പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെൻഷനിലായ മുൻ ഗൺമാന്റെ കറക്കം; അന്വേഷണത്തിന് നിർദേശം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന് അനുവദിച്ച ഔദ്യോഗിക അകമ്പടി വാഹനങ്ങളിലൊന്ന് സസ്‌പെൻഷനിലായ മുൻ ഗൺമാൻ അനിൽ കുമാർ ഉപയോഗിച്ചതായി റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന സമയത്താണ് അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ അനിൽ കുമാർ വാഹനം പുറത്തേക്ക് കൊണ്ടുപോയത്.
കുപ്രസിദ്ധമായ 'രക്ഷാപ്രവർത്തനം' എന്ന പേരിലുള്ള ലാത്തിച്ചാർജ് സംഭവവുമായി ബന്ധപ്പെട്ടാണ് അനിൽ കുമാറിനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തിരുന്നത്. സസ്‌പെൻഷൻ നടപടി നേരിടുന്നതിനിടെയാണ് ഇയാൾ ഔദ്യോഗിക അകമ്പടി വാഹനം ദുരുപയോഗംചെയ്തത്. ഇന്നലെ പത്തനാപുരം, ഏനാത്ത് എന്നീ ഭാഗങ്ങളിലൂടെയാണ് ഇയാൾ വാഹനം കൊണ്ടുപോയതെന്നാണ് റിപ്പോർട്ട്.
വിഷയം സംബന്ധിച്ച് ഇന്റലിജൻസ് എഡിജിപി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിർദേശം നൽകി.
Content Highlights: State police have ordered an investigation after reports emerged that a suspended gunman misused an official escort vehicle assigned to opposition leader Pinarayi Vijayan.