തിടമ്പേറ്റാന്‍ ഇനി 'ശ്രീമുരുക'നും; പൂരപ്രേമികള്‍ക്ക് ആവേശക്കാഴ്ച

#എം. ശ്രീലക്ഷ്മി
ഫൈബറിൽ തീർത്ത പയ്യങ്കോടുപുരം ശ്രീമുരുകൻ എന്ന ആന
ഫൈബറിൽ തീർത്ത പയ്യങ്കോടുപുരം ശ്രീമുരുകൻ എന്ന ആന

കോഴിക്കോട്: ഒറ്റനോട്ടത്തില്‍ ആരുമൊന്നു പേടിക്കും. തലയെടുപ്പോടെയാണ് അവന്റെ ആ നില്‍പ്പ്. സാക്ഷാല്‍ ഗജവീരന്‍ തിരുവമ്പാടി ശിവസുന്ദര്‍തന്നെ. പക്ഷേ, ഒട്ടും പേടിക്കേണ്ട. പൂരപ്പറമ്പുകള്‍ അടക്കിവാണ ആ ഗജ ഇതിഹാസരൂപത്തെ ആര്‍ക്കുവേണമെങ്കിലും ഇനിയൊന്നു തലോടാം. അടുത്തുനിന്ന് ചിത്രമെടുക്കാം. പുറത്തുകയറാം. പനമ്പട്ടയോ പാപ്പാനോ വേണ്ട, ചവിട്ടുമെന്നോ കുത്തുമെന്നോ ഉള്ള പേടിയും വേണ്ട. കാരണം ഒറിജിനലിനെ വെല്ലുന്ന മാതൃകയില്‍ അതേ ഗാംഭീര്യത്തോടെ ഫൈബറില്‍ നിര്‍മിച്ച കരിവീരനാണിവന്‍.

ആനപ്രേമികളുടെയും പൂരപ്രേമികളുടെയും പ്രിയങ്കരനായിരുന്ന തിരുവമ്പാടി ശിവസുന്ദറിന്റെ അതേ മെയ്വഴക്കമുണ്ടെന്നു തോന്നിക്കുംവിധമാണ് നിര്‍മാണം. ഗാംഭീര്യമാര്‍ന്ന ഉടലും വിരിഞ്ഞ മസ്തകവുമുള്ളവന്‍, ഉത്സവപ്പറമ്പുകളിലെ ശാന്തശീലന്‍ എന്നിങ്ങനെയൊക്കെയാണ് ശിവസുന്ദറിനെ പൂരപ്രേമികള്‍ വിശേഷിപ്പിക്കുന്നത്. ആ വിശേഷണങ്ങളൊന്നും ചോര്‍ന്നുപോകാതെയാണ് എറണാകുളം സ്വദേശികളായ ആനമേക്കര്‍ സൂരജും അഭിജിത്തും ഫൈബറില്‍ ആനയെ രൂപപ്പെടുത്തിയിരിക്കുന്നത്. പയ്യങ്കോടുപുരം ശ്രീമുരുകന്‍ എന്ന പേരിലാണ് ഇവനറിയപ്പെടുന്നത്.

ഇടയ്ക്കിടയ്ക്ക് തുമ്പിക്കൈ ഉയര്‍ത്തി വണങ്ങും. ചെവികള്‍ ആട്ടിക്കൊണ്ടേയിരിക്കും. തലയാട്ടി മസ്തകമുയര്‍ത്തിനില്‍ക്കുന്ന ഈ കൊമ്പന്‍ ആരെയും ആകര്‍ഷിക്കും. 20 ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് ഈ ആന പിറവിയെടുത്തത്. പത്തരയടി ഉയരത്തിലും 300 കിലോ തൂക്കത്തിലുമാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. ആനയെ നിര്‍ത്തുന്ന സ്റ്റാന്‍ഡടക്കം 11 അടിയാണ് ആകെ ഉയരം. ആനച്ചമയം കഴിഞ്ഞിറങ്ങിയാല്‍ ലക്ഷണമൊത്ത ആനതന്നെ. വെഞ്ചാമരവും മുത്തുക്കുടയും ആലവട്ടവുമായി മൂന്നുപേര്‍ക്ക് സുഖമായി ആനപ്പുറത്തിരിക്കുകയുമാവാം.

അഞ്ചുലക്ഷംരൂപ മുടക്കിയാണ് ആനയെ നിര്‍മിച്ചിരിക്കുന്നത്. ആനയുടെ വയര്‍, മസ്തകം, കാല് എന്നിവ ഫൈബര്‍കൊണ്ടും തുമ്പിക്കൈയും ചെവിയും റബ്ബറും തുണികൊണ്ടുമാണ് ഉണ്ടാക്കിയിരിക്കുന്നത്. ബാറ്ററിയും ലിവറുമുപയോഗിച്ചാണ് ആനയെ പ്രവര്‍ത്തിപ്പിക്കുക. ലിവര്‍ പ്രവര്‍ത്തിപ്പിച്ചുവേണം തുമ്പിക്കൈ ചലിപ്പിക്കാന്‍. ചെവി, കണ്ണ്, വാല്‍ എന്നിവ ബാറ്ററി ഉപയോഗിച്ച് പ്രവര്‍ത്തിക്കും. സ്റ്റാന്‍ഡില്‍ ചക്രം ഘടിപ്പിച്ചാണ് ആനയെ നടത്തിക്കുന്നത്. അതുകൊണ്ടുതന്നെ കുഴിയുള്ള റോഡുകളിലൂടെയുള്ള യാത്ര കുറച്ചധികം ബുദ്ധിമുട്ടാണ്.

എറണാകുളത്ത് നിര്‍മാണം പൂര്‍ത്തിയായ ഫൈബര്‍ ആനയെ കുന്ദമംഗലം പൈങ്ങോട്ടുപുറം സ്വദേശികളായ രണ്ടു യുവസുഹൃത്തുക്കളാണ് സ്വന്തമാക്കി കോഴിക്കോട്ടെത്തിച്ചത്. മേളക്കാരനായ കക്കാട്ടുമ്മല്‍ കെ. ശബരീഷും അഷ്ടപദി ഗായകനായ മഠത്തില്‍ പുറായില്‍ എം.പി. കൃഷോഭുമാണ് ആനയെ സ്വന്തമാക്കിയത്. ദേവന്റെ അനുഗ്രഹത്തിനായി ശ്രീകണ്‌ഠേശ്വരക്ഷേത്രത്തില്‍ കൊണ്ടുവരുകയും അമ്പലത്തില്‍ പ്രദക്ഷിണം നടത്തുകയും ഗണപതിക്ക് തേങ്ങയുടയ്ക്കുകയും ചെയ്തു. ഇനിമുതല്‍ ആഘോഷങ്ങള്‍ക്കും ഉത്സവങ്ങള്‍ക്കും പയ്യങ്കോടുപുരം ശ്രീമുരുകനുമുണ്ടാകും, പൂരപ്രേമികള്‍ക്ക് പ്രിയങ്കരനാകാന്‍.


 

Content Highlights: sree murukan robotic elephant kozhikode