'രാജാവിനേക്കാൾ വലിയ രാജഭക്തി'; SNDP മൈക്രോഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറിയെ കുടഞ്ഞ് ഹൈക്കോടതി

#ന്യൂസ് ഡെസ്ക്
കേരള ഹൈക്കോടതി |ഫോട്ടോ:മാതൃഭൂമി
കേരള ഹൈക്കോടതി |ഫോട്ടോ:മാതൃഭൂമി

കൊച്ചി: എസ്എൻഡിപി മൈക്രോഫിനാൻസ് കേസിൽ സംസ്ഥാന സർക്കാരിനും പിന്നാക്ക ക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്കും ഹൈക്കോടതിയുടെ രൂക്ഷവിമർശനം.

വിജിലൻസിന്റെ ചുമതലയുള്ള പിന്നാക്ക ക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി 'രാജാവിനേക്കാൾ വലിയ രാജഭക്തി' കാണിച്ചുവെന്നും ഒരു പൊതുസേവകന്റെ നിർവചനം പോലും അറിയാതെയാണ് പ്രവർത്തിച്ചതെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. ഫയൽ വച്ചു താമസിപ്പിച്ചതിനും അഡീഷണൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയുടെ വിമർശനമുണ്ടായി.

വെള്ളാപ്പള്ളി നടേശൻ ഉൾപ്പെട്ട ഈ കേസിൽ സർക്കാർ സ്ഥിരതയില്ലാത്ത നിലപാടാണ് സ്വീകരിച്ചതെന്നും പല കാര്യങ്ങളിലും 'യൂടേൺ' എടുത്തെന്നും കോടതി വ്യക്തമാക്കി. 2016-ൽ ആരംഭിച്ച കേസിൽ 10 വർഷമായിട്ടും കുറ്റപത്രം നൽകാൻ നടപടിയുണ്ടായില്ല. പ്രോസിക്യൂഷൻ അനുമതിയുമായി ബന്ധപ്പെട്ട് അനാവശ്യമായ വൈകിപ്പിക്കലുകളാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.

വെള്ളാപ്പള്ളി നടേശനും സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ.എസ്.ബി.സി.ഡി.സി.) മുൻ എം.ഡിമാർക്കുമെതിരെയുള്ള 15.85 കോടി രൂപയുടെ എസ്.എൻ.ഡി.പി. മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികൾക്കെതിരെ മുന്നോട്ടുപോകാൻ അഴിമതിനിരോധന നിയമപ്രകാരം പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. 2016-ൽ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ എടുത്ത അഴിമതി കേസിൽ എസ്.എൻ.ഡി.പി. യോഗം ഭാരവാഹികളും കെ.എസ്.ബി.സി.ഡി.സി.യുടെ മുൻ മാനേജിംഗ് ഡയറക്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്.

2016-ൽ രജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്നതിനായി, കാര്യക്ഷമനായ ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് 2020-ൽ സമർപ്പിച്ച രണ്ട് ഹർജികൾ പരിഗണിച്ചുകൊണ്ട് ജസ്റ്റിസ് എ. ബദറുദ്ദീനാണ് ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. 'ഈ കേസിൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ല' എന്ന് വ്യക്തമാക്കി കൊണ്ടാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് തുടർപരിഗണനയ്ക്കായി നവംബർ 17-ലേക്ക് മാറ്റി.

Content Highlights: Kerala High Court criticized the state government and additional chief secretary for delays in the SNDP microfinance case., Court noted no prosecution sanction is required under the Prevention of Corruption Act against the accused., Vellappally Natesan and former KSBCDC MDs are involved in the 15.85 crore microfinance scam dating back to 2016.