാരം യാത്രയിലേക്കും യാത്രാവിവരണത്തിലേക്കും കടന്നു. ‘ഞാൻ നിരവധി രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ടെങ്കിലും യാത്രാവിവരണം എഴുതില്ലെന്ന് തീരുമാനിച്ചതാണ്. കാരണം, വിദേശത്ത്‌ പോകാത്തവർവരെ കനമുള്ള യാത്രാവിവരണം എഴുതിയിട്ടുണ്ട്. ഐ.എ.എസ്. ഉദ്യോഗസ്ഥർ, താമസിക്കുന്ന ഹോട്ടലുകളിലെ ടൂറിസം പ്രചാരണ പുസ്തകങ്ങൾ ഉപയോഗിച്ച് യാത്രാവിവരണങ്ങൾ എഴുതിയിട്ടുണ്ട്. ഇതൊക്കെ കൊണ്ടാണ് യാത്രാവിവരണം എഴുതേണ്ടെന്ന് തീരുമാനിച്ചത് -അദ്ദേഹം പറഞ്ഞു. മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഭാഷാജ്ഞാനത്തെയും വിജ്ഞാനത്തെയും വായനയെക്കുറിച്ചുമെല്ലാം പത്മനാഭൻ പുകഴ്‌ത്തി. മുഖ്യമന്ത്രി വി.ഡി.സതീശൻ കണ്ണൂരിലേക്ക് വരുന്നത് എപ്പോഴാണെന്നുകൂടി മടങ്ങും മുൻപ് മന്ത്രിയോട് അദ്ദേഹം അന്വേഷിച്ചു.

Content Highlights: T. Padmanabhan expresses dissatisfaction with the current government's performance., Concerns raised regarding legal appointments and party leadership., Padmanabhan reflects on his long-standing history with the Congress party., Criticism of modern youth leaders' attitude toward Khadi., Refusal to write travelogues due to lack of authenticity in contemporary works.