സില്‍വര്‍ലൈന്‍ കേസ്: പിന്‍വലിച്ചാല്‍ ജനം ആശ്വസിച്ചേനെ, അങ്ങനെ ഉത്തരവിട്ടാല്‍ അപ്പീല്‍പോകും- കോടതി

കെ റെയിൽ സർവേക്കല്ലുമായി പോലീസുകാർ (ഫയൽ ചിത്രം)
കെ റെയിൽ സർവേക്കല്ലുമായി പോലീസുകാർ (ഫയൽ ചിത്രം)

കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിക്കായുള്ള സര്‍വേ തടസ്സപ്പെടുത്തിയവര്‍ക്കെതിരേ എടുത്ത കേസുകള്‍ പിന്‍വലിക്കാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ജനങ്ങളെ ഭയപ്പെടുത്തി എങ്ങനെ മുന്നോട്ടുപോകാനാകുമെന്നായിരുന്നു ഹൈക്കോടതിയുടെ പ്രതികരണം. പ്രതിഷേധിച്ചവരുടെ പേരിലുള്ള കേസ് പിന്‍വലിക്കാനാകുമോ എന്ന് അറിയിക്കാന്‍ കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. സര്‍വേനടപടി ചോദ്യംചെയ്ത് കോട്ടയം സ്വദേശി മുരളീകൃഷ്ണനും മറ്റും നല്‍കിയ ഹര്‍ജിയിലാണ് ഇത്.

കേസ് പിന്‍വലിച്ചാല്‍ ജനങ്ങള്‍ക്ക് അല്‍പം സമാധാനമാകുമായിരുന്നെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പക്ഷേ, അത് ചെയ്യില്ല. പിന്‍വലിക്കാന്‍ ഉത്തരവിട്ടാല്‍ അപ്പീല്‍പോകും. ചില കേസുകള്‍ പിന്‍വലിക്കാന്‍ സുപ്രീംകോടതിയില്‍വരെ പോയിട്ടുള്ളപ്പോഴാണ് ഇതുവരെ അംഗീകാരംകിട്ടാത്ത പദ്ധതിക്കെതിരേ പ്രതിഷേധിച്ചവരുടെ പേരിലുള്ള കേസ് പിന്‍വലിക്കില്ലെന്ന നിലപാട് സ്വീകരിക്കുന്നതെന്നും വാക്കാല്‍ അഭിപ്രായപ്പെട്ടു.

പദ്ധതിയുടെ വിശദപദ്ധതിരേഖയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തില്‍ സര്‍വേയോ മറ്റ് നടപടികളോ സാധ്യമല്ലെന്ന് കോടതി വിലയിരുത്തി. ശരാശരിബുദ്ധിയുള്ള ആരും ഹൈസ്പീഡ് റെയില്‍ പദ്ധതിയെ എതിര്‍ക്കില്ല. പക്ഷേ, അതിനൊക്കെയുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. സര്‍വേ നടപടികള്‍ തുടങ്ങിയാല്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ഹര്‍ജി തീര്‍പ്പാക്കിയുള്ള ഉത്തരവ് വ്യക്തമാക്കുന്നു.

Content Highlights: Silverline protests cases Kerala High Court