സിമാറ്റിലെ വിവാദ നിയമനം: ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ രാജിവെച്ചു

#ന്യൂസ് ഡെസ്ക്
ബി.ആർ.എം. ഷഫീർ | Photo: facebook.com/AdvBrmShafeerOffical
ബി.ആർ.എം. ഷഫീർ | Photo: facebook.com/AdvBrmShafeerOffical

തിരുവനന്തപുരം: സിമാറ്റ് നിയമന വിവാദങ്ങൾക്കൊടുവിൽ കെപിസിസി ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീർ ജോലി രാജിവെച്ചു. സംസ്ഥാന വിദ്യാഭ്യാസ ഭരണ പരിശീലന ഗവേഷണ കേന്ദ്രത്തിലെ (സിമാറ്റ് - SIEMAT) റിസർച്ച് ഓഫീസർ തസ്തികയിൽ നിന്നാണ് ഇവർ രാജിവെച്ചത്. വെള്ളിയാഴ്ചയാണ് രാജിക്കത്ത് സ്ഥാപന മേധാവിക്ക് കൈമാറിയത്. പൊതു നോട്ടിഫിക്കേഷനോ കൃത്യമായ മാനദണ്ഡങ്ങളോ ഇല്ലാതെ, ബയോഡേറ്റ മാത്രം നൽകിയാണ് കരാർ അടിസ്ഥാനത്തിലുള്ള ഈ ജോലിയിൽ പ്രവേശിച്ചതെന്ന ആരോപണമാണ് ഉയർന്നത്.

കൃത്യമായ അറിയിപ്പുകളോ പരസ്യമോ ഇല്ലാതെ നടത്തിയ ഇന്റർവ്യൂവിനെക്കുറിച്ച് ഇവർ എങ്ങനെ അറിഞ്ഞു എന്ന ചോദ്യം ഉയർന്നിരുന്നു.

ഇത്തരം ഒഴിവുകളിൽ പൊതുവേ നോട്ടിഫിക്കേഷൻ നൽകാറില്ലെന്നും, ഒഴിവു വന്ന വിവരം ഷാനി ഷഫീർ എങ്ങനെ അറിഞ്ഞു എന്ന് തനിക്കറിയില്ലെന്നുമായിരുന്നു ഇതിൽ സിമാറ്റ് ഡയറക്ടറുടെ പ്രതികരണം. അതിനുപിന്നാലെ ഇവരുടെ പിഎച്ച്ഡി യോഗ്യതയുമായി ബന്ധപ്പെട്ട വിവാദങ്ങളും ഉയർന്നുവന്നു. റിസർച്ച് ഓഫീസർക്ക് വേണ്ട പി.എച്ച്.ഡി യോഗ്യത ഷാനിക്ക് ഇല്ലെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു.

നിയമന വിവാദത്തിൽ ബി.ആർ.എം. ഷഫീറിനെതിരെയും കടുത്ത വിമർശനങ്ങളാണ് ഉയർന്നത്. എൻജിഒ അസോസിയേഷൻ വേദിയിലടക്കം പാർട്ടി ബന്ധങ്ങൾ ഉപയോഗിച്ച് ആർക്കും ജോലിയോ സ്ഥലമാറ്റമോ തരപ്പെടുത്തി നൽകില്ല എന്ന് മുമ്പ് നിലപാടെടുത്ത് കയ്യടി നേടിയ ഷഫീറിന്, സ്വന്തം ഭാര്യയുടെ നിയമനക്കാര്യത്തിൽ കടുത്ത പ്രതിരോധത്തിലാകേണ്ടി വന്നു. വിവാദങ്ങൾ ശക്തമായതോടെയാണ് ഒടുവിൽ ഷാനി രാജി സമർപ്പിച്ചത്.

Content Highlights: Shani Shafeer resigns from Siemat Kerala amid allegations of improper hiring practices and lack of required qualifications for the research officer position.