ടെറസിൽനിന്ന് വീണ് ഗേറ്റിന്റെ കമ്പി കഴുത്തിൽ തുളച്ചുകയറി ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു

#ന്യൂസ് ഡെസ്ക്

പുളിക്കൽ (മലപ്പുറം): വീടിന്റെ ടെറസിൽനിന്ന് മാങ്ങ പറിക്കുന്നതിനിടെ ഗേറ്റിനുമുകളിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. സിയാംകണ്ടം പാലശ്ശേരി പറമ്പിൽ മുഹമ്മദ് സഹീറിന്റെ മകൻ മുഹമ്മദ് മാസിൻ (15) ആണ് മരിച്ചത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പുളിക്കൽ എ.എം.എം. ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ്.

മേയ് 31-നായിരുന്നു അപകടം. വീടിന്റെ ടെറസിൽ കയറി മാങ്ങ പറിക്കുന്നതിനിടെ കാൽവഴുതി 20 അടിയിലധികം താഴെ ഗേറ്റിന് മുകളിലേക്ക് വീഴുകയായിരുന്നു. വീഴ്ചയിൽ ഗേറ്റിന്റെ മുകൾഭാഗത്തെ കൂർത്ത കമ്പികൾ കഴുത്തിൽ തുളച്ചുകയറുകയും കാലിനും തുടയിലും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

അപകടസമയത്ത് വീട്ടിൽ മാസിന്റെ സഹോദരൻ മാത്രമായിരുന്നു ഉണ്ടായിരുന്നത്. സഹോദരൻ അയൽവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും ഇൻഡസ്ട്രിയൽ തൊഴിലാളികളും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഗേറ്റിന്റെ കമ്പികൾ ഭാഗികമായി മുറിച്ചുമാറ്റി, മാസിനെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തിക്കുകയായിരുന്നു.

ഡോക്ടർമാരുടെ നിർദേശപ്രകാരം, കഴുത്തിൽ തറച്ചിരുന്ന കമ്പിയുടെ ശേഷിച്ച ഭാഗം വെള്ളിമാടുകുന്ന് അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥർ എത്തിയാണ് ശസ്ത്രക്രിയയ്ക്ക് മുൻപായി മുറിച്ചുമാറ്റിയത്. ഒരുമാസത്തോളമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന മാസിൻ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.

മാതാവ്: ജംഷിന എടമ്പാട്ട്. സഹോദരങ്ങൾ: മെഹബിൻ, മെഹന ഫാത്തിമ, മെഹ്ഫിൽ. കബറടക്കം ഞായറാഴ്ച സിയാംകണ്ടം പുത്തലം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Content Highlights: 15-year-old student Mohamed Masin passed away after a tragic fall., The accident occurred on May 31 while picking mangoes from a terrace., The victim fell onto a sharp gate, causing severe injuries to the neck and legs., He was under treatment at Kozhikode Government Medical College Hospital for nearly a month., The funeral is scheduled to be held at Siyamkandam Puthalam Juma Masjid.