മഞ്ഞക്കുറ്റികളോട് ജനം പറഞ്ഞു കടക്കുപുറത്ത്; സിൽവർലൈൻ എന്ന പരാജയകഥ

കോട്ടയം: 'പ്രഭാതഭക്ഷണം കഴിച്ച് കുട്ടയിൽ അപ്പവുമായി കൂറ്റനാടുനിന്ന് കയറിയാൽ കൊച്ചിയിൽ വിറ്റ് ഉച്ചയ്ക്കുമുൻപ് വീട്ടിലെത്താം' എന്നുപറഞ്ഞത് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഒരുപക്ഷേ, മഞ്ഞക്കുറ്റി കഴിഞ്ഞാൽ സിൽവർലൈനുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ട്രോളിന് വിധേയമായ പ്രസ്താവന.
സിൽവർലൈൻ അർധഅതിവേഗ വണ്ടികൾ കുടുംബശ്രീക്കുപോലും ഗുണകരമാണെന്ന് സ്ഥാപിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. സിൽവർലൈനിൽ അത്രയും പോയിവരുന്നതിന് ഡി.പി.ആറിലെ കണക്കുപ്രകാരം കുറഞ്ഞത് 1400 രൂപയെങ്കിലും വരുമെന്നതാണ് അടിസ്ഥാനഗണിതം. ഈ ഒറ്റ ഉദാഹരണംമതി കെ-റെയിൽവഴി സ്ഥാപിക്കാൻ ഉദ്ദേശിച്ച സിൽവർലൈൻ പദ്ധതിയെക്കുറിച്ചുള്ള അവ്യക്തത.
ഇടിച്ചിറക്കി
കേരളവികസനത്തിന്റെ മാതൃകയായി അവതരിപ്പിക്കാൻ ശ്രമിച്ച തിരുവനന്തപുരം-കാസർകോട് അർധഅതിവേഗപാതയ്ക്കുള്ള ശ്രമം സാങ്കേതികമായും സാമൂഹികമായും സ്വീകരിക്കപ്പെട്ടില്ല. പലയിടത്തും ജനം ഉറങ്ങിയെഴുന്നേൽക്കുമ്പോൾ പോലീസ് അകമ്പടിയോടെ റവന്യൂ ഉദ്യോഗസ്ഥർ മുറ്റത്ത് നിൽക്കുന്നതാണ് കണ്ടത്. അവരുടെ കൈവശം മഞ്ഞക്കുറ്റിയും. അടുക്കള തുറന്ന് കല്ലിടാൻ ശ്രമിച്ചത് ചെങ്ങന്നൂരിനടുത്ത് കൊഴുവല്ലൂരിലാണ്. കൈക്കുഞ്ഞുങ്ങളുമായിനിന്ന സ്ത്രീകളെ വലിച്ചിഴച്ച് ജീപ്പിലേറ്റി കൊണ്ടുപോയശേഷം മഞ്ഞക്കല്ലിടാൻ ശ്രമിച്ചത് ചങ്ങനാശ്ശേരിക്കുസമീപം മാടപ്പള്ളിയിലും. ഒരു പഠനവും നടത്താതെ പദ്ധതിക്കായി സർവേനടത്താനുള്ള ഉത്തരവിലൂടെ മരവിപ്പിക്കപ്പെട്ടത് 1221 ഹെക്ടർ ഭൂമി. 9314 വീടുകളും കെട്ടിടങ്ങളും ഇടിച്ചുനിരത്തി ഇരുപതിനായിരത്തോളം മനുഷ്യരെ കുടിയൊഴിപ്പിക്കുമെന്ന നിലയായി.
ജനം തള്ളി
-ഭൂസർവേ സംബന്ധിച്ച് 2021 ഓഗസ്റ്റ് 18, ഒക്ടോബർ 30 തീയതികളിൽ പുറത്തിറക്കിയ ഉത്തരവുകളുടെ പിൻബലത്തിൽ സ്വകാര്യഭൂമികളിലേക്ക് നോട്ടീസ് നൽകാതെ പ്രവേശിച്ചത്.
-സർവേയ്‌ക്കെന്നപേരിൽ പദ്ധതിക്കുള്ള ഏകദേശഭൂമി അതിരിടുകയായിരുന്നു ലക്ഷ്യം. മഞ്ഞക്കുറ്റികളുമായി ഉദ്യോഗസ്ഥർ വന്നത് വൻപോലീസ് അകമ്പടിയിലും. 14 വില്ലേജുകളിലായി 42.6 കിലോമീറ്റർ ദൂരത്തിൽ 1651 കല്ലുകളിട്ടു. ആ പ്രദേശങ്ങൾ യുദ്ധക്കളമായി. ജനങ്ങളും പ്രതിപക്ഷ പാർട്ടികളും ചേർന്ന് കല്ലുകൾ പിഴുതുമാറ്റി. കല്ലിടാൻ സർക്കാർ ശക്തമായി രംഗത്തുവന്നു.
