അമ്മ മരിച്ചതോടെ ആത്മീയതയിലേക്ക്; കാല്‍നടയായി ശബരിമലയിലേക്ക്, 25 കൊല്ലമായി എല്ലാദിവസവും മല കയറുന്ന ശ്രീധരന്‍ സ്വാമി

ശബരിമല: ഒരുതവണയെങ്കിലും ശബരിമലയിൽ പോയവർക്കറിയാം മലകയറിയിറങ്ങുന്നതിന്റെ പ്രയാസങ്ങൾ. എന്നാൽ കാൽനൂറ്റാണ്ടായി, എല്ലാദിവസവും ഈ മലകയറിയിറങ്ങുന്ന ഒരാളുണ്ട് – അതും 67-ാം വയസ്സിൽ. വയനാട് മീനങ്ങാടി സ്വദേശിയായ സ്വാമി എന്നുവിളിക്കുന്ന ശ്രീധരൻ. ശബരിമല സന്നിധാനത്തും പരിസരങ്ങളിലും പത്രം വിതരണം ചെയ്യുന്നത് ഇദ്ദേഹമാണ്. മണ്ഡല, മകരവിളക്കുകാലത്ത് കൂടുതൽ പത്രങ്ങൾ വിതരണം ചെയ്യുന്നു. നടയടച്ചുകഴിഞ്ഞാലും പത്രം എത്തിക്കുന്നത് തുടരും. പത്രം ട്രാക്ടറിൽ എത്തുമെങ്കിലും, ആളെ കയറ്റാൻ പാടില്ലാത്തതിനാൽ ശ്രീധരൻ നടന്നെത്തിയാണ് ഇവ വിതരണം ചെയ്യുന്നത്.
ശ്രീധരന്റെ വിചിത്രജീവിതത്തെക്കുറിച്ചറിഞ്ഞാൽ, നിത്യവുമുള്ള മലകയറ്റമൊക്കെ നിസ്സാരം. 1992-ൽ 33-ാം വയസ്സിൽ അമ്മ മരിച്ചതോടെ അദ്ദേഹം ഒറ്റയ്ക്കായി. ആധ്യാത്മികതയിലേക്ക് തിരിഞ്ഞു. വയനാട്ടിൽനിന്ന് നടന്ന് മൂകാംബികയിലെത്തി. ഒന്നരവർഷം കുടജാദ്രിയിൽ പൂജാരിമാരുടെ സഹായിയായി. പിന്നെയൊരുദിവസം ഡെറാഡൂൺ എക്‌സ്പ്രസിൽ കയറി നേരേ ഹരിദ്വാറിലേക്ക്. കാൽനടയായി ചാർഥാംയാത്ര നടത്തി. 86 ദിവസം തുടർച്ചയായി നടന്നു. പിന്നെ, ഇന്ത്യയിലെ എല്ലാ പ്രമുഖക്ഷേത്രങ്ങളും സന്ദർശിച്ചു. 12 ജ്യോതിർലിംഗങ്ങളിലുംപോയി.
അടുപ്പിച്ച് 26 വർഷം അമർനാഥ്, നേപ്പാളിലെ പശുപതിനാഥക്ഷേത്രം എന്നിവിടങ്ങളിലേക്കും തീർഥയാത്ര നടത്തി. പിന്നെ നേരേ മൂകാംബികയിലെ ചിത്രമൂലയിലേക്ക്. അവിടെ ആഴ്ചകളോളം മൗനവ്രതത്തിലിരുന്നു. 2000-ലാണ് ശബരിമലയിൽ പോകണമെന്ന് തോന്നിയത്. കാൽനടയായി ഇവിടെയുമെത്തി. അന്നുമുതൽ കടകളിൽ പണിയെടുത്തും ചുമടെടുത്തും പത്രം വിതരണംചെയ്തും ജീവിക്കുന്നു.
2012-ൽ പത്രങ്ങളുടെ ഏജൻസി എടുത്തു. ഒൻപതുമണിക്ക് പമ്പയിൽ പത്രം വരും. ഒന്നരമണിക്കൂർ നടന്ന് സന്നിധാനത്തെത്തി കടകളിലും ഓഫീസുകളിലുമെല്ലാം വിതരണം ചെയ്യും. മണ്ഡലക്കാലത്ത് നേരത്തേയാണ് പത്രവിതരണം. മണ്ഡലകാലം കഴിഞ്ഞാൽ പിന്നെ മാതൃഭൂമി പത്രം മാത്രമേ സന്നിധാനത്തുള്ളൂ. അത് എല്ലാദിവസവും വിതരണംചെയ്ത് തിരിച്ചെത്തും. നിത്യവും നടക്കുന്നതിനാൽ, ഇതുവരെ കാര്യമായ ഒരു രോഗവുമില്ലെന്ന് ശ്രീധരൻ സ്വാമി പറയുന്നു.
പ്രായമാകുന്നുണ്ടോ എന്നൊരു ‘സംശയം’ അദ്ദേഹത്തിനുണ്ട്. എന്നാലും പത്രം ഇടുന്നതിനിടയിൽ, ശ്രീധരൻസ്വാമിയുടെ കൂടെ നടന്നെത്താൻ ബാക്കിയുള്ളവർ കിതയ്ക്കും. സന്നിധാനത്ത് 2000-ത്തിലേറെ ശയനപ്രദക്ഷിണവും നടത്തിയിട്ടുണ്ട് ഇദ്ദേഹം. ഗുരുവായൂരിൽ 500-ഓളം ശയനപ്രദക്ഷിണവും നടത്തി. അവസരം കിട്ടുമ്പോഴെല്ലാം തിരുപ്പതിയിലും പോകുന്നു.
Content Highlights: Meet Sreedharan, a 67-year-old who has climbed the Sabarimala hills daily for 26 years, delivering newspapers. His incredible journey inspires.