ഭരണം മാറിയിട്ടും സപ്ലൈകോയിലെ കടിഞ്ഞാൺ ഇടത്തുതന്നെ; വലത്തേക്കു തിരിക്കാൻ സമ്മർദം

ആലപ്പുഴ: ഭരണം മാറിയിട്ടും സപ്ലൈകോയിലെ ദിവസവേതനക്കാരുടെ നിയമനത്തിന്റെ കടിഞ്ഞാൺ ഇടത്തുതന്നെ. എൽ.ഡി.എഫ്. ഭരണകാലത്തു നിയമിച്ചവരെ പിരിച്ചുവിട്ട് പുതിയ നിയമനം നടത്തണമെന്ന ആവശ്യവുമായി യു.ഡി.എഫ്. നേതാക്കളിൽ ചിലർ സപ്ലൈകോ അധികൃതരെ സമീപിച്ചു. നടക്കാതെവന്നതോടെ വിൽപ്പനകേന്ദ്രങ്ങളിൽ ചിലയിടങ്ങളിൽ നേതാക്കളെത്തി മാനേജർമാരെ സമ്മർദത്തിലാക്കുകയാണ്.
നിലവിലുള്ളവരെ നിലനിർത്തിക്കൊണ്ട് ഭരണാനുകൂല സംഘടനയിൽപ്പെട്ടവരെ നിയമിക്കാനാണ് ആവശ്യപ്പെടുന്നത്. എന്നാൽ, ഇപ്പോഴുള്ള താത്കാലിക ജീവനക്കാർക്കുപോലും വേതനം നൽകാനുള്ള വിറ്റുവരവ് പല സപ്ലൈകോ കേന്ദ്രങ്ങളിലുമില്ല. മൂന്നുപേരുള്ള ചിലയിടങ്ങളിൽ രണ്ടുപേരുടെ വേതനം മാത്രമാണ് അനുവദിക്കുന്നത്. മൂന്നുപേരുംകൂടി അതു പങ്കിട്ടെടുക്കുന്ന രീതിയാണുള്ളത്.
പ്രതിമാസ വിറ്റുവരവ് ആറുലക്ഷം രൂപമുതൽ 20 ലക്ഷം രൂപവരെയുള്ള സ്ലാബ് നിശ്ചയിച്ചാണ് എത്ര ദിവസവേതനക്കാരെ നിയമിക്കണമെന്നു കണക്കാക്കുന്നത്. സ്ഥിരംജീവനക്കാരുടെ എണ്ണംകൂടി പരിഗണിച്ചാണിത്. സപ്ലൈകോയുടെ വിറ്റുവരവ് വലിയതോതിൽ നടന്നിരുന്ന ഒന്നാം പിണറായിസർക്കാരിന്റെ കാലത്താണ് ഇത്തരത്തിൽ കൂടുതൽ ദിവസവേതനക്കാരെ നിയമിച്ചത്. ഇവർക്കാണിപ്പോൾ വേതനം പങ്കിട്ടെടുക്കേണ്ട അവസ്ഥയുള്ളത്.
ഇനിയും കൂടുതൽപേരെ നിയമിക്കണമെങ്കിൽ വിറ്റുവരവ് കുത്തനെ ഉയരണം. അല്ലെങ്കിൽ നിലവിലുള്ളവർ വിരമിക്കുകയോ പിരിച്ചുവിടുകയോ വേണം. പിരിച്ചുവിട്ടാൽ ജീവനക്കാർ നിയമനടപടികളുമായി മുന്നോട്ടുപോകും. അതുകൊണ്ടുതന്നെ വിഷയത്തിൽ ഇടപെടാതെ മാറിനിൽക്കുകയാണ് വിൽപ്പനകേന്ദ്രങ്ങളിലെ മാനേജർമാർ.
അതേസമയം, എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് അവരുടെ ആളുകളെ നിയമിക്കാമെങ്കിൽ യു.ഡി.എഫ്. ഭരണകാലത്ത് യു.ഡി.എഫുകാർക്ക് പരിഗണന ലഭിക്കണമെന്നാണ് യു.ഡി.എഫ്.നേതാക്കൾ പറയുന്നത്. ഇല്ലെങ്കിൽ, നിയമനങ്ങൾ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുവഴി നടത്തട്ടെയെന്നുമാണ് അവരുടെ നിലപാട്.
Content Highlights: Political interference in Supplyco daily wage appointments in Alappuzha., Financial crisis leads to shared wages among existing temporary staff., Strict turnover-based recruitment criteria hinder new appointments., Managers face pressure from UDF leaders to replace LDF-era appointees., Legal risks associated with arbitrary termination of temporary workers.