സഹോദരി വൃക്ക നൽകി, സഹോദരീ ഭർത്താവ് കരളും; പുതുജീവിതത്തിലേക്ക് ശ്രീനാഥ്

ശ്രീനാഥിന്റെ ഇളയ സഹോദരി ശ്രീദേവിയും ഭർത്താവായ എം.എൻ. വിപിനും, ശ്രീനാഥ് ബി. നായർ
ശ്രീനാഥിന്റെ ഇളയ സഹോദരി ശ്രീദേവിയും ഭർത്താവായ എം.എൻ. വിപിനും, ശ്രീനാഥ് ബി. നായർ

കൊച്ചി: ആലുവ സ്വദേശിയായ ശ്രീനാഥ് ബി. നായർക്ക്‌ (43) ഇത് രണ്ടാം ജന്മമാണ്. കരളും വൃക്കയും തകരാറിലായതിനെത്തുടർന്ന് ഗുരുതരാവസ്ഥയിലായ ശ്രീനാഥ് കൊച്ചി ആസ്റ്റർ മെഡ്‌സിറ്റിയിൽ ചികിത്സയിലായിരുന്നു. ഒരേസമയം രണ്ട് അവയവങ്ങളും മാറ്റിവയ്ക്കേണ്ട അവസ്ഥയിലെത്തിയ ശ്രീനാഥിനെ, ചേർത്തുപിടിച്ചത് കുടുംബാംഗങ്ങളായിരുന്നു. ശ്രീനാഥിന്റെ ഇളയ സഹോദരി ശ്രീദേവി, വൃക്ക ദാനംചെയ്യാൻ തയ്യാറായി. സഹോദരീഭർത്താവായ എം.എൻ. വിപിൻ കരൾ പകുത്തുനൽകി.

ആലുവയിൽ ട്രാവൽ ഏജൻസി നടത്തുന്ന ശ്രീനാഥിന് ലിവർ സിറോസിസും ഗുരുതരമായ വൃക്കരോഗവും മൂലമാണ് ആരോഗ്യ പ്രതിസന്ധി ഉണ്ടായത്. കരളും വൃക്കയും മാറ്റിവയ്ക്കേണ്ട അവസ്ഥയായിരുന്നു. ശ്രീനാഥിനെയും ഭാര്യ, ലക്ഷ്മിപ്രിയയെയും സംബന്ധിച്ചിടത്തോളം അനുയോജ്യരായ ഇരട്ട ദാതാക്കളെ കണ്ടെത്തുക വെല്ലുവിളിയായിരുന്നു.

അപ്പോഴാണ് ആശവർക്കർ കൂടിയായ ശ്രീനാഥിന്റെ ഇളയ സഹോദരി ശ്രീദേവി വൃക്കകളിൽ ഒന്ന് നൽകാൻ സന്നദ്ധത അറിയിച്ചത്. ശ്രീദേവിയുടെ ഭർത്താവായ വിപിൻ, കരൾ നൽകാനും സന്നദ്ധനായി. ജോയ് ആലുക്കാസിന്റെ എംജി റോഡ് ബ്രാഞ്ചിലെ അസിസ്റ്റൻറ് മാനേജരാണ് വിപിൻ. ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ശസ്ത്രക്രിയ.

ഹെപ്പറ്റോ പാൻക്രിയാറ്റോ ബിലിയറി ആൻഡ് അബ്ഡോമിനൽ മൾട്ടി-ഓർഗൻ ട്രാൻസ്‍പ്ലാന്റ് സീനിയർ കൺസൾട്ടന്റ് ഡോ. മാത്യു ജേക്കബിന്റെയും നെഫ്രോളജി സീനിയർ കൺസൾട്ടന്റ്‌ ഡോ. വി. നാരായണൻ ഉണ്ണിയുടെയും നേതൃത്വത്തിൽ ആസ്റ്റർ മെഡ്‌സിറ്റിയിലെ മെഡിക്കൽ സംഘമാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്.

Content Highlights: Man Receives Life-Saving Kidney and Liver from Family Members