പൊഴി മുറിച്ചുകടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി; തിരച്ചില്‍ തുടരുന്നു

#സ്വന്തം ലേഖകന്‍
പ്രിട്ടില്‍ റോയ്, സ്‌ക്യൂബാ സംഘം കടലില്‍ പരിശോധനക്കായി തയ്യാറെടുക്കുന്നു
പ്രിട്ടില്‍ റോയ്, സ്‌ക്യൂബാ സംഘം കടലില്‍ പരിശോധനക്കായി തയ്യാറെടുക്കുന്നു

പാറശ്ശാല: പൊഴിമുറിച്ച് കടക്കുവാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി. കൊല്ലങ്കോട് വളളവിള മഞ്ഞത്തോപ്പ് കോളനിയില്‍ ജസലിയന്റെ മകന്‍ പ്രിട്ടില്‍ റോയ് (16) യെ ആണ് കാണാതായത്.

വെളളിയാഴ്ച ഉച്ചക്ക് ശേഷം 3 മണിയോട് കൂടിയാണ് അപകടമുണ്ടായത്. പ്രിട്ടില്‍ റോയിയും മറ്റ് മൂന്ന് സുഹൃത്തുക്കളുമായി കൊല്ലങ്കോട് നിന്ന് പൊഴിയൂര്‍ പൊഴിക്കരയിലെത്തി പൊഴിക്കരുകില്‍ നിന്ന് കുളിക്കുകയായിരുന്നു. പൊഴിയൂടെ മറുവശത്തെ തീരത്ത് യുവാക്കള്‍ ഫുഡ്‌ബോള്‍ കളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട സംഘം ഇവിടേക്ക് പോകുന്നതിനായി പൊഴി നീന്തിക്കടക്കുവാന്‍ ശ്രമിച്ചപ്പോഴാണ് പ്രിട്ടില്‍ റോയ് ഒഴുക്കില്‍പ്പെട്ടത്.

പ്രിട്ടില്‍ റോയിയോടൊപ്പമുണ്ടായിരുന്നവര്‍ തിരികെ നീന്തി കയറി രക്ഷപ്പെട്ടു. രക്ഷപ്പെട്ടവരുടെ നിലവിളി കേട്ട് ഓടിയെത്തിയ മത്സ്യ തൊഴിലാളികള്‍ വള്ളങ്ങളുമായി ഉടന്‍ തന്നെ കടലില്‍ പരിശോധന ആരംഭിച്ചെങ്കിലും കണ്ടെത്തുവാന്‍ സാധിച്ചില്ല. കോസ്റ്റല്‍ പോലീസും സ്‌ക്യൂബാ സംഘവും കടലില്‍ തിരച്ചില്‍ നടത്തി വരികയാണ്. പ്രതികൂല കാലാവസ്ഥ തിരച്ചിലിന് തിരിച്ചടിയാകുന്നു.

Content Highlights: student missing after being swept away in river near manavila