തൃശ്ശൂരിൽ വികസനം മന്ദഗതിയിൽ, പൂർത്തിയായത് ഒരു പദ്ധതിമാത്രം, അവലോകന യോഗങ്ങളിൽ എംപി പങ്കെടുക്കുന്നില്ല- സിപിഐ

#ന്യൂസ് ഡെസ്ക്
സുരേഷ് ​ഗോപി | Photo: PTI
സുരേഷ് ​ഗോപി | Photo: PTI

ഇരിങ്ങാലക്കുട: തൃശ്ശൂർ എംപി സുരേഷ്‌ഗോപിക്ക് പ്രാദേശിക വികസന ഫണ്ടായി 10 കോടി രൂപ അനുവദിക്കപ്പെട്ടെങ്കിലും ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തികരിച്ചത് ഒരെണ്ണം മാത്രമാണെന്ന് സിപിഐ. ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി. മണിക്ക് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് മുല്ലശ്ശേരി ഗ്രാമപ്പഞ്ചായത്തിൽ 16,80,000 രൂപയുടെ ഒരു റോഡ് വാർക്കൽ മാത്രം പൂർത്തീകരിക്കപ്പെട്ടതെന്ന് പറയുന്നത്.

എംപി ഫണ്ട് അവലോകനം ചെയ്യുന്നതിനായി ഇക്കാലയളവിൽ നാലുതവണ യോഗം ചേർന്നു. ഒരു യോഗത്തിൽ പോലും എംപി പങ്കെടുത്തിട്ടില്ലെന്നും പ്രാദേശിക വികസന ഫണ്ട് അനുവദിക്കുന്നതിൽ ഭൂരിഭാഗം പഞ്ചായത്തുകളെയും അവഗണിച്ചതായും സിപിഐ കുറ്റപ്പെടുത്തി.

വികസനത്തിന്റെ വായ്ത്താരി മുഴക്കി ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ ഈ യാഥാർത്ഥ്യം തിരിച്ചറിയണമെന്ന് സിപിഐ മണ്ഡലം സെക്രട്ടേറിയറ്റ് യോഗം അഭ്യർഥിച്ചു.

സമർപ്പിച്ചത് 8.30 കോടിയുടെ പദ്ധതി

ഇതുവരെ എട്ടുകോടി 30 ലക്ഷം രൂപയുടെ പദ്ധതികൾ ജില്ലാ പ്ലാനിങ്‌ ഓഫീസർക്ക് സമർപ്പിച്ചിട്ടുണ്ടെന്നും ഭരണാനുമതി നൽകാൻ വൈകിക്കുകയാണെന്നും സുരേഷ് ഗോപിയുടെ ഓഫീസ് അറിയിച്ചു. പദ്ധതി സമർപ്പിച്ചാൽ 45 ദിവസത്തിനകം ഭരണാനുമതി നൽകിയിരിക്കണമെന്നാണ് കേന്ദ്രസർക്കാർ നിഷ്‌കർഷിച്ചിരിക്കുന്നത്. എന്നാൽ ഇവിടത്തെ ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥർ പദ്ധതികൾക്ക് അനുമതി നൽകാതെ ഇഴയ്ക്കുകയാണ്. തൃശ്ശൂർ കോർപറേഷനിൽ ഫെബ്രുവരി- മാർച്ചിൽ കൊടുത്ത പദ്ധതികൾക്ക് ഭരണാനുമതി നൽകിയത് ഒക്ടോബർ 28-നാണ്.

സുരേഷ് ഗോപി ഒരു എംപി മാത്രമല്ല, കേന്ദ്രമന്ത്രികൂടിയാണെന്നും അദ്ദേഹത്തിന്റെ അഭാവത്തിൽ പിഎയാണ് യോഗങ്ങളിൽ പങ്കെടുക്കാറുള്ളതെന്നും ഓഫീസ് വ്യക്തമാക്കി.

സുരേഷ് ഗോപിയുടെ വികസനപ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കുന്നവർ മറ്റ് 19 എംപിമാരുടെ എത്ര ഫണ്ട് ഉപയോഗിച്ചിട്ടുണ്ടോയെന്ന് ചോദിക്കാത്തത് എന്താണ്. പദ്ധതി പൂർത്തിയാക്കി അതിന്റെ ബിൽ റിലീസ് ചെയ്ത് പണം കരാറുകാരന് പോയാൽ മാത്രമേ സിസ്റ്റത്തിൽ അപ്‌ഡേറ്റാകൂ. അതുകൊണ്ടാണ് ഒരു പദ്ധതി മാത്രം കാണിക്കുന്നതെന്നും ഓഫീസ് വ്യക്തമാക്കി.