കാണാതായി ഏഴ് വർഷത്തിന് ശേഷം പരാതി; കല്ലറയിലേത് സിജോ സ്‌കറിയയുടെ മൃതദേഹമോ?

ഇരിട്ടി: ഇരിട്ടി വാണിയപ്പാറത്തട്ട് ഉണ്ണിമിശിഹാ പള്ളിസെമിത്തേരിയിലെ കല്ലറിയിൽ പായയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം വിലങ്ങാട് ഇന്ദിരാനഗർ സ്വദേശി ആലപ്പാട്ട് സ്‌കറിയയുടെ മകൻ സിജോ സ്‌കറിയയുടെ മൃതദേഹമാണെന്ന സംശയം വന്നതോടെ സിജോ സ്‌കറിയ തിരോധാനം ഒരിക്കൽ കൂടെ ചർച്ചയാവുകയാണ്. കല്ലറയിലേത് മൃതദേഹ അവശിഷ്ടങ്ങളാണോ എന്നത് വ്യക്തമാവാൻ ഡിഎൻഎ പരിശോധന അടക്കമുള്ള ശാസ്ത്രീയ അന്വേഷണത്തിലേക്ക് പോലീസ് പോകുമ്പോഴും അതിനപ്പുറം വർഷങ്ങൾക്ക് മുമ്പുള്ള ഒരു തിരോധാന കേസ് കൂടി വെളിച്ചം കാണുമെന്ന പ്രതീക്ഷയിലാണ് സിജോയുടെ ബന്ധുക്കളും നാട്ടുകാരും.
ഇത് സംബന്ധിച്ച് അന്വേഷണം നടത്താൻ ബന്ധുക്കളുടെ ആവശ്യപ്രകാരം കോഴിക്കോട്, കണ്ണൂർ റൂറൽ എസ്.പിമാർക്ക് ഡിജിപി നിർദേശം നൽകിയിട്ടുമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വരും ദിവസങ്ങളിൽ തന്നെ കല്ലറ തുറക്കുന്നതടക്കമുള്ള പരിശോധനയിലേക്കാവും പോലീസ് പോവുക.
2014-ൽ ആണ് സിജോയെ കാണാതാവുന്നത്. തുടർന്ന് ഏഴ് വർഷത്തിന് ശേഷമായിരുന്നു ഇത് സംബന്ധിച്ച് കുറ്റ്യാടി പോലസിൽ കുടുംബം പരാതി നൽകുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പല അന്വേഷണങ്ങളും നടത്തിയെങ്കിലും എല്ലാം വഴിമുട്ടുകയായിരുന്നു.
2014 അവസാനത്തോടെ സിജോ സ്വന്തം അച്ഛനും അമ്മയുമായി പിണങ്ങി ഭാര്യയേയും കുഞ്ഞിനെയും കൂട്ടി വാണിയപ്പാറ തട്ടിലുള്ള ഭാര്യ വീട്ടിലേക്ക് താമസം മാറ്റി. അതിന് ശേഷം സ്വന്തം കുടുംബക്കാരുമായി സിജോ ബന്ധപ്പെട്ടിരുന്നില്ല. 2015-ൽ ആണ് കാണാതാവുന്നത്. ഒരു ദിവസം ഭാര്യവീട്ടിൽ നിന്ന് പുറത്തുപോയ സിജോ പിന്നീട് തിരിച്ചുവന്നില്ല. അന്ന് രാത്രി ബന്ധപ്പെട്ടപ്പോൾ പിറ്റേദിവസം എത്തുമെന്നാണ് അറിയിച്ചതെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. സ്വന്തം വീട്ടിലാണെന്ന് ഭാര്യവീട്ടുകാരും ഭാര്യവീട്ടിലാണെന്ന് സ്വന്തം വീട്ടുകാരും കരുതിയതിനാലാണ് പരാതി നൽകാൻ വൈകിയതെന്നാണ് ബന്ധുക്കൾ പോലീസിന് മൊഴി നൽകിയത്.
സിജോയുടെ ബന്ധുക്കളിൽ ചിലർ വാണിയമ്പാറയിലെത്തിയതോടെ രണ്ട് വീട്ടിലും സിജോ ഇല്ലെന്ന വിവരവും ലഭിച്ചു. ഇതേ തുടർന്നായിരുന്നു 2021-ൽ കുറ്റ്യാടി പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ചില അജ്ഞാത മൃതദേഹങ്ങളുമായി സിജോയുടെ ബന്ധുക്കളുടെ ഡിഎൻഎ പരിശോധിച്ചിരുന്നു. പക്ഷെ ഒരു തെളിവും ലഭിച്ചില്ല. ഇതോടെ കേസ് പാതി വഴിയിലാവുകയും ചെയ്തു. ഇതിന് ശേഷം വർഷങ്ങൾക്കിപ്പുറമാണ് സെമിത്തേരിയിലെ കല്ലറയിൽ പായയിൽ കെട്ടിയ നിലയിൽ കണ്ട മൃതദേഹം സിജോയുടെതാണോയെന്ന സംശയം ബന്ധുക്കൾ ഉന്നയിക്കുന്നത്.
Content Highlights: Police initiate scientific investigation into remains found at Iritty cemetery, sparking hope in the 2015 Sijo Scaria disappearance case.