ആശംസാകാർഡ് വിതരണത്തിൽ പാകപ്പിഴ; പോസ്റ്റോഫീസിന് മുന്നിൽ ആറാംക്ലാസുകാരിയുടെ പ്രതിഷേധം

നെടുങ്കണ്ടം: ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് വിദ്യാർഥിനി അധ്യാപകർക്ക് അയച്ച ആശംസാകാർഡുകൾ കൃത്യമായി വിതരണം ചെയ്തില്ലെന്ന് ആക്ഷേപം. തുടർന്ന് നെടുങ്കണ്ടം പോസ്റ്റോഫീസിനു മുൻപിൽ ആറാംക്ലാസുകാരി പ്രതിഷേധിച്ചു. നെടുങ്കണ്ടം പഞ്ചായത്ത് യുപി സ്‌കൂളിലെ വിദ്യാർഥിനി ആദിശ്രീയാണ് നെടുങ്കണ്ടം പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധിച്ചത്.
നാലുവർഷമായി എല്ലാ അധ്യാപകദിനത്തിലും ആദിശ്രീ അധ്യാപകർക്ക് ആശംസാകാർഡുകൾ അയയ്ക്കാറുണ്ട്. ഇക്കൊല്ലവും 35-അധ്യാപകർക്ക് അയച്ചു. അധ്യാപകദിനത്തിന് മുൻപേ ലഭിക്കാൻ ഓഗസ്റ്റ് 30-ന് തന്നെ നെടുങ്കണ്ടം പോസ്റ്റോഫീസിൽനിന്ന് കാർഡുകൾ അയച്ചെങ്കിലും നാലാംതീയതിയും പലർക്കും ലഭിച്ചില്ല എന്നറിഞ്ഞതോടെ ആദിശ്രീയും പിതാവും നെടുങ്കണ്ടം പോസ്റ്റോഫീസിൽ എത്തുകയായിരുന്നു.
നെടുങ്കണ്ടത്തിന്റെ പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കുപോലും കാർഡ് ലഭിക്കാത്തത് ചോദ്യം ചെയ്തതോടെ അധികൃതർ കൈമലർത്തിയെന്ന് ആദിശ്രീയുടെ പിതാവ് അനിൽകുമാർ പറയുന്നു. ഇതോടെ ഒരുമണിക്കൂറോളം ആദിശ്രീ പോസ്റ്റോഫീസിനു മുന്നിലിരുന്നു. ഈസമയത്ത് പലർക്കും കാർഡുകൾ വിതരണം ചെയ്തുവെന്ന് അനിൽകുമാർ പറഞ്ഞു.
രണ്ടുവർഷം മുൻപും സമാന അനുഭവം ഉണ്ടായെന്നും ഇത്തവണ അയച്ച പത്തോളം കാർഡുകൾ ഇനിയും ലഭിക്കാനുണ്ടെന്നും ഉന്നത തപാൽ ഉദ്യോഗസ്ഥർക്ക് പരാതി നൽകുമെന്നും അനിൽകുമാർ പറഞ്ഞു. അതേസമയം ജീവനക്കാരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് പോസ്റ്റ് ഓഫീസ് അധികൃതർ പ്രതികരിച്ചു.
പോസ്റ്റ് ഓഫീസ് പരിധിയിൽ വിതരണം ചെയ്യേണ്ടവ സമയബന്ധിതമായി വിലാസക്കാർക്ക് നൽകിയെന്നും ഇവിടെനിന്ന് അയക്കേണ്ടവയും കൃത്യമായി അയച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
Content Highlights: Student Protests Postal Delay of Teacher's Day Cards in Nedumkandam