പ്രായപൂർത്തിയാകാത്ത സഹോദരൻ ബൈക്കോടിച്ചെന്ന് യുവതിക്കെതിരേ കള്ളക്കേസ്; വിദ്യാനഗർ SI-യെ സ്ഥലംമാറ്റി

#ന്യൂസ് ഡെസ്ക്ക്
സിസിടിവി ദൃശ്യം
സിസിടിവി ദൃശ്യം

വിദ്യാനഗർ (കാസർകോട്): പ്രായപൂർത്തിയാകാത്ത സഹോദരൻ സ്‌കൂട്ടർ ഓടിച്ചെന്ന പേരിൽ യുവതിയുടെ പേരിൽ കേസെടുത്ത എസ്ഐയെ സ്ഥലംമാറ്റി. വിദ്യാനഗർ എസ്ഐ എസ്. അനുരൂപിനെയാണ് ക്രമസമാധാനചുമതലയിൽനിന്ന് കാസർകോട് സൈബർ സെല്ലിലേക്ക് മാറ്റിയത്. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്‌പിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി വൈ.ബി. വിജയ ഭരത് റെഡ്ഡിയുടെതാണ് നടപടി.

കൊല്ലം സ്വദേശിയായ അനുരൂപ് ഒരുമാസം മുമ്പാണ് ഫറോക്കിൽനിന്ന് വിദ്യാനഗറിലെത്തിയത്. ചെർക്കള ടൗണിൽ ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. മേനങ്കോട് സ്വദേശിനി മാജിദയ്ക്കെതിരേയാണ് പോലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത സഹോദരൻ സ്‌കൂട്ടർ ഓടിച്ചെന്ന് ആരോപിച്ചാണ് കേസെടുത്തത്. സിസിടിവി ദൃശ്യങ്ങളിൽ സഹോദരൻ സ്‌കൂട്ടർ ഓടിച്ചിട്ടില്ലെന്നും മാജിദയാണ് ഓടിച്ചതെന്നും വ്യക്തമായിരുന്നു.

പ്രായപൂർത്തിയാകാത്ത സഹോദരനെ പിന്നിലിരുത്തി മാജിദയാണ് സ്‌കൂട്ടർ ഓടിച്ചത്. ചെർക്കള ടൗണിൽ സ്‌കൂട്ടർ നിർത്തിയശേഷം മാജിദയും സഹോദരനും നടന്നുപോകുന്നതും ദൃശ്യത്തിലുണ്ട്. തുടർന്ന് സഹോദരൻ മാത്രം വന്ന് സ്‌കൂട്ടറിനടുത്ത് നിൽക്കുമ്പോഴാണ് അതുവഴി വന്ന പോലീസ് വാഹനം നിർത്തുന്നത്. പ്രായപൂർത്തിയാകാത്ത ആൾ സ്‌കൂട്ടർ ഓടിച്ചെന്ന് ആരോപിച്ചാണ് ഉടമയായ മാജിദയ്ക്കെതിരേ കേസെടുത്തത്. വണ്ടിയോടിച്ചത് താനാണെന്ന് മാജിദ ആവർത്തിച്ച്‌ പറഞ്ഞിട്ടും എസ്ഐ അംഗീകരിച്ചില്ല.

യുവതിക്കെതിരേ പോലീസ് കള്ളക്കേസെടുത്തതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചു. നേരിൽക്കണ്ട് ബോധ്യപ്പെടാതെയുള്ള പോലീസ് നടപടി പ്രതിഷേധത്തിനിടയാക്കിയതിനൊപ്പം പോലീസ് സേനയ്ക്കും നാണക്കേടുണ്ടാക്കി. സംഭവത്തെക്കുറിച്ച് മാജിദ ജില്ലാ പോലീസ് മേധാവിക്കുൾപ്പെടെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണവും നടപടിയും.

Content Highlights: Kerala SI Transferred Following Wrongful Case Against Woman for Brother's Scooter Ride