എം.പി. വീരേന്ദ്രകുമാർ സ്മാരക ദേശീയ പുരസ്‌കാരം സുനിത കൃഷ്ണന്‍

കോഴിക്കോട്: ഭൂമിയുടെ ഭാവിയെക്കുറിച്ച് നിരന്തരം ആകുലപ്പെടുകയും മലയാളിയുടെ മനുഷ്യാവകാശപ്പോരാട്ടങ്ങളെ മുന്നിൽനിന്ന് നയിക്കുകയും ചെയ്ത ചിന്തകനും രാഷ്ട്രീയ നേതാവും എഴുത്തുകാരനും മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ സ്മരണയ്ക്കായി മാതൃഭൂമി ഏർപ്പെടുത്തിയ ദേശീയ പുരസ്‌കാരത്തിന് സാമൂഹിക പ്രവർത്തകയും പത്മശ്രീ ജേതാവുമായ സുനിത കൃഷ്ണൻ അർഹയായി.
താങ്ങായിട്ടാരുമില്ലാത്ത സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി അവർ നടത്തിയ നിസ്വാർത്ഥ സേവനങ്ങൾ മാനിച്ചാണ് പുരസ്‌കാരം. ജസ്റ്റിസ് കെ.ടി.തോമസ്, നോവലിസ്റ്റ് സാറാ ജോസഫ്, മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. മനുഷ്യാവകാശങ്ങൾ പരിരക്ഷിക്കപ്പെടണം എന്ന എം.പി. വീരേന്ദ്രകുമാറിന്റെ എക്കാലത്തേയും നിർബന്ധം സുനിതാകൃഷ്ണന് പുരസ്‌കാരം നൽകുമ്പോൾ സാർത്ഥകമാവുന്നു.
ഫലകവും സാക്ഷ്യപത്രവും അഞ്ച് ലക്ഷം രൂപയുമടങ്ങുന്ന 'എം.പി.വീരേന്ദ്രകുമാർ മെമ്മോറിയൽ നാഷണൽ തോട്ട് ലീഡർഷിപ്പ് അവാർഡ്'അദ്ദേഹത്തിന്റെ ഓർമ്മദിവസമായ മെയ് 28-ന് കോഴിക്കോട്ടുവെച്ച് സമ്മാനിക്കും.
സുനിത കൃഷ്ണന്റെ നേതൃത്വത്തിൽ ആരംഭിച്ച പ്രജ്വല മനുഷ്യക്കടത്തിനും ലൈംഗിക ദുരുപയോഗത്തിനും ഇരയായവർക്ക് ഇപ്പോഴും തണലും സാന്ത്വനവുമാണ്. ആയിരക്കണക്കിന് സ്ത്രീകളേയും കുട്ടികളേയും ആ സംഘടന സുനിത കൃഷ്ണന്റെ നേതൃത്വത്തിൽ ജീവിതത്തിലേയ്ക്ക് കൊണ്ടുവന്നു. അവർക്ക് വിദ്യാഭ്യാസം,നിയമസഹായം,തൊഴിൽ പരിശീലനം എന്നിവ നൽകി. അതിജീവിതരായവരുടെ ജീവിതാന്തസ്സ് നിലനിർത്താൻ ആത്മാർത്ഥമായ പരിശ്രമങ്ങൾ പ്രജ്വല നടത്തുന്നു. ഇത്തരത്തിലുള്ള മനുഷ്യാവകാശപ്പോരാട്ടങ്ങൾക്കും ധീരമായ നേതൃത്വത്തിനും കൂടിയാണ് പുരസ്‌കാരം.
പാലക്കാട് സ്വദേശികളായ മാതാപിതാക്കൾക്ക് ബെംഗളൂരുവിൽ പിറന്ന സുനിത കൗമാരപ്രായത്തിൽ ലൈംഗിക അതിക്രമത്തിനിരയായി. അതിൽ തളരാതെ മുന്നേറിയ അവർ വിദ്യാഭ്യാസം പൂർത്തിയാക്കി തന്റെ ജീവിതം സമാനമായ ജീവിതാവസ്ഥകളിലുള്ളവർക്ക് വേണ്ടി സമർപ്പിച്ചു.
അവാർഡ് ദാനച്ചടങ്ങിൽ രാജ്യസഭാ എം.പിയും എഴുത്തുകാരനുമായ ജയ്റാം രമേഷ്, ജസ്റ്റിസ് കെ.ചന്ദ്രു എന്നീ പ്രശസ്ത വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, മാതൃഭൂമി മാനേജിങ്ങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ എന്നിവർ അറിയിച്ചു. അപ്പികോ പ്രസ്ഥാനത്തിന്റെ സ്ഥാപകനും പരിസ്ഥിതിപ്പോരാളിയുമായ പാണ്ഡുരംഗ ഹെഗ്ഡേയ്ക്കായിരുന്നു പ്രഥമ പുരസ്‌കാരം.
Content Highlights: Sunitha Krishnan selected for the MP Veerendra Kumar National Thought Leadership Award., Recognized for her selfless service to victims of human trafficking and sexual abuse through Prajwala., The award includes a plaque, citation, and 5 lakh rupees., Award ceremony scheduled for May 28 in Kozhikode., Distinguished guests include Jairam Ramesh and Justice K. Chandru.