മണിയൂർ പോക്സോ കേസ്: കർമസമിതി നടത്തിയ എസ്പി ഓഫീസ് മാർച്ചിൽ സംഘർഷം

കോഴിക്കോട്: മണിയൂരിലെ പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ വടകര ബാങ്ക് റോഡ് സ്വദേശി അബ്ദുൾ റഫീഖിനെ രക്ഷപ്പെടുത്താൻ പോലീസ് ശ്രമിക്കുന്നുവെന്നാരോപിച്ച് കർമസമിതി കോഴിക്കോട് റൂറൽ എസ്പി. ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ പിരിഞ്ഞു പോയില്ല. ഇതിനിടെ ബാരിക്കേഡ് കടന്ന് മുകൾവശത്തെ വീട്ടുപറമ്പിലൂടെ ചില പ്രവർത്തകർ ഉള്ളിലേക്ക് കടക്കാർ ശ്രമിച്ചതും സംഘർഷത്തിനിടയാക്കി.
പോലീസ് പ്രവർത്തകരെ ലാത്തിച്ചാർജ്ജ് ചെയ്തതാണ് പ്രശ്നത്തിനിടയാക്കിയത്. കൂടുതൽ പ്രവർത്തകർ ഇതോടെ ഇവിടേക്ക് കുതിച്ചെത്തി. ഉന്നത ഉദ്യോഗസ്ഥരെത്തിയാണ് ഒടുവിൽ പ്രശനം പരിഹരിച്ചത്. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചതോടെയാണ് പോലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചത്.
12-കാരിയെ പീഡിപ്പിച്ച റഫീഖ് നേരത്തെ വിദേശത്തേക്ക് കടന്നിരുന്നു. ലുക്കൗട്ട് സർക്കുലർ നിലനിൽക്കെ ഇയാൾ നാട്ടിലെത്തിയിട്ടും അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിയാത്തതാണ് വിവാദമായത്. ഇതിനിടെ ഇയാൾക്ക് മുൻകൂർ ജാമ്യം ലഭിച്ചു. പ്രതിഷേധം ശക്തമായതോടെ പയ്യോളി പോലീസ് ജാമ്യം റദ്ദാക്കാൻ കൊയിലാണ്ടി പോക്സോ കോടതിയിൽ ഹരജി നൽകുകയും ജാമ്യം റദ്ദാക്കുകയും ചെയ്തു. എന്നിട്ടും റഫീഖിനെ അറസ്റ്റ് ചെയ്യാനായില്ല.
Content Highlights: Police used water cannons to disperse an action committee march to the Kozhikode Rural SP office, where protesters alleged official negligence in arresting Abdul Rafeeq, accused of assaulting a 12-year-old in Maniyoor.