എയിംസ് പ്രഖ്യാപിക്കാതെ വോട്ടുചോദിക്കാൻ വരില്ലെന്ന് സുരേഷ് ഗോപി; കേന്ദ്രത്തിന് വാശിയെന്ന് മുരളീധരൻ

#സ്വന്തം ലേഖകൻ
സുരേഷ് ​ഗോപി, കെ.മുരളീധരൻ | ഫോട്ടോ: മാതൃഭൂമി
സുരേഷ് ​ഗോപി, കെ.മുരളീധരൻ | ഫോട്ടോ: മാതൃഭൂമി

തൃശ്ശൂർ/തിരുവനന്തപുരം: കേരളത്തിൽ എയിംസ് വരുമെന്നും കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനംവരാതെ വോട്ടുചോദിച്ചു വരില്ലെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. 2024-ലെ തിരഞ്ഞെടുപ്പിൽ എയിംസ് താൻ വാഗ്ദാനം ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എയിംസിന്റെ സ്ഥലം എവിടെയാണെന്ന് ആരും മിണ്ടുന്നില്ല. കാർഷിക സർവകലാശാലയുടെ സ്ഥലത്തെക്കുറിച്ച് താനും മന്ത്രി കെ. മുരളീധരനും ക്ലീമിസ് ബാവായെ ആദരിക്കുന്ന ചടങ്ങിൽവെച്ച് സംസാരിച്ചിരുന്നു. അത് ഡീലാണെന്ന് പലരും പറഞ്ഞു. പക്ഷേ, എയിംസാണ് ചർച്ചചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഒരുകാരണവശാലും കേരളത്തിന് എയിംസ് നൽകരുതെന്ന വാശിയാണോ കേന്ദ്രത്തിനെന്ന് സംശയിക്കുന്നതായി മന്ത്രി കെ. മുരളീധരൻ. കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ടുകണ്ടപ്പോൾ എയിംസ് നൽകാമെന്ന രീതിയിലാണ് സംസാരിച്ചത്. കേരളത്തിലെ എം.പി.മാരെല്ലാം ആവശ്യപ്പെട്ടതാണെന്നും അതിനാൽ കേരളത്തിന് എയിംസ് നൽകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഉപരാഷ്ട്രപതി വന്നപ്പോഴും ഉറപ്പായും എയിംസ് ഉണ്ടാകുമെന്ന് പറഞ്ഞു. കേരളം സ്ഥലം കാണിച്ചുകൊടുക്കാഞ്ഞിട്ടല്ല, കേരളത്തിന് തരില്ലെന്ന വാശിയാണ്. അത് ഏതുവരെ പോകുമെന്നു നോക്കട്ടെ. രാഷ്ട്രീയവൈരാഗ്യമാണ് ഇതിനുപിന്നിൽ. ഹൈക്കോടതി പ്രകടിപ്പിച്ച വികാരം കേന്ദ്രസർക്കാർ മാനിക്കണം.

Content Highlights: Union Minister Suresh Gopi stated that an official announcement on AIIMS for Kerala is awaited, while K. Muraleedharan accused the central government of political bias in withholding the project.