സിൽവർലൈൻ: ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം ഇനിയും പിൻവലിച്ചില്ല; ബാങ്ക് വായ്പ ഉൾപ്പെടെ ഭൂമിയിൽ ഇടപാടുകൾ മരവിച്ചിട്ട് നാലുവർഷം

#കെ.ആർ. പ്രഹ്ലാദൻ
പ്രതീകാത്മക ചിത്രം | Mathrubhumi archives
പ്രതീകാത്മക ചിത്രം | Mathrubhumi archives

കോട്ടയം: സിൽവർലൈൻ പദ്ധതി സർക്കാർ ഉപേക്ഷിക്കുമ്പോഴും പദ്ധതിക്ക് ഭൂമിയേറ്റെടുക്കാൻ പുറപ്പെടുവിച്ച വിജ്ഞാപനം പിൻവലിക്കാത്തത് ഭൂവുടമകൾക്ക് ബാധ്യതയായി തുടരുന്നു. 1221 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി ഉദ്ദേശിച്ചത്. ഇതിനായി 2021 ഒാഗസ്റ്റ് 18-നും ഒക്ടോബർ 30-നും ഇറക്കിയ വിജ്ഞാപനം ഇനിയും റദ്ദായിട്ടില്ല. പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച മഞ്ഞക്കുറ്റി മിക്കതും ജനങ്ങൾ പിഴുതെറിഞ്ഞിരുന്നു. എങ്കിലും ബാങ്ക് വായ്പ ഉൾപ്പെടെ ഭൂമിക്കുമേൽ യാതൊരു ഇടപാടും ഉടമകൾക്ക് ഇപ്പോഴും സാധ്യമല്ല.

ഭൂമിയേറ്റെടുക്കൽ നടപടിയുമായി മുന്നോട്ടുപോകുന്നില്ലെന്നും വസ്തുവിന് ബാധ്യതയില്ലെന്ന് ധനകാര്യസ്ഥാപനങ്ങളെ അറിയിച്ചിട്ടുണ്ടെന്നും റവന്യൂവകുപ്പ് എൽഎ വിഭാഗം പറയുന്നു. വിജ്ഞാപനം പിൻവലിച്ചുള്ള തീരുമാനം വൈകാതെ വന്നേക്കുമെന്നും അവർ പറഞ്ഞു.

വിജ്ഞാപനം പിൻവലിക്കാത്തതിനാൽ അതിനു ഇപ്പോഴും സാധുതയുണ്ടെന്നും വായ്പയനുവദിക്കാൻ കഴിയില്ലെന്നും കോട്ടയം മാടപ്പള്ളിയിലെ സഹകരണബാങ്ക് അധികൃതർ അറിയിച്ചതായി പൊതുപ്രവർത്തകനായ ബാബു കുട്ടൻചിറ പറഞ്ഞു. വസ്തുസംബന്ധിച്ച് ഇനിയും വ്യക്തത വരുത്തിയിട്ടില്ലെന്ന് വിഷയത്തിൽ നിയമപ്പോരാട്ടം നടത്തിയ മുളക്കുളം എം.ടി. തോമസും പറയുന്നു.

60 കേസുകൾ ബാക്കി

സ്വന്തംഭൂമിയിൽ മഞ്ഞക്കുറ്റിയിടുന്നത് തടയുകയും പ്രതിഷേധിക്കുകയുംചെയ്ത സംഭവങ്ങളിൽ 60 കേസുകൾ ഇപ്പോഴും തുടരുകയാണ്. കോട്ടയം ജില്ലയിലെ മാടപ്പള്ളിയിൽമാത്രം 11 കേസുകൾ ഉണ്ട്. സർക്കാരുദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, കൂട്ടംചേർന്ന് കുഴപ്പമുണ്ടാക്കൽ, കോവിഡ് ചട്ടം ലംഘിക്കൽ, പോലീസിനെ ആക്രമിക്കൽ തുടങ്ങിയ പല വകുപ്പുകൾ ചേർത്താണ് കേസ്.

കോവിഡ് ചട്ടം ലംഘിക്കൽ കേസുകളിൽ ചിലത് എഴുതിത്തള്ളി. ചിലവയിൽ പിഴയടപ്പിച്ച് അവസാനിപ്പിച്ചു. കല്ല് നീക്കംചെയ്തതിന് ഒന്നിന് 5000 രൂപ പ്രകാരമാണ് പിഴയടപ്പിച്ചത്.

വീട്ടുമുറ്റത്ത് ഇറങ്ങിനിന്ന വീട്ടമ്മമാർവരെ കോടതി കയറിയിറങ്ങി നടക്കുകയാണെന്ന് സിൽവർലൈൻ വിരുദ്ധ ജനകീയസമിതി ജന. കൺവീനർ എസ്. രാജീവൻ പറഞ്ഞു. പലർക്കും ഇപ്പോഴും സമൻസ് വരുന്നുമുണ്ട്. കണ്ടാലറിയാവുന്നവർ എന്നപേരിൽ എടുക്കുന്ന കേസുകളിൽ പിന്നീട് പേരുചേർത്ത് സമൻസ് അയക്കുന്നുണ്ടെന്നും രാജീവൻ പറഞ്ഞു.

Content Highlights: Despite SilverLine project cancellation, land acquisition notifications remain, burdening Kerala landowners with property restrictions and ongoing legal battles