-കോഴിക്കോട്ടുമാത്രം 2000-ത്തിലേറെ വീടുകൾ പൊളിക്കുകയും 12,000 പേർ കുടിയൊഴിക്കപ്പെടുകയുംചെയ്യുമെന്ന ആശങ്കയുണ്ടായി.
-ജനരോഷം നേരിടാൻ പോലീസ് വേട്ടതുടങ്ങി. ഉദ്യോഗസ്ഥരോട് സംശയംചോദിച്ചവർവരെ കേസുകളിൽ പ്രതികളായി. ആയിരക്കണക്കിനുപേർ കേസിൽപ്പെട്ടു. സ്ത്രീകളടക്കം ജയിലിലായി.
-വിജ്ഞാപനംകാരണം ഭൂമി മരവിപ്പിക്കപ്പെട്ടതോടെ ഇടപാടുകൾ മുടങ്ങി. അത്യാവശ്യ വായ്പകൾക്കുപോലും ഈടുപറ്റാതെ മനുഷ്യർ വലഞ്ഞു.
റെയിൽവേ തള്ളി
-സിൽവർലൈൻ സ്റ്റാൻഡേർഡ് ഗേജിലാണ്. റെയിൽവേ നിർദേശിച്ചത് ബ്രോഡ്‌ഗേജും. നിലവിലെ റെയിൽവേ പാളങ്ങളുമായി ചേർന്നുപോകാത്ത സിൽവർലൈനിന് അംഗീകാരം പറ്റില്ലെന്ന് റെയിൽവേ ബോർഡ് നിരീക്ഷിച്ചു.
-സിൽവർ ലൈൻ പാതയിൽ വളവുകൾ 200 എണ്ണം. 236 ഇടത്ത് കയറ്റിറക്കങ്ങളും.അർധഅതിവേഗ വണ്ടികൾ സുരക്ഷിതമല്ലെന്ന വിലയിരുത്തൽ.
-പാതയിലെ 200 വളവുകൾമാത്രം 194.3 കിലോമീറ്റർ വരും. മൊത്തം പാതയുടെ ദൂരത്തിന്റെ 36.7 ശതമാനം. വിശദപദ്ധതിരേഖ അസംബന്ധമെന്ന് റെയിൽവേ മുൻ ചീഫ് എൻജിനിയർ അലോക് കുമാർ വർമയെപ്പോലുള്ളവർ വിലയിരുത്തി.
-ഡി.പി.ആർ. പൊളിച്ചെഴുതണമെന്ന് റെയിൽവേ ബോർഡ് പറഞ്ഞു. പക്ഷേ, സ്റ്റാൻഡേഡ് ഗേജ് അടക്കമുള്ളവയിൽ തിരുത്തുപറ്റില്ലന്ന് കേരളം നിലപാടെടുത്തു. ഇതോടെ റെയിൽവേഭൂമി പങ്കിടാൻ പറ്റില്ലെന്ന് റെയിൽവേ അറിയിച്ചു.
-പദ്ധതിച്ചെലവ് 63,000 കോടിയെന്ന് ഡി.പി.ആർ. പറഞ്ഞു. എന്നാൽ, വിലയിരുത്തലിൽ ചെലവ് 1.25 ലക്ഷം കോടിയെന്ന് നീതി ആയോഗ് കണ്ടെത്തി.
പാരിസ്ഥിതിക ആഘാതം
പാതയ്ക്കായി ഭൂനിരപ്പിൽനിന്ന് ഉയർത്തുന്ന കൽക്കെട്ടിന് എട്ടുമുതൽ 18 മീറ്റർവരെ ഉയരംവരും. വർഷത്തിൽ എട്ടുമാസംവരെ ശക്തമായ മഴയുള്ള കേരളത്തിൽ ഇത് പ്രളയസാധ്യത കൂട്ടാമെന്ന് പരിസ്ഥിതിപ്രവർത്തകർ പറഞ്ഞു. കേരള ശാസ്ത്രസാഹിത്യ പരിഷത്തുവരെ ഇത്തരം പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി.
കെട്ടിയുയർത്തുന്ന ഭാഗം 292.73 കിലോമീറ്റർ വരും. മൊത്തം പാതയുടെ 55 ശതമാനം. ഇതോടെ, വെള്ളക്കെട്ട് ഒഴിയില്ലെന്ന നിലവരാം. ഇത്രയേറെ മണ്ണ് എവിടെനിന്നെന്ന ചോദ്യവും ബാക്കിയായി.
