IPS സ്ഥാനക്കയറ്റം വൈകൽ; കേരള സർക്കാർ 6.8 ലക്ഷവും പലിശയും നഷ്ടപരിഹാരം നൽകണം, അപ്പീൽ തള്ളി

ന്യൂഡൽഹി: സർക്കാരിന്റെ ഭരണപരമായ വീഴ്ച മൂലം ഇന്ത്യൻ പോലീസ് സർവീസിലേക്കുള്ള (IPS) സ്ഥാനക്കയറ്റം കൃത്യസമയത്ത് ലഭിക്കാതെ പോയ പോലീസ് ഉദ്യോഗസ്ഥന് നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി നിർദേശിച്ചു. ജസ്റ്റിസ്മാരായ എം എം സുന്ദരേഷ്, പി ബി വരാലെ എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ തള്ളി വിരമിച്ച പോലീസ് ഉദ്യോഗസ്ഥന് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട കേരള ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു.
കേരള പോലീസിൽ നിന്ന് വിരമിച്ച മുൻ സൂപ്രണ്ട് ഓഫ് പോലീസ് സി.ബി. അബ്ദുൾ റഹ്‌മാൻ കുട്ടിക്കാണ് നഷ്ടപരിഹാരം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടത്. 1966ൽ ആണ് അബ്ദുൾ റഹ്‌മാൻ പോലീസിൽ സബ് ഇൻസ്പെക്ടർ ആയി പ്രവേശിക്കുന്നത്. 1974 ൽ സർക്കിൾ ഇൻസ്പെക്ടർ ആയും, 1983ൽ ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസായും പ്രൊമോഷൻ ലഭിച്ചിരുന്നു. 1995 ൽ അബ്ദുൾ റഹ്‌മാനെ സൂപ്രണ്ട് ഓഫ് പോലീസ് ആയി സ്ഥാന കയറ്റം നൽകിയിരുന്നു.
DySP ആയി എട്ട് വർഷത്തെ സേവനം പൂർത്തിയാക്കിയതോടെ കേരള കേഡറിലെ IPS തസ്തികയിലേക്ക് പരിഗണിക്കപ്പെടാൻ 1992 മുതൽ റഹ്‌മാൻ കുട്ടി അർഹനായിരുന്നു. എന്നാൽ, ഒഴിവുകൾ നിലവിലുണ്ടായിരുന്നിട്ടും, 1995-96 കാലയളവിൽ സെലക്ട് കമ്മിറ്റി യോഗങ്ങൾ വിളിച്ചു ചേർക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. 1997-ൽ തയ്യാറാക്കിയ തിരഞ്ഞെടുപ്പ് പട്ടികയിൽ കുട്ടിയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ കാലതാമസം കാരണം UPSCയുടെ അംഗീകാരം ലഭിച്ചത് 1997 നവംബർ 30-ന് അദ്ദേഹം വിരമിച്ചതിന് ശേഷമാണ്.
സ്ഥാനക്കയറ്റം കൃത്യസമയത്ത് ലഭിച്ചിരുന്നെങ്കിൽ സേവനമനുഷ്ഠിക്കുമായിരുന്ന കാലയളവിലെ IPS ഉദ്യോഗസ്ഥനുള്ള ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് അബ്ദുൾ റഹ്‌മാൻ കോടതിയെ സമീപിച്ചത്. വിചാരണ കോടതി അബ്ദുൾ റഹ്‌മാൻ കുട്ടിക്ക് അനുകൂലമായി വിധി പുറപ്പെടുവിക്കുകയും ഉണ്ടായ സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരമായി 6,84,828 രൂപയും 6% പലിശയും നൽകാൻ സംസ്ഥാന സർക്കാരിനോട് നിർദേശിച്ചു.
അതേസമയം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽസ് ആക്റ്റ് പ്രകാരം സേവന സംബന്ധമായ വിഷയങ്ങളിൽ സിവിൽ കോടതികൾക്ക് അധികാരപരിധിയില്ലെന്നും 'ജോലി ചെയ്തില്ലെങ്കിൽ വേതനമില്ല' എന്ന തത്വം ബാധകമാണെന്നും വാദിച്ചുകൊണ്ട് കേരള സർക്കാർ ഈ വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകി. എന്നാൽ ഉദ്യോഗസ്ഥരുടെ അശ്രദ്ധവും നിരുത്തരവാദപരവും ഉദാസീനവുമായ നിഷ്‌ക്രിയത്വവുമായി ബന്ധപ്പെട്ട കേസാണിതെന്നും ഇത്തരം കേസുകൾ തീർപ്പാക്കാനുള്ള അധികാരം അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾക്കല്ല, മറിച്ച് സിവിൽ കോടതികൾക്കാണെന്നും ഹൈക്കോടതി വിധിച്ചു.
ഹൈക്കോടതിയുടെ വിധി ശരിവച്ചാണ് സി.ബി. അബ്ദുൾ റഹ്‌മൻ കുട്ടിക്ക് നഷ്ടപരിഹാരം അടിയന്തിരമായി നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടത്. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിംഗ് കോൺസൽ മർസൂഖ് ബാഫഖി തങ്ങളും, സി.ബി. അബ്ദുൾ റഹമാൻ കുട്ടിക്ക് വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാനും ഹാജരായി.
Content Highlights: Supreme Court dismissed Kerala's appeal against paying compensation for delayed IPS promotion., Retired SP C.B. Abdul Rahman Kutty to receive compensation for administrative delay by the state., Kerala High Court's earlier ruling favoring the officer was upheld by the apex court bench., Delay in convening select committee meetings caused the officer to miss UPSC approval before retirement.