സിൽവർ ലൈൻ - നാൾവഴി
- 2018-ൽ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ, കേരളത്തിന് അർധ അതിവേഗപാത ആവശ്യമാണെന്നുകാണിച്ച് കേന്ദ്ര റെയിൽവേമന്ത്രാലയത്തിന് കത്തുനൽകി. സാധ്യതാറിപ്പോർട്ട് നൽകാൻ കേന്ദ്രനിർദേശം.
- 2018 ഡിസംബർ: കേരളം സാധ്യതാറിപ്പോർട്ട് കൊടുത്തു. സ്റ്റാൻഡേഡ് ഗേജ് പദ്ധതിയാണ് നിർദേശിച്ചത്. വിശദപഠനം നടത്താൻ നിർദേശം. പദ്ധതിക്ക് കേന്ദ്രത്തിന്റെ തത്ത്വത്തിലുള്ള അംഗീകാരം.
- 2019-ഡി.പി.ആർ. തയ്യാറാക്കാൻ തുടങ്ങി.
- 2020 ജൂൺ 17-ന് ഡി.പി.ആർ. കേന്ദ്രത്തിന് കൊടുത്തു. റെയിൽവേ പിഴവുകൾ ചൂണ്ടിക്കാട്ടി.
- 2021 ഓഗസ്റ്റ് 18-ന് ഭൂമിയേറ്റെടുക്കലിനും ഒക്ടോബർ 30-ന് സർവേയ്ക്കുമായി വിജ്ഞാപനം. ഭൂമി നഷ്ടപ്പെടുന്നവർക്ക് വിപണിവിലയുടെ നാലിരട്ടിവരെ നഷ്ടപരിഹാരമെന്ന് സർക്കാർ പ്രഖ്യാപനം.
- 2022 ജനുവരി: ഡി.പി.ആർ. നിയമസഭാസൈറ്റിൽ പ്രസിദ്ധീകരിച്ചു.
- 2022 മാർച്ച്: സർവേയ്ക്ക് മഞ്ഞക്കല്ലിടൽ ആരംഭിച്ചു. വ്യാപകപ്രതിഷേധം.
- 2022 മേയ്: മുളക്കുളം സ്വദേശി എം.ടി. തോമസ് നൽകിയ വിവരാവകാശ അപേക്ഷയിൽ നിതി ആയോഗ് റിപ്പോർട്ട് പുറത്ത്. പദ്ധതിച്ചെലവ് 1.25 ലക്ഷം കോടി വരുമെന്ന് വിലയിരുത്തൽ. സർക്കാർ പറഞ്ഞത് 63000 കോടി.
- 2022 ജൂൺ: പ്രതിഷേധങ്ങളെത്തുടർന്ന് സർവേ താത്കാലികമായി നിർത്തി. ഹൈക്കോടതി ഇടപെടൽ. പദ്ധതിക്ക് അനുമതി നൽകിയില്ലെന്ന് റെയിൽവേ കോടതിമുൻപാകെ അറിയിച്ചു.
- 2024 ജൂൺമുതൽ ഡിസംബർ വരെ-റെയിൽവേ ഭൂമി പങ്കിടാൻ സംയുക്ത ഭൂമിപരിശോധന.
- 2025 ജനുവരി: ചർച്ചയിൽ റെയിൽവേ ഭൂമി പങ്കിടൽ നിഷേധിച്ചു. നിലവിലെ പാതകളോടുചേർന്ന് അർധഅതിവേഗ പാതയ്ക്ക് ശ്രമിക്കാമെന്ന് റെയിൽവേ.
- 2025 ജൂൺ: കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി പിണറായി വിജയൻ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി കേന്ദ്രാനുമതി തേടി.
- 2025 ഡിസംബർ: സ്വതന്ത്ര അർധ അതിവേഗപാതതന്നെ വേണമെന്ന് കേരളം.
- 2026 ജനുവരി: സിൽവർലൈനിൽ ആശ നഷ്ടമായി കേരളം മറ്റ് പാതകൾക്ക് ശ്രമംതുടങ്ങി. ആർ.ആർ.ടി.എസ്. പരിഗണിക്കുന്നു.
- മേയിൽ ആർ.ആർ.ടി.എസ്. സാധ്യതാപഠനറിപ്പോർട്ട് കേന്ദ്രനഗരകാര്യമന്ത്രാലയത്തിന് നൽകി.
Content Highlights: SilverLine project officially abandoned in 2026 due to technical and social non-viability., Major discrepancies found between state-claimed costs (63k crore) and NITI Aayog estimates (1.25 lakh crore)., Severe social opposition due to mass displacement and police action against protesters., Railway Board rejected the project citing standard gauge incompatibility and dangerous track curvature., Shift in focus towards RRTS and alternative transit solutions by 2026.